കണ്ണഞ്ചിപ്പിക്കും കരവിരുതായി ‘തദ്വീർ’
text_fieldsസൂഖ് വാഖിഫിൽ നടക്കുന്ന തദ്വീർ പ്രദർശനത്തിൽ വിൽ കുർട്സിന്റെ ഫുട്ബാൾ താരങ്ങളുടെ സൃഷ്ടി
ദോഹ: ഇരുമ്പ്, കടലാസ്, മരം... അങ്ങനെ ഉപയോഗിച്ചെറിയുന്ന ഒന്നും പാഴ്വസ്തുവല്ലെന്ന് ബോധ്യപ്പെടുത്തുന്ന അപൂർവ പ്രദർശനത്തിന് വ്യാഴാഴ്ച രാത്രി ദോഹയിൽ കൊടിയിറങ്ങുകയാണ്. സൂഖ് വാഖിഫ് ആർട്ട് സെൻററുമായി സഹകരിച്ച്, സൂഖ് വാഫിഖ് സെലിബ്രേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന പത്തു ദിവസത്തെ ‘തദ്വീർ’ പ്രദർശനം ഇന്നുകൂടി മാത്രം.
17 രാജ്യങ്ങളിൽനിന്നായി 30ഓളം കലാകാരന്മാർ തങ്ങളുടെ കരവിരുതുകൾ തീർത്ത 280ഓളം പ്രദർശനങ്ങളായിരുന്നു ‘തദ്വീറിനെ വേറിട്ടതാക്കിയത്. രാവിലെ ഒമ്പതു മുതൽ ഉച്ച ഒരു മണിവരെയും വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതു വരെയും നീളുന്ന പ്രദർശനത്തിൽ കാഴ്ചക്കാർക്കുമുന്നിൽ അവർ അത്ഭുതങ്ങളുടെ ഗാലറി തീർത്തു.
പാഴ്വസ്തുക്കളിൽനിന്ന് പുനരുൽപാദനം ചെയ്തത് എന്നാണ് ‘തദ്വീർ’ എന്ന അറബി വാക്കിന്റെ അർഥം. പേര് ഇവിടെ പ്രദർശനത്തിലും പ്രതിഫലിക്കുന്നു. 18ന് ആരംഭിച്ച്, വ്യാഴാഴ്ച കൊടിയിറങ്ങുന്ന പ്രദർശന നഗരിയിലെത്തി മടങ്ങുന്നവരെയെല്ലാം കലാകാരന്മാരാക്കാനും കഴിയുന്നുവെന്ന പ്രത്യേകതയുമുണ്ട്. നിത്യജീവിതത്തിൽ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേപ്പറും മരവും ഇരുമ്പും ഉൾപ്പെടെ എന്തിനെയും ഇവിടെയുള്ള കലാകാരന്മാർ അതിശയിപ്പിക്കുന്ന വസ്തുക്കളാക്കി മാറ്റുകയാണ്.
ഖത്തറിന്റെ സുസ്ഥിര ചിന്തകളുടെയും പദ്ധതികളുടെയും പ്രതിഫലനമാണ് പ്രദർശനമെന്ന് സൂഖ് വാഖിഫ് ആർട് സെൻറർ മാനേജർ റൗദ അൽ മൻസൂരി സാക്ഷ്യപ്പെടുത്തുന്നു.
പക്ഷികൾ, കുതിര, കാളക്കൂറ്റൻ, ആന ഉൾപ്പെടെ വിവിധ ജീവജാലങ്ങൾ, ലയണൽ മെസ്സിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും കളിക്കളത്തിൽ സൃഷ്ടിച്ച ഭാവനകൾ തുടങ്ങി ചെറുതും വലുതുമായ അത്ഭുതകരമായ സൃഷ്ടികളാണ് തദ്വീറിന്റെ ആകർഷണം. പേപ്പറും മരവും ഇരുമ്പും ഇലക്ട്രിക് ഉപകരണങ്ങളും ഉൾപ്പെടെ പാഴ്വസ്തുക്കളെ സൂക്ഷ്മമായി ഉപയോഗിച്ചാണ് ഓരോന്നും തീർത്തതെന്നതും അതിശയിപ്പിക്കുന്നു. ക്ലോക്കിന്റെ സമയസൂചികളും മോട്ടോറുമെല്ലാം ഉപയോഗിച്ച് തീർത്ത ആമയും കുതിരയും ഒട്ടകവുമെല്ലാം കാഴ്ചക്കാരനെ വിസ്മയിപ്പിക്കുന്നു.
അമേരിക്കൻ കലാകാരനായ വിൽ കുർട്സിന്റെ സൃഷ്ടികൾ കാഴ്ചക്കാരനെ അതിശയിപ്പിക്കുന്നതാണ്. ഖത്തർ ലോകകപ്പിന്റെ ഓർമകൾ തിരികെയെത്തിച്ച് തീർത്ത കളിക്കളത്തിൽ കിലിയൻ എംബാപ്പെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, മെസ്സി എന്നിവരെ പാഴ് പേപ്പറുകളിലാണ് വിൽ കുർട്സ് സൃഷ്ടിച്ചത്. ഫുട്ബാൾ താരങ്ങൾക്കൊപ്പം ബാസ്കറ്റ്ബാൾ ഇതിഹാസം മൈകൽ ജോർഡനുമുണ്ട്. രൂപത്തിലും ജഴ്സിയുടെ നിറത്തിലും ആക്ഷനിലുമെല്ലാം ഒറിജിനലിനെ വെല്ലുന്ന ഈ സൃഷ്ടി തന്നെയാണ് പ്രദർശനത്തിലെ ശ്രദ്ധാകേന്ദ്രം. അമേരിക്ക, ആസ്ട്രേലിയ, കാനഡ, നൈജീരിയ, കുവൈത്ത്, ഇറാഖ്, ഇറ്റലി, ഇറാൻ, കോസ്റ്ററീക, ഖത്തർ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാർ പങ്കെടുക്കുന്ന തദ്വീറിൽ ആയിരങ്ങളാണ് ഇതിനകം സന്ദർശകരായെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.