മനുഷ്യക്കടത്തിനെതിരെ ഊർജിത ശ്രമങ്ങളെന്ന് ഖത്തർ തൊഴിൽ മന്ത്രി
text_fieldsദോഹ: മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിന് ഭരണകൂടം എല്ലാ ഇടപെടലുകളും നടത്തുന്നതായി ഖത്തർ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സിമൈഖ് അൽ മർറി അറിയിച്ചു. മിഡിലീസ്റ്റിലെ മനുഷ്യക്കടത്ത് തടയുന്നതിന് ഒമാനിൽ നടന്ന ഗവ. ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചാം സെഷനിൽ ഖത്തരി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകിയത് മനുഷ്യക്കടത്തിനെതിരായ ഖത്തർ ദേശീയ സമിതി അധ്യക്ഷൻ കൂടിയായ ഡോ. അലി സിമൈഖ് അൽ മർറിയാണ്. തൊഴിൽ നിയമ നിർമാണങ്ങളിലൂടെയും നിയമ നടപടികളിലൂടെയും മനുഷ്യക്കടത്തിനെ തടയുകയെന്ന സന്ദേശവുമായി ജി.സി.സി രാജ്യങ്ങളിലെ പ്രതിനിധികൾക്ക് പുറമെ ജോർഡൻ, ഈജിപ്ത്, അമേരിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉന്നതതല സംഘവും യു.എൻ ഓഫിസ് ഓൺ ഡ്രഗ്സ് ആൻഡ് ക്രൈം പ്രതിനിധികളും പങ്കെടുത്തു.
ദേശീയ കേഡർമാരുടെയും നിയമ നിർവഹണ ഉദ്യോഗസ്ഥരുടെയും പരിശീലനങ്ങൾക്കും അവരുടെ ശേഷി വർധിപ്പിക്കുന്നതിനും പുറമെ, മനുഷ്യക്കടത്ത് നിരീക്ഷിക്കുന്നതിനും തടയുന്നതിനുമായി വിവിധ ഏജൻസികളുമായി സഹകരിച്ചും ഖത്തറിലെ മനുഷ്യക്കടത്തിനെതിരായ ദേശീയസമിതി പ്രവർത്തിക്കുന്നതായി ഉദ്ഘാടന സെഷനിൽ അലി അൽ മർറി കൂട്ടിച്ചേർത്തു. സമൂഹത്തിൽ മനുഷ്യക്കടത്തിനെതിരായ അവബോധം വളർത്തുന്നതിനും തൊഴിൽ പരിശോധനയുടെ പങ്ക് സജീവമാക്കുന്നതിനും നിരവധി സംരംഭങ്ങൾ മന്ത്രാലയത്തിന് കീഴിൽ രാജ്യത്ത് നടപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തിനകത്തും പുറത്തുമായി തൊഴിൽ ചൂഷണത്തിന് കാരണമായേക്കാവുന്ന സമ്പ്രദായങ്ങൾ തിരിച്ചറിയൽ, അവ തടയുന്ന നിയമനിർമാണത്തിന് പ്രത്യേക പരിഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യക്കടത്ത് ആഗോള പ്രതിസന്ധിയായി മാറിയെന്നും എല്ലാ സമൂഹങ്ങൾക്കും അത് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യക്കടത്തിനെതിരായ പോരാട്ടങ്ങളും അവയെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളും തൊഴിൽ അന്തരീക്ഷത്തിലെ മനുഷ്യക്കടത്തിന്റെ രൂപങ്ങളും ഫോറത്തിൽ ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.