സിറിയ: ശാശ്വതപരിഹാരത്തിന് സമയം അതിക്രമിച്ചുവെന്ന് ഖത്തർ
text_fieldsദോഹ: സിറിയയില്‍ യഥാര്‍ഥവും സമഗ്രവുമായ രാഷ്ട്രീയ പരിഹാരത്തിനുള്ള സമയം അതിക്രമിച്ചതായി ഖത്തര്‍. കോവിഡിനെ നേരിടാനും സിറിയന്‍ ജനതയെ പിന്തുണക്കുന്നതിനും അന്താരാഷ്ട്രസമൂഹം കൈകോര്‍ക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.സിറിയന്പ്രതിസന്ധി ആരംഭിച്ച് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും മാനുഷിക പ്രതിസന്ധിയും സിറിയന്‍ ജനതയുടെ കഷ്ടപ്പാടുകളും തുടരുകയാണെന്ന് ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയും വിദേശകാര്യമന്ത്രാലയം വക്താവുമായ ലുല്‍വ റാഷിദ് അല്‍ ഖാതിര്‍ പറഞ്ഞു. അന്താരാഷ്ട്രസമൂഹം രമ്യമായ പരിഹാരങ്ങളില്‍ എത്തിച്ചേരാത്തതിലും അവര്‍ ഖേദം പ്രകടിപ്പിച്ചു.
സിറിയന്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം സൈനികമായല്ല വേണ്ടത്. രാഷ്ട്രീയപരിഹാരമാണ് വേണ്ടതെന്നും അവർ പറഞ്ഞു. ഇത് എല്ല പാര്‍ട്ടികളും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തതായും അല്‍ ഖാതിര്‍ പറഞ്ഞു. സ്ഥിരതയും ഐക്യവും സ്വാതന്ത്ര്യവും നേടാനുള്ള സിറിയയുടെ താൽപര്യവും ഏറെ വിലമതിക്കണമെന്നും ഖാതിർ പറഞ്ഞു. ഖത്തര്‍, തുര്‍ക്കി, റഷ്യ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാർ സിറിയൻജനതയുടെ പ്രതിസന്ധി കഴിഞ്ഞദിവസം ഖത്തറിൽ ചർച്ചചെയ്തിരുന്നു. മാനുഷിക പ്രതിസന്ധിയും കോവിഡ് തീർത്ത ആഘാതങ്ങളുംമൂലം നട്ടംതിരിയുന്ന സിറിയൻജനതക്ക് സഹായം നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും വിഷയമായിരുന്നു. വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണിത്.
സിറിയക്ക് മാനുഷികസഹായങ്ങള്‍ ആവശ്യമുണ്ടെന്നും അതിന് ഒരുതരത്തിലുമുള്ള വിവേചനവും ഉണ്ടാകരുതെന്നുമാണ് ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനിയുടെ നിലപാട്.സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം സൈനികമല്ലെന്നും രാഷ്ട്രീയമാണെന്നും ഖത്തര്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിലുള്ള അനുരഞ്ജന പ്രക്രിയയെ ഖത്തര്‍ പിന്തുണക്കുന്നു.
രാഷ്ട്രീയ പരിഹാരത്തിലെത്താന്‍ സിറിയന്‍ പാര്‍ട്ടികളെ പ്രോത്സാഹിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയുടെ പ്രാദേശിക ഐക്യം, സ്ഥിരത, പരമാധികാരം എന്നിവ സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യം യോഗത്തിൽ വിദേശകാര്യമന്ത്രിമാര്‍ ഊന്നിപ്പറഞ്ഞു.സിറിയക്കാരില്‍ ആത്മവിശ്വാസം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മൂന്നു രാജ്യങ്ങളും പിന്തുണ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.