ഹൃദയബന്ധം ദൃഢമാക്കാം
text_fieldsഡോ. സുകുമാരൻ (എം.ബി.ബി.എസ്, എം.ഡി- ഡയബറ്റിക് സ്പെഷ്യലിസ്റ്റ്)
'ലോകത്ത് ഏറ്റവും മനോഹരമായ വസ്തുക്കൾ കാണാനോ തൊടാനോ കഴിയില്ല. അത് ഹൃദയം കൊണ്ട് അനുഭവിച്ചറിയണം' -ഹെലൻ കെല്ലറുടെ വാക്കുകളാണിത്. മനുഷ്യശരീരത്തിൽ ഏറ്റവും അമൂല്യമായ അവയവം. അതുകൊണ്ടുതന്നെയാണ് ഈ വർഷത്തെ ലോക ഹൃദയദിന വാക്യമായി 'യൂസ് ഹാർട്ട് ടു കണക്റ്റ്' എന്നതിനെ തിരഞ്ഞെടുത്തത്. ഹൃദയംകൊണ്ട് ബന്ധിപ്പിക്കുക.
അണുവിട നേരം നിലക്കാതെ മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തിന് അത്രമേൽ കാര്യങ്ങളുണ്ട് ചെയ്തുതീർക്കാൻ. ചെറിയ പോറൽപോലും ഹൃദയത്തെ തളർത്തും. തളരാതെ മിടിച്ചുകൊണ്ടിരിക്കാൻ ഹൃദയത്തിന് കരുത്തും കരുതലുമാകണമെന്നാണ് ഓരോ ഹൃദയ ദിനവും നമ്മെ ഓർമിപ്പിക്കുന്നത്. നിർഭാഗ്യകാരമെന്നു പറയട്ടെ, ലോകത്ത് സംഭവിക്കുന്ന മരണങ്ങളിൽ ഏറിയപങ്കും ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമാണ്.
ഒരുകാലത്ത് 40 വയസ്സിനു മുകളിലുള്ളവർക്കാണ് ഹൃദയാഘാതം വന്നിരുന്നെതങ്കിൽ, ഇന്നത് 18 വയസ്സിനു താഴെയുള്ളവരിൽപോലുമെത്തി. ജീവിതശൈലി തന്നെയാണ് പ്രധാന വില്ലൻ. അമിതവണ്ണം, ഉയർന്ന രക്തസമ്മർദം, പുകവലി, അമിതമായ കൊളസ്‌ട്രോൾ, പ്രമേഹം, സമ്മർദം എന്നിവയെല്ലാം ഹൃദയാഘാതത്തിലേക്ക് നയിക്കും.
ഹൃദയത്തെ പൂർണ ആരോഗ്യത്തോടെ സംരക്ഷിക്കേണ്ട മഹാമാരിക്കാലമാണിത്. കോവിഡ് മൂലമുള്ള മരണസാധ്യത രണ്ടു ശതമാനത്തിൽ താഴെയാണെങ്കിൽ ഹൃദ്രോഗികളിൽ അത് 10.5 ശതമാനമാണ്. കൊറോണ വൈറസ് രണ്ടുരീതിയിൽ ഹൃദ്രോഗത്തെ തീവ്രമാക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. നിലവിൽ ഹൃദ്രോഗികളുടെ രോഗാവസ്ഥ മൂർഛിപ്പിച്ച് ഹൃദയാഘാതം, ഹൃദയസ്തംഭനം, കാർഡിയോ ജനിറ്റിക് ഷോക്ക് തുടങ്ങിയ ഗുരുതരാവസ്ഥയിലേക്ക് തള്ളിവിടുന്നു. മറ്റൊന്ന് ഹൃദയസംബന്ധമായ ഒരു അസുഖവുമില്ലാത്തവരിലും ഹൃദ്രോഗങ്ങൾ ഉടലെടുക്കുന്നു എന്നതാണ്.
പുകവലി, മദ്യസേവ, അമിത കൊഴുപ്പ്, പ്രമേഹം, അമിതവണ്ണം, വ്യായാമക്കുറവ്, സമ്മർദം എന്നിവ സമുചിതമായി നിയന്ത്രിക്കുന്നതിലൂടെ ഒരു പരിധിവരെ നമുക്ക് ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാനാവും. ഈ മഹാമാരിക്കാലം ഇനിയും എത്രനാൾ നീളുമെന്നറിയില്ല. കോവിഡിനെ മനുഷ്യൻ തുരത്തുന്നതുവരെ കരുതലോടെ, കരുത്തോടെ നമുക്ക് ചെറുത്തുനിൽക്കാം. ഒപ്പം, ഹൃദ്രോഗികളെ ഹൃദയപൂർവം ചേർത്തുപിടിക്കാം. കോവിഡിനെതിരെ ജയിച്ചാലും ഹൃദയത്തോടുള്ള കരുതൽ തുടരുകതന്നെ വേണം. ഹൃദയം കൊണ്ടുള്ള ബന്ധങ്ങൾ ദൃഢമാക്കാം. ആരോഗ്യത്തോടെ ജീവിതത്തെ സ്നേഹിക്കാം.
(ഫോക്കസ് മെഡിക്കൽ സെൻറർ ഇേൻറണൽ മെഡിസിൻ സ്പെഷ്യലിസ്റ്റാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.