പ്രതിസന്ധികൾ അതിജീവിച്ചു; നിർമാണ മേഖലയിൽ പുത്തനുണർവ്
text_fieldsദോഹ: കോവിഡ്-19 സൃഷ്ടിച്ച വെല്ലുവിളികൾ ധൈര്യസമേതം നേരിട്ട നിർമാണ മേഖല പുതിയ ഉണർവിലേക്ക്.കോവിഡ്-19നെ തുടർന്നുണ്ടായ വെല്ലുവിളികൾ കാരണം 2020ലുടനീളം നിർമാണ മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നെങ്കിലും പുതുവർഷത്തിൽ കെട്ടിടനിർമാണ മേഖലയിൽ വലിയ പുരോഗതിയാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.കഴിഞ്ഞ വർഷത്തെ അവസാന പാദത്തോടെയാണ് ഖത്തറിലെ നിർമാണ മേഖല തിരിച്ചുവരാൻ തുടങ്ങിയത്.
ഡിസംബറിൽ മാത്രം 972 പുതിയ കെട്ടിടാനുമതികളാണ് അധികൃതർ നൽകിയത്. 2020ലെ ഉയർന്ന കണക്കുകളാണിത്. 2020 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളടങ്ങിയ അവസാന പാദത്തിലായിരുന്നു കൂടുതൽ കെട്ടിടനിർമാണ അനുമതികൾ അനുവദിച്ചുനൽകിയത്. കഴിഞ്ഞ വർഷത്തെ നാലാം പാദത്തിൽ ആകെ 2465 കെട്ടിട അനുമതികളാണ് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം നൽകിയത്. കഴിഞ്ഞ വർഷം ആകെ നൽകിയ കെട്ടിടനിർമാണ അനുമതികളുടെ എണ്ണം 7805 ആയിരുന്നു.
നിർമാണ മേഖലയിൽ വീണ്ടും ഉണർവുണ്ടായിട്ടുണ്ടെന്നും മഹാമാരിക്ക് മുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് മേഖല മാറിത്തുടങ്ങിയിട്ടുണ്ടെന്നും ഒരു നിർമാണ കമ്പനിയിലെ ജീവനക്കാരൻ പ്രാദേശിക ദിനപത്രത്തോട് പറഞ്ഞു.പുതിയ നിർമാണപദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും നിർമാണ തൊഴിലാളികളുടെയും അസംസ്കൃത വസ്തുക്കളുടെയും ആവശ്യം വർധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് രോഗവ്യാപനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഏപ്രിൽ, മേയ് മാസത്തോടെ നിർമാണ മേഖല കുത്തനെ ഇടിയുകയായിരുന്നു.കോവിഡ്-19 രോഗികളുടെ എണ്ണം കുറഞ്ഞതോടെ നിർമാണ മേഖല വീണ്ടും സജീവമായിരിക്കുകയാണ് -അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.