വിജയ ജാലകം തുറന്ന്...
text_fieldsദോഹ: ഖത്തറിലെ ഇന്ത്യൻ വിദ്യാർഥി സമൂഹത്തിനും രക്ഷിതാക്കൾക്കും പഠന, തൊഴിൽ മേഖലകളിലേക്കുള്ള പുതുസാധ്യതകളിലേക്ക് വെളിച്ചം വീശി ഗൾഫ് മാധ്യമം എജുകഫേ കൊടിയിറങ്ങി. യു.എ.ഇ, സൗദി, ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഒമ്പത് സീസൺ കൊണ്ട് ശ്രദ്ധേയമായി മാറിയ ‘എജുകഫേ’ വിദ്യഭ്യാസ-കരിയർ മേള ആദ്യമായി ഖത്തറിലെത്തിയപ്പോൾ പ്രവാസി സമൂഹം ഇരു കൈയും നീട്ടി സ്വീകരിച്ചു.
വെള്ളി, ശനി ദിവസങ്ങളിലായി അൽ മെഷാഫിലെ പൊഡാർ പേൾ സ്കൂളിലെ വേദിയിൽ അരങ്ങേറിയ എജുകഫേയിലേക്ക് ആറായിരത്തിലേറെ വിദ്യാർഥികളാണ് രണ്ടു ദിവസങ്ങളിലായി വിവിധ സെഷനുകളിൽ പങ്കെടുത്തത്.
ഇന്ത്യയിലെ പ്രമുഖ കരിയർ വിദഗ്ധരും, മോട്ടിവേഷനൽ സ്പീക്കർമാരും ഉന്നത ഉദ്യോഗസ്ഥരും മുതൽ ഖത്തറിലെ വിവിധ സ്കൂളുകളിൽ നിന്ന് ഉന്നത വിജയം നേടിയവർ, സ്വപ്നസമാനമായ കരിയർ പടുത്തുയർത്തി മാതൃകയായവരും വേദിയിലെത്തി വിദ്യാർഥികളും രക്ഷിതാക്കളുമായി സംവദിച്ചു.
രണ്ടാം ദിനമായ ശനിയാഴ്ച രാവിലെ ഒമ്പതിന് എ.പി.ജെ അബ്ദുൽകലാം ഇന്നൊവേഷൻ ഫൈനലിസ്റ്റുകളുടെ പ്രസേൻറഷനോടെയായിരുന്നു തുടങ്ങിയത്. തുടർന്നു നടന്ന ആദ്യ സെഷനിൽ ഖത്തറിലെ പ്രവാസി സമൂഹത്തിനിടയിൽ പരിചിതനായ അയേൺ മാൻ അബ്ദുൽനാസർ ‘മൈൻഡ് ആൻഡ് ബോഡി മാസ്റ്ററി’യിൽ സംസാരിച്ചു. ശാരീരികവും മാനസികവുമായ കരുത്ത് നിലനിർത്തി ആരോഗ്യം സംരക്ഷിച്ച് നല്ലൊരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതിന്റെ വിശകലനവുമായാണ് അദ്ദേഹം സെഷൻ നയിച്ചത്.
തുടർന്ന് അഖിലേന്ത്യാ പ്രവേശന പരീക്ഷയായ ജെ.ഇ.ഇ, നീറ്റ് എന്നിവയിൽ ഉന്നത വിജയം നേടിയ നൈന സിതാര തന്റെ പഠന വഴികളും അനുഭവവും പങ്കുവെച്ചു. പഠന രീതികൾ ചോദിച്ചറിഞ്ഞും മറ്റുമായി സദസ്സും സെഷൻ ഏറ്റെടുത്തു.
രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ഏറെ പ്രചോദനം നൽകിയ സെഷനുമായി ഇന്ത്യയിലെ തന്നെ പ്രമുഖ മനഃശാസ്ത്ര വിദഗ്ധയും എഴുത്തുകാരിയുമായ ആരതി രാജരത്നം വീണ്ടുമെത്തിയപ്പോൾ സദസ്സ് നിറഞ്ഞു. കളികളും ഇടപെടലുകളുമായാണ് രണ്ടാം ദിനത്തിലെ തന്റെ സെഷൻ ആരതി നയിച്ചത്.
മാനസികാരോഗ്യ വിദഗ്ധൻ ഡോ. സമിൻ സമീദ്, ഹഗ് മെഡിക്കൽ സർവീസ് എം.ഡി ബിന്ദു കരുൺ, റോഷ്ന അബ്ദുൽ ജലീൽ എന്നിവരുടെ സെഷനുകളും ശ്രദ്ധേയമായി.
വൈകുന്നേരം നടന്ന സി.എം. മെഹറൂഫിന്റെ ‘സ്റ്റഡി വൈൽ യു സ്ലീപ്; ബയോ ഹാക് യുവർ ലേണിങ്’ സെഷൻ വിദ്യാർഥികൾക്ക് പഠനത്തിലേക്കുള്ള വഴി തുറക്കുന്നതായിരുന്നു. എജുകഫെ വേദിയിലെ വിദ്യാഭ്യാസ പവിലിയനുകളിലും ഏറെ തിരക്ക് അനുഭവപ്പെട്ടു. രാവിലെ മുതൽ തുടങ്ങിയ സന്ദർശക പ്രവാഹം രാത്രി വരെ നീണ്ടു നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.