സുഹൈൽ ഫാൽകൺ മേളക്ക് ഇന്ന് സമാപനം
text_fieldsദോഹ: എട്ടാമത് കതാറ ഇന്റർനാഷനൽ ഹണ്ടിങ് ആൻഡ് ഫാൽകൺ എക്സിബിഷൻ (സുഹൈൽ 2024) ശനിയാഴ്ച സമാപിക്കും. ചൂടിനെ വകവെക്കാതെ പുരുഷാരം ഒഴുകിയെത്തിയ മേള മേഖലയിലെ തന്നെ ഫാൽകൺ പ്രേമികളുടെ ഉത്സവമായി. ചൊവ്വാഴ്ച തുടങ്ങിയ മേളയിൽ നാലു ദിവസങ്ങളിലായി പതിനായിരത്തിലേറെ സന്ദർശകർ എത്തിക്കഴിഞ്ഞു. വ്യാഴാഴ്ച രാത്രിയിലും വാരാന്ത്യ അവധി ദിനമായ വെള്ളിയാഴ്ചയും കതാറയിലെ പ്രദർശനവേദി നിറഞ്ഞു കവിഞ്ഞു.
ഖത്തറിലും പുറത്തും സുഹൈലിന്റെ പ്രാധാന്യവും സാന്നിധ്യവും വർധിപ്പിക്കുന്ന രീതിയിൽ നിരവധി പ്രമുഖരും ഉദ്യോഗസ്ഥരും ഖത്തറിലെ വിവിധ രാജ്യങ്ങളിലെ അംബാസഡർമാരും നയതന്ത്ര പ്രതിനിധികളും ഒന്നാം ദിനം മുതൽ പ്രദർശനം കാണാനെത്തുന്നുണ്ട്.
ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ആൽഥാനി, സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ്, ഖത്തർ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി, ഉരീദു ഗ്രൂപ് സി.ഇ.ഒ ശൈഖ് അലി ബിൻ ജബർ ആൽഥാനി, ഖത്തർ ടൂറിസം പ്രസിഡന്റ് സഅദ് ബിൻ അലി അൽ ഖർജി, ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റിന്റെ സെക്കൻഡ് ഡെപ്യൂട്ടി ഡോ. ഥാനി ബിൻ അബ്ദുറഹ്മാൻ അൽ കുവാരി, ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽഥാനി.
ഖത്തർ മീഡിയ കോർപറേഷൻ സി.ഇ.ഒ ശൈഖ് അബ്ദുൽ അസീസ് ബിൻ ഥാനി ബിൻ ഖാലിദ് ആൽഥാനി, അമീരി ദിവാൻ തലവൻ ശൈഖ് സഊദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസൻ ആൽഥാനി, യു.എ.ഇ പ്രസിഡൻഷ്യൽ കാര്യാലയത്തിലെ പ്രത്യേക ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിൻ ഹമദ് തഹ്നൂൻ അൽ നഹ്യാൻ, യമൻ പ്രധാനമന്ത്രി ഡോ. അഹ്മദ് അവദ് ബിൻ മുബാറക്, ഡാം മേധാവി അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് അൽ മന്നാഈ തുടങ്ങിയവർ പ്രദർശനം സന്ദർശിച്ചു.
സുഹൈൽ പ്രദർശനത്തിന്റെ സാംസ്കാരിക തനിമ ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കവിത സായാഹ്നവും മൂന്നാം ദിവസത്തിൽ ശ്രദ്ധേയമായി. പ്രമുഖ ഖത്തരി കവികളായ അലി ബിൻ ഖുറൈഅ്, ആയിദ് ബിൻ സഊദ് അൽ ഹബ്ബാബി എന്നിവരുടെ പ്രകടനം വേട്ടയുടെയും ഫാൽകണുകളുടെയും ആഘോഷത്തിന് സാംസ്കാരിക മാനം നൽകുന്നതായി.
ഇതാദ്യമായി 10 മുതൽ 16 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക മത്സരവും എട്ടാമത് സുഹൈൽ പ്രദർശനത്തിൽ സംഘടിപ്പിക്കുന്നുണ്ട്. പ്രദർശനം സന്ദർശിച്ച് ഫാൽക്കണുകളുടെയും വേട്ടയാടലിന്റെയും പൈതൃകം പഠിക്കാൻ കുട്ടികൾക്ക് അവസരം നൽകുകയാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.
പത്ത് വിജയികളെയാണ് ദിനേനെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുക. നറുക്കെടുപ്പിൽ പങ്കെടുക്കാൻ കുട്ടികൾ എക്സിബിഷൻ പ്രവേശന ടിക്കറ്റ് എടുക്കുകയും നറുക്കെടുപ്പ് സമയത്ത് സ്ഥലത്ത് ഉണ്ടായിരിക്കുകയും ചെയ്യണം. ദിവസവും വൈകീട്ട് എട്ടിനാണ് നറുക്കെടുപ്പ്.
19 രാജ്യങ്ങളുടെയും 171 കമ്പനികളുടെയും പങ്കാളിത്തമുള്ള പ്രദർശനം ശനിയാഴ്ച സമാപിക്കും. ഖത്തറിന് പുറമെ കുവൈത്ത്, സൗദി അറേബ്യ, യു.എ.ഇ, ലബനാൻ, പാകിസ്താൻ, ജർമനി, ബ്രിട്ടൻ, ചൈന, സ്പെയിൻ, ഫ്രാൻസ്, അമേരിക്ക, പോർചുഗൽ, ബെൽജിയം, റഷ്യ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ലിത്വാനിയ, പോളണ്ട് എന്നീ രാജ്യങ്ങളാണ് ഇത്തവണ പ്രദർശനത്തിൽ പങ്കെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.