വേനൽ: തൊഴിലാളികളുടെ വിശ്രമ സമയം; ഇനി രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ
text_fieldsദോഹ: കടുത്ത ചൂടിനെ തുടർന്ന്, തുറസ്സായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് അനുവദിച്ച വിശ്രമ സമയം ദീർഘിപ്പിച്ച തൊഴിൽ മന്ത്രാലയ തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നൽകി. അമീരി ദീവാനിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് പുറം തൊഴിലാളികളുടെ വേനൽക്കാല വിശ്രമസമയം ദീർഘിപ്പിച്ച തീരുമാനത്തിന് അംഗീകാരം നൽകിയത്.
തുറസ്സായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്നവർക്ക് ഇനി എല്ലാ വർഷവും ജൂൺ ഒന്നുമുതൽ സെപ്റ്റംബർ 15 വരെ വേനൽക്കാല വിശ്രമം അനുവദിക്കേണ്ടിവരും. രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെയാണ് പുതുക്കിയ വിശ്രമ സമയം.നേരത്തെ ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ രാവിലെ 11.30 മുതൽ വൈകീട്ട് മൂന്നുവരെയായിരുന്നു വിശ്രമം അനുവദിച്ചിരുന്നത്. ഇതോടെ വേനൽക്കാലത്ത് തുറസ്സായ സ്ഥലങ്ങളിൽ ജോലിയെടുക്കുന്നവർക്ക് വിശ്രമിക്കുന്നതിന് അധികമായി രണ്ട് മണിക്കൂർ ലഭിക്കും. കടുത്ത വേനലിലും സൂര്യെൻറ ചൂടേറ്റ് ജോലിയെടുക്കേണ്ടിവരുന്ന നിരവധി തൊഴിലാളികൾക്ക് ഏറെ ആശ്വാസകരമാകുന്നതാണ് മന്ത്രിസഭാ തീരുമാനം.
വേനൽക്കാലത്ത് തൊഴിലാളികൾക്ക് വിശ്രമമനുവദിച്ച് 2007ൽ സിവിൽ സർവിസ്, ഹൗസിങ് വകുപ്പ് മന്ത്രി നടപ്പാക്കിയ 16ാം നമ്പർ പ്രമേയത്തിന് പകരം മുന്നോട്ടുവെച്ച തീരുമാനമാണ് ഇതോടെ പ്രാബല്യത്തിൽ വന്നത്.കനത്ത ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ വിവിധ തൊഴിലുകളിലേർപ്പെടുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന കാരണത്താലാണ് എല്ലാ വർഷവും തൊഴിലാളികൾക്ക് വേനൽക്കാല വിശ്രമസമയം അനുവദിച്ചത്. തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.