പ്രവാസികൾക്ക് 40 ലക്ഷം രൂപ വരെ സബ്സിഡി: എന്റർപ്രണർ സപ്പോർട്ടിങ് സ്കീം
text_fieldsഉൽപാദന മേഖലയിലുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങൾക്ക് (MSME) സഹായം നൽകുന്നതിനായി കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പ് 2012 മുതൽ നടപ്പാക്കുന്ന പദ്ധതിയാണ് സംരംഭക സഹായ പദ്ധതി എന്ന ‘എന്റർപ്രണർ സപ്പോർട്ട് സ്കീം’. ഈ പദ്ധതിപ്രകാരം ധനകാര്യ സ്ഥാപനങ്ങളിൽനിന്നോ മറ്റോ വായ്പയെടുക്കാതെ സ്വന്തം പണം നിക്ഷേപിച്ചു നടത്തുന്ന സംരംഭങ്ങൾക്കും ധനസഹായം ലഭ്യമാണ് എന്നതാണ് വളരെ പ്രാധാന്യമർഹിക്കുന്നത്.
സബ്സിഡി ലഭിക്കുന്നത്
സംരംഭം തുടങ്ങുന്നതിന് ആവശ്യമായ താഴെപറയുന്ന സ്ഥിര ആസ്തികൾക്കാണ് ഈ പദ്ധതിപ്രകാരം ആനുകൂല്യം നൽകുന്നതിനായി പരിഗണിക്കുന്നത്. ഭൂമി, ഭൂമി ഒരുക്കുന്നതിനായുള്ള ചെലവുകൾ, ബിൽഡിങ്, ഓഫിസ് ഉപകരണങ്ങൾ, പ്ലാന്റും യന്ത്രസാമഗ്രികളും, വൈദ്യുതീകരണം ജനറേറ്റർ പൊലൂഷൻ കൺട്രോൾ എക്യുമെൻറ്സ് ടെസ്റ്റിങ് യന്ത്രങ്ങൾ, വാട്ടർറീസൈക്ലിങ് വേസ്റ്റ് ആൻഡ് ഹാർവെസ്റ്റിങ് ഇൻവെസ്റ്റ്മെന്റ് മുതലായവക്കാണ്.
എത്ര ശതമാനം
പ്രവാസി സംരംഭകന് ഈ പദ്ധതിപ്രകാരം മേൽസൂചിപ്പിച്ച സ്ഥിരാസ്തികളിലെ നിക്ഷേപങ്ങൾക്ക് 25 ശതമാനം (പരമാവധി 40 ലക്ഷം രൂപ വരെ) ധനസഹായം ലഭിക്കാൻ അർഹതയുണ്ട്. പ്രവാസികളോടൊപ്പം 18-45നും ഇടയിൽ പ്രായമുള്ളവർ, വനിതകൾ, എസ്.സി-എസ്.ടി വിഭാഗത്തിൽപെട്ടവർ എന്നിവർക്കും ഇതേ ആനുകൂല്യം ലഭിക്കും. ജനറൽ കാറ്റഗറി, വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള സംരംഭകർ തുടങ്ങിയവർക്ക് നിശ്ചിത ശതമാനവും അധിക ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
മുൻഗണന വ്യവസായങ്ങൾ
റബർ അധിഷ്ഠിത വ്യവസായങ്ങൾ, കാർഷിക ഭക്ഷ്യസംസ്കരണ യൂനിറ്റുകൾ, റെഡിമെയ്ഡ് വസ്ത്രനിർമാണം, പാരമ്പര്യേതര ഊർജ അധിഷ്ഠിത ഉപകരണങ്ങളുടെ നിർമാണം, ബയോടെക്നോളജി, ബയോഗ്രൈഡബിൾ പ്ലാസ്റ്റിക്, വാട്ടർ റീസൈക്ലിങ്, 100 ശതമാനം കയറ്റുമതി അടിസ്ഥാനത്തിലുള്ള യൂനിറ്റുകൾ എന്നിവയാണ് മുൻഗണന വ്യവസായങ്ങൾ. ഇത്തരം വ്യവസായങ്ങൾ തുടങ്ങുന്ന സംരംഭകർക്ക് ധനസഹായത്തിൽ മുൻഗണന ലഭിക്കും.
