രോഗമുക്തർക്ക് പ്രതിരോധ ശേഷി കൈവരുമെന്ന് പഠനം
text_fieldsദോഹ: ഒരിക്കൽ കോവിഡ്-19 ബാധിച്ചവർക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത തുലോം കുറവാണെന്നാണ് പഠനങ്ങൾ പറയുന്നത്.ഇതിെൻറ അടിസ്ഥാനത്തിലാണ് കോവിഡ് മുക്തരായവർക്ക് ഖത്തറിൽ ക്വാറൻറീൻ ഒഴിവാക്കിയിരിക്കുന്നത്. ഒരിക്കൽ കോവിഡ്-19 ബാധിച്ചവർക്ക് വീണ്ടും രോഗബാധയുണ്ടായ സംഭവങ്ങൾ ലോകത്തുടനീളം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, വീണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകൾ വളരെ കുറവാണെന്നും വിദഗ്ധർ പറയുന്നു.
രോഗമുക്തി നേടിയവർക്ക് വീണ്ടും കോവിഡ്-19 ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയവുമായും ഹമദ് മെഡിക്കൽ കോർപറേഷനുമായും സഹകരിച്ച് പ്രഫ. ലൈഥിെൻറ നേതൃത്വത്തിൽ വെയ്ൽ കോർണൽ മെഡിസിൻ ഖത്തർ തയാറാക്കിയ പഠനം വ്യക്തമാക്കുന്നുണ്ട്. കോവിഡ്-19നെ അതിജീവിക്കുന്ന ആളുകളിൽ ഭാവിയിലുണ്ടാകുന്ന വൈറസ് ബാധകൾക്കെതിരെ പ്രതിരോധ ശേഷി ഉണ്ടാവുന്നുണ്ട്.
ഖത്തറിൽ വീണ്ടും രോഗം ബാധിച്ചവരിൽ രോഗത്തിെൻറ തീവ്രത കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. ഖത്തറിലേക്ക് വരുന്ന എല്ലാവർക്കും ഏപ്രിൽ 25മുതൽ കോവിഡ് നെഗറ്റീവ് ഫലം നിർബന്ധമാക്കിയിട്ടുമുണ്ട്. നേരത്തേ രോഗം ബാധിച്ച 10,000 പേരിൽ നാലുപേർക്ക് മാത്രമാണ് വീണ്ടും രോഗം പിടിപെടാനുള്ള സാധ്യതയെന്ന് ഗവേഷകർ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. വീണ്ടും രോഗബാധ ഉണ്ടായവരിൽ രോഗത്തിെൻറ തീവ്രത വളരെ കുറവാണ്. ഒരു കേസിൽ മാത്രമാണ് വീണ്ടും രോഗം ബാധിച്ച രോഗിയെ കുറച്ച് നേരത്തേക്കെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നത്.
ചട്ടഭേദഗതി പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ
ഖത്തറിലെ കോവിഡുമായി ബന്ധപ്പെട്ട ചട്ടങ്ങളും വിവിധ നടപടിക്രമങ്ങളും ഏറ്റവും പുതിയ പഠനങ്ങളുെടയും വിവരങ്ങളുെടയും അടിസ്ഥാനത്തിലാണ് നടപ്പാക്കുന്നതെന്ന് പ്രൈമറി ഹെൽത്ത്കെയർ കോർപറേഷൻ (പി.എച്ച്.സി.സി) ഡയറക്ടർ ജനറൽ ഡോ. മറിയം അബ്ദുൽ മലിക് പറഞ്ഞു. അന്താരാഷ്ട്ര ആരോഗ്യചട്ടങ്ങൾക്കനുസരിച്ചാണ് ക്വാറൻറീൻ കാര്യങ്ങൾ ഖത്തർ തീരുമാനിക്കുന്നത്. ഇത്തരത്തിൽ കോവിഡുമായും ക്വാറൻറീനുമായും ബന്ധെപ്പട്ട പുതിയ പഠനങ്ങളുെട അടിസ്ഥാനത്തിൽ കോവിഡ് ചട്ടങ്ങളിൽ തുടർന്നും ഭേദഗതി വരുത്തുമെന്നും അവർ പറഞ്ഞു.
നിലവിൽ രോഗംമാറിയവരും വാക്സിൻ സ്വീകരിച്ചവരും എല്ലാതരം പ്രതിരോധമാർഗങ്ങളും ഇനിയും പാലിക്കണമെന്നും അവർ പറഞ്ഞു. പ്രതിരോധമാർഗങ്ങൾ കൃത്യമായി പാലിച്ചാൽ കോവിഡിെൻറ രണ്ടാംവരവ് തടയാനാകും. മാസ്ക് ധരിക്കുക, പതിവായി കൈകള്‍ കഴുകുക, വലിയ ഒത്തുചേരലുകള്‍ ഒഴിവാക്കുക, ശാരീരിക അകലം പാലിക്കുക തുടങ്ങിയ കോവിഡ് മുന്‍കരുതലുകള്‍ കർശനമായി പാലിക്കണം. ഏതെങ്കിലും തരത്തിലുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെങ്കിൽ ആശുപത്രികളുടെ അടിയന്തരവിഭാഗത്തിൽ എത്തണം. അല്ലെങ്കിൽ 999 എന്ന നമ്പറിൽ വിളിക്കണം. കോവിഡുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും അടിയന്തരമല്ലാത്ത ചികിത്സ ആവശ്യങ്ങൾക്കും 16000 എന്ന നമ്പറിൽ വിളിക്കണം.
ഏഴ് കോവിഡ് മരണം കൂടി പുതിയ രോഗികൾ 800
ദോഹ: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഏഴുപേർ കൂടി വ്യാഴാഴ്ച മരിച്ചു. 23, 41, 48, 55, 60, 76, 81 വയസ്സുള്ളവരാണ് മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 407 ആയി. വ്യാഴാഴ്ച 800 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 590 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. 210 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരാണ്. 976 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു. നിലവിലുള്ള ആകെ രോഗികൾ 22,409 ആണ്. വ്യാഴാഴ്ച 11,358 പേർക്കാണ് പരിശോധന നടത്തിയത്.
ആകെ 18,62,459 പേരെ പരിശോധിച്ചപ്പോൾ 1,99,980 പേർക്കാണ് ഇതുവരെ വൈറസ് ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ഇതുവരെ ആകെ 1,77,164 പേർക്കാണ് രോഗമുക്തിയുണ്ടായത്. 1,236 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 449 പേർ തീവ്രപരിചരണവിഭാഗത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.