ധ്യാനം പോലൊരു കല; നൂലിൽ തെളിഞ്ഞത് അമീറിന്റെ ചിത്രം
text_fieldsദോഹ: ഒരു മീറ്റർ നീളവും ഒരു മീറ്റർ വീതിയുമുള്ള കാൻവാസിൽ സമചതുരാകൃതിയിൽ പതിച്ച 320 ചെറു ആണികൾ. അവയെ കോണോടു കോണായും, കാൻവാസിന് കുറുകെയും വിലങ്ങനെയുമായും ചേർത്തുകൊണ്ട് നാലായിരത്തിലേറെ ലൈനുകളിൽ അഞ്ച് കിലോമീറ്റർ നൂൽ. അഞ്ചു ദിവസത്തിലേറെ നീണ്ട കഠിനശ്രമത്തിലൂടെ ധ്യാൻ ശ്രീജിത്ത് എന്ന ലയോള ഇന്റർനാഷനൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി കാൻവാസിൽ വരച്ചിടുന്നത് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മനോഹര ചിത്രമാണ്. അമീറിന്റെ ജന്മദിനം കൂടിയായ ജൂൺ മൂന്നിന് മുമ്പ് ചിത്രം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ധ്യാൻ നടത്തിയ പരിശ്രമമാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്.
ഈ വർഷം ജനുവരിയിൽ ഖത്തറിൽ പ്രവാസിയായെത്തിയ ധ്യാൻ, സ്കൂളിൽനിന്നുള്ള ആക്ടിവിറ്റികളുടെ ഭാഗമായാണ് വേറിട്ട ഒരു പരീക്ഷണത്തിനൊരുങ്ങിയത്. സഹപാഠികൾ പെയിന്റിങ്ങുകളും മറ്റ് വർക് മോഡലുകളും ചെയ്തപ്പോൾ ധ്യാൻ വേറിട്ടൊരു പരീക്ഷണത്തിനുതന്നെ മുതിർന്നു. അങ്ങനെയാണ്, നൂലിൽ അമീറിന്റെ ചിത്രം തീർക്കുക എന്ന തീരുമാനത്തിലെത്തിയത്. ജൂൺ മൂന്നിന്, അമീറിന്റെ ജമന്മദിനത്തിന് മുമ്പ് ചിത്രം പൂർത്തിയാക്കുക എന്ന ലക്ഷ്യവുമായി കാൻവാസും നൂലും ഉൾപ്പെടെ അവശ്യ വസ്തുക്കൾ വാങ്ങിക്കുമ്പോൾ മുന്നിലുണ്ടായിരുന്നത് ദിവസങ്ങൾ മാത്രം. അങ്ങനെ, കഴിഞ്ഞ തിങ്കളാഴ്ച മുതൽ പണിതുടങ്ങി. ദിവസവും ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയായിരുന്നു തന്റെ കലാസൃഷ്ടി ആരംഭിച്ചത്. ദിവസവും നാല് മുതൽ അഞ്ചു മണിക്കൂർ വരെ ചെലവഴിക്കും. അങ്ങനെ, അഞ്ചു ദിവസത്തോളം നീണ്ട പരിശ്രമം ശനിയാഴ്ചയോടെ പൂർത്തിയാക്കുകയായിരുന്നു.
സമചതുരാകൃതിയിലുള്ള കാൻവാസിൽ വെളുത്ത പെയിന്റ് ചെയ്തുകൊണ്ടായിരുന്നു തുടക്കം. ശേഷം, ചുറ്റിലും 320ഓളം ആണികൾ പതിച്ചു. അവിടെ നിന്ന്, അമീറിന്റെ ചിത്രം മനസ്സിൽ കുറിച്ച് ഒരോ നൂലും ആണികളിൽ കെട്ടിയാണ് നെയ്തെടുത്തത്. നൂലിഴ വ്യത്യാസമില്ലാത്ത കണക്കും, കണക്കുകൂട്ടലുമുണ്ട് ഈ കലാസൃഷ്ടിക്ക് പിന്നിൽ. ഒറ്റവാക്കിൽ അതിമനോഹരം, അമീറിന്റെ ജീവൻ തുടിക്കുന്ന ദൃശ്യം. ഇനി, ഈ ചിത്രം ഖത്തരി അധികൃതരുടെ ശ്രദ്ധയിലെത്തിക്കാൻ കഴിഞ്ഞാൽ തനിക്ക് ഏറെ സന്തോഷമായെന്ന് ഏഴാം ക്ലാസുകാരൻ പറയുന്നു.
റൂബിക് ക്യൂബ് അതിവേഗത്തിൽ പാറ്റേൺ ചെയ്യുന്നതിൽ മിടുക്കനായ ധ്യാൻ ശ്രീജിത്ത് കഴിഞ്ഞ വർഷമാണ് നൂലിലെ ചിത്രരചന പിന്തുടരുന്നത്. പ്രശസ്ത പിന്നണി ഗായിക കെ.എസ്. ചിത്രയുടെ നൂൽചിത്രം തീർത്തായിരുന്നു ആദ്യ പരീക്ഷണം. യൂട്യൂബ് ചാനലിൽ കണ്ടുപഠിച്ചു നടത്തിയ ആദ്യ പരീക്ഷണം പാളിയെങ്കിലും ധ്യാൻ വിട്ടില്ല. വീണ്ടും വീണ്ടും ചെയ്ത്, ചിത്രയുടെ മനോഹര ചിത്രം തീർത്തു. മാള ഹോളി ഗ്രേസ് വിദ്യാർഥിയായിരിക്കെ ചെയ്ത വർക്ക് ധ്യാനിനെ നാട്ടിലെ താരമാക്കി.
കഴിഞ്ഞ ജനുവരിയിൽ കുടുംബത്തിനൊപ്പം ഖത്തറിലേക്ക് മാറിയതോടെ ഇവിടെയും തുടരുകയായിരുന്നു. നൂലിൽ ചിത്രങ്ങൾ തീർക്കുന്ന വിദ്യ സ്വപ്രയത്നത്തിലൂടെയാണ് ധ്യാൻ നേടിയെടുത്തത്. ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശിയായ പിതാവ് ശ്രീജിത്ത് എൻ.എസും മാതാവ് ലക്ഷ്മിയും മകന്റെ കലാപ്രകടനങ്ങൾക്ക് പൂർണ പിന്തുണയുമായുണ്ട്. യു.കെ.ജി വിദ്യാർഥിനയായ ഡിവോറയാണ് സഹോദരി. റൂബിക് ക്യൂബിലെ സങ്കീർണതകൾ അതിവേഗത്തിൽ പരിഹരിച്ച് ഇന്ത്യ ബുക്ക്, ഇന്റർനാഷനൽ ബുക്ക് ഉൾപ്പെടെ നാല് റെക്കോഡ് സർട്ടിഫിക്കറ്റുകളും ധ്യാനിന്റെ പേരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.