കോടീശ്വരൻ ഫാൽക്കണുകൾ: സുഹൈൽ പ്രദർശനം സമാപിച്ചു
text_fieldsദോഹ: പ്രാപ്പിടിയൻ പക്ഷിയെന്ന് മലയാളികൾ വിളിക്കുന്ന, അറബികളുടെ ഫാൽക്കൺ പക്ഷിയോടുള്ള ഇഷ്ടം പ്രശസ്തമാണ്. വീട്ടിൽ വി.ഐ.പി പരിഗണനയോടെ വളർത്തി, സ്വന്തം മക്കളെക്കാൾ സ്നേഹവും കരുതലും പരിചരണവും നൽകി താലോലിക്കുന്ന അറബ് പൗരന്മാരുടെ ഇഷ്ടത്തിന് മറ്റൊരു വേദികൂടിയായിരുന്നു കഴിഞ്ഞ ദിവസം കതാറയിൽ സമാപിച്ച സുഹൈൽ രാജ്യാന്തര ഫാൽക്കൺ പ്രദർശനം. കാണാനും, സ്വന്തമാക്കാനും, പുതിയ അറിവുകൾ തേടാനും ഉപകരണങ്ങൾ വാങ്ങാനുമായെല്ലാം മറ്റ് അറബ് രാജ്യങ്ങളിൽ നിന്നും, യൂറോപ്യൻ നാടുകളിൽ നിന്നുമെല്ലാം ആയിരങ്ങളാണ് എത്തിയത്.
ആറു ദിവസം നീണ്ട മേളയിലെ ലേലത്തിൽ താരമായത് മംഗോളിയൻ ഫാൽക്കണുകളായിരുന്നു. 9.66 ലക്ഷം റിയാൽ (2.11 കോടി രൂപ) ആണ് ലേലത്തിലെ ഉയർന്ന വില. അവസാന ദിനമായ ശനിയാഴ്ച രാത്രിയിൽ മുതിബ് മുനിർ അൽ ഖഹ്താനിയാണ് പൊന്നും വിലയിൽ ഈ പറക്കും സുന്ദരിയെ സ്വന്തമാക്കിയത്. വെള്ളിയാഴ്ച ഉയർന്ന വില ലഭിച്ചത് മംഗോളിയൻ ഇനത്തിൽ പെട്ട ഫാൽക്കണിനായിരുന്നു. 9.11 ലക്ഷം റിയാൽ (1.99 കോടി രൂപ). ബദർ മുഹസിൻ മിസ്ഫർ സഈദ് അൽ സുബൈഇയാണ് ഈ പക്ഷിയെ സ്വന്തമാക്കിയത്.
കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച പ്രദർശനത്തിൽ ബുധനാഴ്ച മുതലാണ് ലേലം ആരംഭിച്ചത്. മികച്ച ബ്രീഡിലുള്ള വേട്ടപ്പക്ഷിക്കായി വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവരെത്തി. ഓൺലൈൻ വഴിയായിരുന്നു ലേലം. പ്രഖ്യാപിച്ച 56 ഫാൽക്കണുകളെയും ആവശ്യക്കാർ സ്വന്തമാക്കി. 50,000 മുതൽ പത്തു ലക്ഷത്തിനടുത്ത് റിയാൽ വരെ ചെലവാക്കിയാണ് കതാറയിൽ നിന്നും ഫാൽക്കൺ പ്രേമികൾ വേട്ടപ്പക്ഷികളുമായി മടങ്ങിയത്. ആദ്യ ദിനത്തിൽ 2.02 ലക്ഷം റിയാലും 1.71റിയാലുമായിരുന്നു ഉയർന്ന ലേലത്തുക. ഉപകരണ സ്റ്റാൾ ഒരുക്കിയ അൽ റഹാലിനെ പ്രദർശനത്തിലെ മികച്ച പവിലിയനായി തിരഞ്ഞെടുത്തു. സ്പെയിൻ, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള പവിലിയനുകളും മികച്ചവയായി. ഫാൽക്കൺ പക്ഷികളുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ, ആധുനിക വേട്ട ഉപകരണങ്ങൾ, ആയുധങ്ങൾ, മരുഭൂമിയിൽ സഞ്ചരിക്കാനുള്ള വാഹനങ്ങൾ, കാമ്പിങ് വസ്തുക്കൾ എന്നിവയുടെയും പ്രദർശനവും ഉണ്ടായിരുന്നു. 20 രാജ്യങ്ങളിൽ നിന്ന് 180 കമ്പനികളുടെ പങ്കാളിത്തമുണ്ടായ മേളയിൽ ഇത്തവണ സന്ദർശക ബാഹുല്യവും ശ്രദ്ധേയമായി. സൗദി, കുവൈത്ത്, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുമാത്രം 40ഓളം കമ്പനികൾ തോക്ക്, ആയുധങ്ങൾ, വേട്ട ഉപകരണങ്ങൾ എന്നിവയുമായി പങ്കെടുത്തു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് പുറമെ, വിവിധ മന്ത്രിമാർ, ശൈഖുമാർ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ, വിദേശ സഞ്ചാരികൾ എന്നിവരും എത്തി. ഇത്തവണ ഏറെ സഞ്ചാരികൾ എത്തുകയും വൻ വിജയമാവുകയും ചെയ്തതിൽ സുഹൈൽ ഓർഗനൈസിങ് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗവും കതാറ പബ്ലിക് റിലേഷൻ ഡയറക്ടറുമായ സലിം മബ്കൂത് അൽ മർറി നന്ദി അറിയിച്ചു. മുൻവർഷങ്ങളേക്കാൾ കൂടുതൽ വിശാലമായ സ്ഥലത്ത് 10,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലായിരുന്നു പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.