നെഗറ്റിവ് ലിസ്റ്റ്
സർവിസ് സ്ഥാപനങ്ങൾ, ഫോട്ടോ സ്റ്റുഡിയോസ്, ക്രഷർ, സോപ്പ് നിർമാണം, സ്റ്റീൽ റോളി മിൽ ഇരുമ്പ് സിമൻറ് നിർമാണം, പവർ ഇന്റൻസിവ് യൂനിറ്റുകൾ തുടങ്ങിയവ നെഗറ്റിവ് ലിസ്റ്റിൽ ഉൾപ്പെടുന്നതും ഇത്തരം സംരംഭങ്ങൾക്ക് ഈ പദ്ധതിപ്രകാരം ധനസഹായം ലഭിക്കുന്നതുമല്ല.
അപേക്ഷ സമർപ്പിക്കേണ്ടത്
സംരംഭം തുടങ്ങി ഒരു വർഷത്തിനുള്ളിൽ ജില്ല വ്യവസായ കേന്ദ്രത്തിലാണ്. ന്യായമായ കാരണങ്ങൾ ബോധിപ്പിക്കാൻ ഉണ്ടെങ്കിൽ ഒരു വർഷം വരെ ഇളവ് ലഭിക്കും.
പരമാവധി ധനസഹായം
മേൽ വിവരിച്ച പ്രകാരമുള്ള ധനസഹായം ഒന്നോ അതിലധികമോ സംരംഭങ്ങൾക്ക് ലഭിക്കും. എന്നാൽ, പരമാവധി ധനസഹായം 40 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.
കൂടുതൽ വിവരങ്ങൾക്ക്: https://industry.kerala.gov.in/index.php/schemes-mainmenu/entrepreneur-support-scheme-schemes
പദ്ധതിപ്രകാരം ധനസഹായം
A സ്റ്റാർട്ടപ് സംരംഭങ്ങൾ ആരംഭിക്കാനായി ധനകാര്യ സ്ഥാപനങ്ങളിൽ വായ്പക്ക് അപേക്ഷിച്ച് അംഗീകാരം ലഭിച്ചാൽ വായ്പ അനുവദിക്കുന്നതിന് മുമ്പുതന്നെ പദ്ധതിപ്രകാരം ലഭിക്കാവുന്ന ധനസഹായത്തിന്റെ 50 ശതമാനം പരമാവധി മൂന്നു ലക്ഷം രൂപ പ്രാരംഭ ധനസഹായമായി ലഭിക്കും.
Bസാങ്കേതികവിദ്യ സഹായം: കേന്ദ്ര-സംസ്ഥാന സർക്കാർ അംഗീകൃത ഗവേഷണ സ്ഥാപനങ്ങളിൽനിന്നും പുതിയ സാങ്കേതികവിദ്യ ലഭ്യമാക്കി ഉൽപാദനം നടത്തുന്ന വ്യവസായ യൂനിറ്റുകൾക്ക് പദ്ധതിപ്രകാരം സ്ഥാപനത്തിന്റെ സ്ഥിര ആസ്തികളിലുള്ള നിക്ഷേപത്തിന്റെ 10 ശതമാനം അധിക ധനസഹായം, പരമാവധി 10 ലക്ഷം രൂപ വരെ പദ്ധതിപ്രകാരം ലഭ്യമാകുന്നു. മേൽവിവരിച്ച ധനസഹായങ്ങൾ പ്രവാസികൾക്കും പ്രയോജനപ്പെടുത്താവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.