മെക്സികൻ അപാരതയുമായി സൂപ്പർഫാൻ കറാമെലോ ഇവിടെയുണ്ട്
text_fieldsകെ.ഹുബൈബ്
ദോഹ: ലോകം ചുറ്റുന്ന കളിയാരാധകനാണ് മെക്സികോകാരനായ ഹെക്ടർ കറാമെലോ. ലോകത്തിെൻറ ഏതു കോണിൽ പന്തുരുളുേമ്പാഴും മെക്സികോയുടെ ദേശീയപതാകയുടെ നിറങ്ങളിൽ തുന്നിയ വലിയ കുപ്പായവുമണിഞ്ഞ് ഗാലറിയിലും സ്റ്റേഡിയം പരിസരങ്ങളിലും ഫാൻ സോണുകളിലും ഒരുകൂട്ടം ആരാധക പടയെ നയിച്ച് ആഘോഷത്തോടെ കറാമെലോയുണ്ടാവും. മെക്സികോ ഇല്ലെങ്കിലും ഖത്തറിലുമെത്തിയിട്ടുണ്ട് ലോകം ചുറ്റും സൂപ്പർഫാൻ. ചൊവ്വാഴ്ച രാത്രി ഫിഫ അറബ് കപ്പ് ഫൈനൽ വേദിയായ അൽ ബെയ്തിലെ സ്റ്റേഡിയത്തിനു പുറത്താണ് ഒരുകൂട്ടം ആരാധകർക്കൊപ്പം കറാമെലോയെ കാണുന്നത്. ലോകകപ്പ് മത്സരങ്ങൾക്കിടയിൽ സ്ക്രീനിൽ തെളിയുന്ന ചിത്രം അൽബെയ്ത്തിലും.
കൈയിൽ ലോകകപ്പിെൻറ സ്വർണക്കപ്പ്, വിവിധ രാജ്യങ്ങളുടെ പതാകയുടെ ചിത്രങ്ങളും 2006 ജർമനി, 2014 ബ്രസീൽ ലോകകപ്പുകളുടെ ലോഗോയും പതിച്ച വട്ടത്തൊപ്പി. അതേ കാലങ്ങളായി ഗാലറികളിലെ ആഘോഷങ്ങളെ നയിക്കുന്ന സൂപ്പർഫാൻ ഹെക്ടർ കറാമെലോ തന്നെ. സാധാരണ ലോകകപ്പു വേദികളിൽ വലിയ സംഘത്തോടൊപ്പമാണ് ടീം കറാമെലോ എത്തുന്നതെങ്കിൽ, ദോഹയിൽ ആൾകൂട്ടമൊന്നുമില്ല. അൽബെയ്ത്തിൽ ഖത്തറും -ബഹ്റൈനും തമ്മിലെ പോരാട്ടത്തിന് പന്തുരുണ്ട് തുടങ്ങിയതോടെ കാണികളുടെ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി കറാമെലോ ലോകകപ്പിന് മുേമ്പ ഖത്തറിെൻറ ഹൃദയവും കവർന്നു. ഖത്തർ ലോകകപ്പിന് മെക്സികോയുടെ പിന്തുണ പ്രഖ്യാപിക്കുന്ന ദേശീയ പതാകയുമേന്തിയാണ് ഇദ്ദേഹം ഗാലറിയുടെ ശ്രദ്ധാകേന്ദ്രമായത്. മറഡോണയുടെ മാജിക്ക് കണ്ട 1986ലെ മെക്സികോ ലോകകപ്പ് മുതലാണ് ഹെക്ടർ ഷാവേസ് എന്ന ഫുട്ബാൾ ആരാധകൻ ഗാലറിയുടെ ആവേശക്കാഴ്ചയായി മാറുന്നത്. മെക്സികൻ ടീമിനെ പിന്തുണക്കാനെത്തിയ യുവാവ് വേഷവും ആരവവുംകൊണ്ട് ആരാധകരുടെയും ടീമിെൻറയും ശ്രദ്ധകവർന്നു. പിന്നെ, ലോകത്തിെൻറ ഏതു കോണിൽ മെക്സികോ കളിക്കുേമ്പാഴും ഇദ്ദേഹമെത്തും.
ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം നേടിയ ഹെക്ടർ കളികാണാൻ വേണ്ടിയാണ് ഇപ്പോൾ ജോലിചെയ്യുന്നതും സമ്പാദിക്കുന്നതും. 1986ൽ പിതാവ് നൽകിയ ഒരു ഓഫറിൽ തുടങ്ങിയ ലോകകപ്പ് യാത്ര, പിന്നീട് മുടങ്ങിയില്ല. 1990 ഇറ്റലി, 1994 അമേരിക്ക, 1998 ഫ്രാൻസ്, 2002 കൊറിയ-ജപ്പാൻ, 2006 ജർമനി, 2010 ദക്ഷിണാഫ്രിക്ക, 2014 ബ്രസീൽ, 2018 റഷ്യ ഇങ്ങെന പോവുന്നു. അതിനിടയിൽ ക്ലബ് ഫുട്ബാളിനും കോപ അമേരിക്കയിലും, മെക്സികോ ദേശീയ ടീമിെൻറ മറ്റു മത്സരങ്ങളിലുമെല്ലാമുണ്ട്. 2013ൽ ലോകകപ്പ് യോഗ്യത മത്സരത്തിനായി മെക്സികോ ന്യൂസിലൻഡിൽ കളിക്കാൻ പോയപ്പോൾ 24 മണിക്കൂർ യാത്രചെയ്ത് കറാമെലോ അവിടെയുമെത്തി. ഇപ്പോൾ മെക്സികോ ഫുട്ബാൾ ഫെഡറേഷെൻറ ടിക്കറ്റും, ഹോട്ടൽ ഡിസ്കൗണ്ടും ഉൾപ്പെടെ നിരവധി സൗകര്യങ്ങളുമുണ്ട്. ജോലിയുള്ളപ്പോൾ പരമാവധി പണിയെടുത്ത് സമ്പാദിക്കുക. ഫുട്ബാൾ സീസൺ തുടങ്ങിയാൽ നാടുചുറ്റുക. ഇതാണ് ഇദ്ദേഹത്തിെൻറ പോളിസി. ആ യാത്രയുടെ തുടർച്ചയാണ് കറാമെലോയുടെ ഖത്തർ യാത്രയും. അറബ് രാജ്യങ്ങളുടെ പോരാട്ടമാണെങ്കിലും സുപ്രീം കമ്മിറ്റിയുടെ ഫാൻ ലീഡർ പ്രോഗ്രാമിൽ അംഗമായാണ് ഈ സൂപ്പർ ഫാൻ ഖത്തറിലുമെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.