സ്കൂൾ ബസിൽ കുട്ടികളുടെ രക്ഷക്ക് സെൻസറുമായി വിദ്യാർഥികൾ
text_fieldsദോഹ: കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു മിൻസ മറിയം ജേക്കബ് എന്ന നാലുവയസ്സുകാരി സ്കൂളിലേക്കുള്ള യാത്രയിൽ ബസിൽ ഉറങ്ങിപ്പോയതിനെ തുടർന്ന് ശ്വാസംമുട്ടി മരിച്ചത്. അൽ വക്റയിലെ സ്കൂളിലേക്കുള്ള യാത്രയിലായിരുന്നു മലയാളി വിദ്യാർഥിയുടെ ദാരുണാന്ത്യം. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ദുരന്തം ഖത്തറിലെ പ്രവാസിസമൂഹത്തിനും സ്വദേശികൾക്കുമെല്ലാം ഇന്നുമൊരു തീരാനോവായി നിലനിൽക്കുന്നു. ഈ വേദനയാണ് ഖത്തറിലെ രണ്ടു സ്കൂൾ വിദ്യാർഥിനികളെയും ചിന്തിപ്പിച്ചത്.
വീട്ടിൽനിന്ന് സ്കൂളിലേക്ക് അതിരാവിലെയുള്ള യാത്രയിൽ കുട്ടികൾ ബസിൽ കുടുങ്ങിപ്പോകാതിരിക്കാനുള്ള വഴി കണ്ടെത്തിരിക്കുകയാണ് മഹ അബ്ദുല്ല അൽ മർറി, റാണ മുഹമ്മദ് എന്നീ രണ്ട് ഖത്തരി വിദ്യാർഥിനികൾ. പ്രശസ്തമായ അൽ ആൻഡലസ് പ്രൈമറി ഗേൾസ് സ്കൂൾ വിദ്യാർഥിനികളായ ഇരുവരുടെയും ഉള്ളുലക്കുന്നതായിരുന്നു കെ.ജി വിദ്യാർഥിനിയായ മിൻസ മറിയം ജേക്കബിന്റെ മരണം. തുടർന്നുണ്ടായ ആലോചനയിൽനിന്നാണ് സ്കൂൾ ബസിൽ കുട്ടികൾ ഉറങ്ങിപ്പോയാൽ കണ്ടെത്താനുള്ള മാർഗം. ഇതിനായി ഒരു സെൻസറാണ് ഇരുവരും വികസിപ്പിച്ചെടുത്തത്. സ്കൂൾ ബസിന്റെ ഡോറിൽ ഘടിപ്പിക്കുന്ന സെൻസർ വഴി ബസിലുള്ള കുട്ടികളുടെ എണ്ണം കൃത്യമായി അടയാളപ്പെടുത്താൻ കഴിയും.
കുട്ടികളുമായി ബസ് ലക്ഷ്യ സ്ഥാനത്തെത്തിയാൽ എല്ലാവരും ഇറങ്ങിയോ എന്ന് സെൻസർ തന്നെ പറയുന്നതിനാൽ ബസിൽ ഉറങ്ങിപ്പോവുകയോ മറ്റോ സംഭവിക്കുന്ന സാഹചര്യമുണ്ടാവില്ല. ഡോറിലെ സെൻസർ സ്ക്രീനുമായി ബന്ധിപ്പിച്ച് ബസിനുള്ളിൽ പ്രവേശിച്ചവരുടെ കൃത്യമായ എണ്ണം അടയാളപ്പെടുത്തും. ആളെ ഇറക്കി ബസ് സ്കൂളിലോ പാർക്കിങ് സ്റ്റേഷനിലോ എത്തുമ്പോൾ സ്ക്രീനിൽ അകത്തുള്ളവരുടെ എണ്ണം തെളിയുകയും ആരെങ്കിലും അവശേഷിക്കുന്നുവെങ്കിൽ ഡ്രൈവർക്കും ചുമതലയുള്ളവർക്കും മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നതാണ് സംവിധാനം.
തങ്ങളുടെ കണ്ടെത്തലുമായി മഹയും റാണയും ഖത്തർ യൂനിവേഴ്സിറ്റിയിലെ വിദഗ്ധരെ സമീപിക്കുകയായിരുന്നു. സർവകലാശാല എൻജിനീയർമാരുടെ സഹായത്തോടെ ഉപകരണം കൂടുതൽ ശാസ്ത്രീയമാക്കിയതായി ഖത്തർ ടി.വിയുടെ ‘ഫിൽ ദുഹാ’ ഷോയിൽ പങ്കെടുത്തുകൊണ്ട് ഇവർ പറഞ്ഞു. ലളിതമായ ഉപകരണങ്ങൾ വഴിയുള്ള തങ്ങളുടെ കണ്ടെത്തൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂളുകൾക്ക് ഉപകാരപ്പെടുന്നതും രക്ഷിതാക്കൾക്ക് ആശ്വാസം പകരുന്നതുമാണെന്ന് ഇരുവരും പറയുന്നു.
2022 സെപ്റ്റംബറിലുണ്ടായ ദുരന്തത്തിൽ കോട്ടയം സ്വദേശിയായ നാലുവയസ്സുകാരി മിൻസ മറിയം ജേക്കബിന്റെ മരണം പ്രവാസലോകത്തെ ഞെട്ടിച്ചിരുന്നു. രാവിലെ വീട്ടിൽനിന്നു സ്കൂളിലേക്കുള്ള യാത്രയിൽ ബസിൽ ഉറങ്ങിപ്പോയ കുട്ടിയെ ഇറക്കാതെ ഡ്രൈവർ പാർക്ക് ചെയ്ത് പോവുകയായിരുന്നു. ഉച്ചയോടെ ബസ് എടുക്കാനെത്തിയപ്പോഴാണ് കുട്ടിയെ ഗുരുതര നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞു മിൻസ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.