സിറിയൻ വിദ്യാർഥികൾ പഠിക്കും, ഖത്തർ നൽകിയ പഠനവണ്ടിയിലിരുന്ന്
text_fieldsദോഹ: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ സിറിയയിലെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കായി ഖത്തർ ചാരിറ്റിയുടെ 100 സ്കൂൾ കാരവനുകൾ തയ്യാർ. സിറിയയിലെ അലപ്പോയിലുള്ള അൽബാബ്, അസാസ് മേഖലയിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് ഖത്തർ ചാരിറ്റിയുടെ എല്ലാവിധ പഠന സംവിധാനങ്ങളോടും കൂടിയുള്ള കാരവനുകൾ നൽകിയത്. ഈ ബസുകൾ കുട്ടികൾ സ്കൂളുകളായി ഉപയോഗിക്കും.
ഓരോ സ്കൂൾ കാരവനിലും 28 വിദ്യാർഥികളെ ഉൾക്കൊള്ളാനാകും. രണ്ട് സെഷനുകളായി നടക്കുന്ന പ്രവൃത്തിദിനങ്ങളിൽ 5600 കുട്ടികൾ സ്കൂളുകളുടെ ഗുണഭോക്താക്കളാകുമെന്നാണ് ഖത്തർ ചാരിറ്റി വ്യക്തമാക്കുന്നത്.
ഓരോ സ്കൂളുകളിലും 14 ഡബിൾ ടേബിളുകളും 28 സ്റ്റുഡൻറ് ചെയറുകളും സജ്ജമാക്കിയിട്ടുണ്ട്. ഇതോടൊപ്പം അധ്യാപകർക്കായി ഒരു മേശയും കസേരവും അധികമുണ്ടാകും. കൂടാതെ വിദ്യാർഥികളുടെ സുരക്ഷക്കായുള്ള സേഫ്റ്റി ഡിവൈസ്, അഗ്നിശമന ഉപകരണം, പ്രഥമ ശുശ്രൂഷാ കിറ്റ് എന്നിവയുമുണ്ട്. വിദ്യാർഥികൾക്ക് പഠനാന്തരീക്ഷം ഒരുക്കുന്നതിനായി ചുവരുകളിൽ പോസ്റ്ററുകളും ചിത്രങ്ങളും പതിക്കുകയും ചെയ്തിട്ടുണ്ട്.
വടക്കൻ സിറിയയിൽ പാഠപുസ്തകങ്ങൾ വിതരണം ചെയ്യാനുള്ള രണ്ടാം ഘട്ട പദ്ധതിയും ഖത്തർ ചാരിറ്റി പൂർത്തിയാക്കി. നാല് ലക്ഷത്തിലധികം വരുന്ന വിദ്യാർഥികൾക്കായി ഇക്കഴിഞ്ഞ അധ്യായന വർഷത്തിൽ 40 ലക്ഷത്തോളം ടെക്സ്റ്റ് പുസ് തകങ്ങളാണ് ഖത്തർ ചാരിറ്റി വിതരണം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.