അഫ്ഗാൻ അഭയാർഥികൾക്ക് പഠനോപകരണങ്ങളുമായി വിദ്യാർഥികൾ
text_fieldsദോഹ: ഖത്തറിലെ അഫ്ഗാൻ അഭയാർഥികൾക്ക് സഹായഹസ്തവുമായി ഖത്തർ ഫൗണ്ടേഷൻ വിദ്യാർഥികൾ. ദോഹയിലെ ഖത്തർ അക്കാദമിയിൽനിന്നുള്ള വിദ്യാർഥികളാണ് അഫ്ഗാൻ അഭയാർഥികളായ കുട്ടികൾക്ക് പുസ്തകങ്ങളും പഠനോപകരണങ്ങളും നൽകിയത്.
ഖത്തർ ഫൗണ്ടേഷൻ പ്രീ യൂനിവേഴ്സിറ്റി എജുക്കേഷെൻറ ഭാഗമായ ഖത്തർ അക്കാദമി ദോഹയിൽനിന്നുള്ള അഞ്ചാം തരം വിദ്യാർഥികളാണ് അഫ്ഗാൻ വിദ്യാർഥികൾക്ക് കത്തുകളും പഠനോപകരണങ്ങളുമായി മാനവികത ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സഹായഹസ്തം നീട്ടിയിരിക്കുന്നത്. നമുക്ക് അധികമുള്ളത് പ്രയാസമനുഭവിക്കുന്ന സഹോദരങ്ങളുമായി പങ്കുവെക്കണമെന്നും അതവർക്ക് സന്തോഷം നൽകുന്നതോടൊപ്പം അവരുടെ വേദന അകറ്റുമെന്നും അക്കാദമിയിൽനിന്നുള്ള 11കാരനായ മുഹമ്മദ് ബിൻ ജാസിം ആൽഥാനി പറയുന്നു.
ബാഗുകളും സ്കൂൾ ഉപകരണങ്ങളും കളിപ്പാട്ടങ്ങളുമാണ് അഭയാർഥികൾക്കായി നൽകിയിരിക്കുന്നത്.
രാജ്യത്തെ എല്ലാവരും ഈ സംരംഭത്തിലേക്ക് സഹായമെത്തിക്കണമെന്നും ഇതിൽ പങ്കാളികളാകണമെന്നുമാണ് ആവശ്യപ്പെടാനുള്ളതെന്നും ഖത്തർ അക്കാദമി അംഗമായതിൽ ഏറെ സന്തോഷിക്കുന്നതായും 11കാരൻ വ്യക്തമാക്കി. മാതൃരാജ്യം വെടിഞ്ഞ് അഭയാർഥികളായി ഖത്തറിലെത്തിയ അഫ്ഗാൻ കുട്ടികൾക്ക് സന്തോഷവും പ്രതീക്ഷയും ഐക്യദാർഢ്യവും അറിയിച്ചുകൊണ്ടുള്ള കത്തുകളും വിദ്യാർഥികൾ ഇതോടൊപ്പം കൈമാറി.
ഇവിടെയുള്ള അഫ്ഗാൻ അഭയാർഥികളായ കുട്ടികളുടെ സാഹചര്യം അറിഞ്ഞപ്പോൾ ക്ലാസുകളിൽ കുട്ടികൾ എങ്ങനെ സഹായിക്കണമെന്ന ചർച്ചകളിലായിരുന്നുവെന്നും പ്രയാസമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നതുമായി ബന്ധപ്പെട്ട് അവർ ബോധവാൻമാരാണെന്നും അക്കാദമിയിലെ അഞ്ചാം ക്ലാസ് അധ്യാപകനായ ഹനീഫ അസിസ് റഹ്മാൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.