മുനിസിപ്പാലിറ്റിയുടെ ‘സ്ട്രാറ്റജി 2024-2030’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
text_fieldsദോഹ: മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ 2024-2030 കാലയളവിലേക്കുള്ള സ്ട്രാറ്റജി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ഉദ്ഘാടനം ചെയ്തു. പുതുതായി രൂപകൽപന ചെയ്ത ഹിമ്മ ആപ്ലിക്കേഷന്റെ പ്രഖ്യാപനം ചടങ്ങിൽ നിർവഹിക്കപ്പെട്ടു.
ദേശീയ വികസന ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ സ്ട്രാറ്റജിയെന്നും സേവനങ്ങളിലെ മികവും ഡിജിറ്റൽ കാര്യക്ഷമതയും, ഭക്ഷ്യസുരക്ഷയും ജീവിതനിലവാരവും വർധിപ്പിക്കാനാണ് മന്ത്രാലയത്തിന്റെ പുതിയ സ്ട്രാറ്റജി ഊന്നൽ നൽകുന്നതെന്നും മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ പറഞ്ഞു. ഡിജിറ്റൽവത്കരണത്തിനായുള്ള സമഗ്രപദ്ധതി തുടരുമെന്നും ഇതിനായി നിർമിതബുദ്ധി സാങ്കേതികവിദ്യയെ ആശ്രയിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കാലാവസ്ഥ വ്യതിയാനം, കാർഷിക മേഖലയിലെ വെല്ലുവിളികൾ, ആഗോള ഭൗമരാഷ്ട്രീയ സാഹചര്യം എന്നിവയുടെ പശ്ചാത്തലത്തിൽ കാര്യക്ഷമത ഉറപ്പുവരുത്താനും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് മന്ത്രാലയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് പുതിയ ഹരിത മേഖലകളും പച്ചപ്പുകളും പാർക്കുകളും വർധിപ്പിക്കാനും പൊതു സൗകര്യങ്ങളും ബീച്ചുകളും വികസിപ്പിക്കാനും പുതിയ സ്ട്രാറ്റജി ലക്ഷ്യമിടുന്നുവെന്നും വ്യക്തമാക്കിയ മന്ത്രി സമഗ്ര മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പൂർവാധികം ശക്തിയോടെ മുന്നോട്ട് കൊണ്ടുപോകുമെന്ന് അറിയിച്ചു. പുതിയ സ്ട്രാറ്റജിയുടെ ഘട്ടങ്ങളും അത് ശ്രദ്ധ കേന്ദ്രീകരിക്കുന്ന മേഖലകളുമടങ്ങുന്ന വിഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.