ലഹരിക്കെതിരെ ശക്തമായ നിയമ നടപടികളും ജാഗ്രതയും അനിവാര്യം -പ്രവാസി വെൽഫെയർ
text_fieldsപ്രവാസി വെൽഫെയർ യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ സംസാരിക്കുന്നു
ദോഹ: സംസ്ഥാനത്തെ വ്യാപക ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും ഭയം ഉളവാക്കുന്നതാണെന്നും ലഹരി വ്യാപനത്തെ പ്രതിരോധിക്കാൻ ശക്തമായ നിയമ നടപടികളും ജാഗ്രതയും അനിവാര്യമാണെന്നും പ്രവാസി വെൽഫെയർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പിടികൂടുന്നവർക്ക് സ്റ്റേഷൻ ജാമ്യം അനുവദിക്കുന്നതും പ്രതികളെ സംരക്ഷിക്കുന്ന വിധം ബാഹ്യ ഇടപെടലുകൾ ഉണ്ടാകുന്നതും ലഹരി നിയമ നടപടികളെ ദുർബലമാകുന്നു. ലഹരി വസ്തുക്കൾ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കേണ്ട എക്സൈസ് വകുപ്പിൽ വേണ്ടത്ര ജീവനക്കാരില്ലാത്തതും മറ്റും പ്രായോഗികമായ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈ കാര്യങ്ങളിൽ ഇടപെടാൻ സർക്കാർ തയാറായിട്ടില്ല.
ലഹരി ഉപയോഗത്തിന്റെ ദുഷ്ഫലങ്ങൾ ഏറ്റവും കൂടുതൽ ആശങ്കയിൽ ആഴ്ത്തിയിരിക്കുന്നത് പ്രവാസികളെയാണ്. കൗമാര പ്രായത്തിലുള്ള പ്രവാസി മാതാപിതാക്കളുടെ മക്കൾ പലപ്പോഴും ഹോസ്റ്റലുകളിലും ബന്ധു വീടുകളിലും വളരേണ്ട സാഹചര്യമുണ്ട്. അവരെ ലഹരി അടിമകളാക്കാൻ എളുപ്പമാണ് എന്ന ചിന്ത വ്യാപകമാണ്. വിദേശ രാജ്യത്തേക്ക് വരുന്നവരെ മനഃപൂർവം കുടുക്കുന്ന ലഹരിക്കടത്ത് തടയണം.
ഇതിനായി നാട്ടിലെ എയർപോർട്ടുകളിൽ പരിശോധന കർശനമാക്കുകയും നാട്ടിൽനിന്നുതന്നെ നിയമ നടപടി എടുക്കാനുള്ള സംവിധാനവും ഉണ്ടാകണം. പ്രവാസി വെൽഫെയർ ഈ വിഷയത്തിൽ സക്രിയമായി ഇടപെടാനും ശക്തമായ കാമ്പയിൻ ആവിഷ്കരിക്കാനും തീരുമാനിച്ചു.
ഈദ് ദിനത്തിൽ പ്രവാസി മലയാളികൾക്കിടയിൽ ലഹരി വിരുദ്ധ സന്ദേശം എത്തിക്കുകയും ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന കുട്ടികളില് ശക്തമായ ബോധവത്കരണം നടത്തുകയും ചെയ്യും. പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ അനീസ് റഹ്മാൻ, റഷീദലി, സാദിഖലി സി, മജീദലി, നജ്ല നജീബ്, ജനറൽ സെക്രട്ടറിമാരായ ഷാഫി മൂഴിക്കൽ, അഹമ്മദ് ഷാഫി തുടങ്ങിയവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.