സംരംഭങ്ങൾക്ക് പിന്തുണ; ഹോം ബിസിനസ് ഫീസ് കുറച്ചു
text_fieldsദോഹ: വീടുകളിലിരുന്നുള്ള സ്വയംസംരംഭങ്ങൾക്ക് പ്രോത്സാഹനവുമായി ഖത്തർ വാണിജ്യ മന്ത്രാലയം. കഴിഞ്ഞ വർഷം ജൂണിൽ ആരംഭിച്ച ഹോം ബിസിനസ് ഇനി 300 റിയാൽ ഫീസടച്ച് ആരംഭിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. ലൈസൻസിങ് നടപടികളും ലളിതമാക്കി.
സ്വദേശികൾക്ക് വീടുകളിലിരുന്നും ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ സൗകര്യമൊരുക്കുന്ന ഹോം ബിസിനസിന്റെ രജിസ്ട്രേഷന് 1500 റിയാലായിരുന്നു ഫീസ്. ഒരു വർഷം കൊണ്ട് മികച്ച പ്രതികരണങ്ങൾ ലഭിക്കുകയും കൂടുതൽ വിഭാഗങ്ങൾക്ക് അനുമതി നൽകുകയും ചെയ്തതിനു പിന്നാലെയാണ് ഫീസ് അഞ്ചിലൊന്നായി കുറക്കാൻ തീരുമാനിച്ചത്. ഹോം ബിസിനസില്‍ കൂടുതല്‍ ഇനങ്ങള്‍ മന്ത്രാലയം കഴിഞ്ഞ ആഴ്ച ഉള്‍പ്പെടുത്തിയിരുന്നു.
പുതുതായി പ്രഖ്യാപിച്ച 48 ഇനങ്ങളടക്കം 63 സംരംഭങ്ങള്‍ക്ക് ഇപ്പോള്‍ ലൈസന്‍സ് ലഭിക്കും. ഏകജാലക പോർട്ടൽ വഴി ഓൺലൈനായി ലൈസൻസ് അപേക്ഷ സമർപ്പിക്കാം. ഓരോ ബിസിനസ് പ്രവർത്തനങ്ങൾക്കും പ്രത്യേകം ലൈസൻസ് ആവശ്യമാണ്. നടപടിക്രമങ്ങൾ ലഘൂകരിച്ചതിനു ശേഷം ലൈസൻസ് അപേക്ഷകളുടെ എണ്ണത്തിൽ വർധനവുണ്ടായതായി മന്ത്രാലയം വ്യക്തമാക്കി.
വിവിധ ഇനം നട്സുകൾ, തയ്യൽ, ബാഗുകൾ ഉൾപ്പെടെ തുകൽ ഉൽപന്നങ്ങളുടെ നിർമാണവും റിപ്പയറും, കോപ്പി മെഷീനുകളുടെ അറ്റകുറ്റപ്പണി, കമ്പ്യൂട്ടർ റിപ്പയറിങ്, സോഫ്റ്റ് വെയർ ഡിസൈനിങ്-പ്രോഗ്രാമിങ്, വസ്ത്രവ്യാപാരം, പാദരക്ഷ വിൽപന, യാത്രാ സാധനസാമഗ്രികൾ വാടകക്ക് നൽകൽ, വിവർത്തന സേവനങ്ങൾ, സുഗന്ധദ്രവ്യ വിൽപന, ആഭരണ ഡിസൈനിങ്, സൗന്ദര്യ വർധക വസ്തുക്കളുടെ വ്യാപാരം, ഇന്റീരിയർ ഡെക്കറേഷൻ ഡിസൈനിങ് തുടങ്ങിയവയാണ് പുതുതായി ഹോം ബിസിനസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.