ഖത്തർ മലയാളികളുടെ അഭിമാനമായി തഹ്സിൻ
text_fieldsദോഹ: കഠിനാധ്വാനവും കൈവിടാത്തൊരു സ്വപ്നവുമുണ്ടെങ്കിൽ എന്തും സാധ്യമാകുമെന്നതിന്റെ സാക്ഷ്യമാണ് തഹ്സിൻ മുഹമ്മദ് ജംഷിദ് എന്ന 17കാരനായ മലയാളിപ്പയ്യൻ. അവൻ ഇപ്പോൾ ചുവടുവെച്ചു കയറുന്ന നേട്ടങ്ങളാണ് ഖത്തറിലെ ഓരോ കൗമാരക്കാരന്റെയും യുവാക്കളുടെയും സ്വപ്നങ്ങൾ. തൊഴിൽ തേടിയെത്തിയ ഒരു മലയാളി പ്രവാസി കുടുംബത്തിലെ ഇളമുറക്കാരനായി ഈ നാട്ടിൽ പിറന്ന്, കളിച്ചും പഠിച്ചും വളർന്ന് കൗമാരത്തിൽ അവൻ ചുവടുവെച്ചു കയറിയത് തുടർച്ചയായി രണ്ടാം തവണയും ഏഷ്യൻ കപ്പ് ജേതാക്കളെന്ന പകിട്ടുമായി തിളങ്ങിനിൽക്കുന്ന ‘അന്നാബി’യുടെ കുപ്പായത്തിലേക്ക്.
ഹസൻ അൽ ഹൈദോസും അക്രം അഫീഫും തിളങ്ങുന്ന ടീമിൽ അവരുടെ പിന്മുറക്കാരനായി ഒരു മലയാളി പന്തു തട്ടുന്നുവെന്നത് കഠിനാധ്വാനത്തിനും പരിശ്രമത്തിനുമുള്ള അംഗീകാരം കൂടിയാണ്. ചൊവ്വാഴ്ച രാത്രി വൈകിയായിരുന്നു 29 അംഗ ദേശീയ ടീം പ്രഖ്യാപനം. സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി, യുവനിരയുമായി ഖത്തർ അങ്കത്തിനിറങ്ങിയപ്പോൾ തഹ്സിനും അൽ അഹ്ലിയുടെ യൂസുഫ് സിയാദും അണ്ടർ 19 ടീമിൽ നിന്നും ഇടം ഉറപ്പിക്കുകയായിരുന്നു.
കൗമാര ടീമുകളിൽ ഖത്തറിനായും സ്വന്തം ക്ലബായ അൽ ദുഹൈലിനു വേണ്ടിയും മികച്ച പ്രകടനം നടത്തിയതിന്റെ പിന്നാലെ കഴിഞ്ഞ മാർച്ചിലാണ് തഹ്സിനെ അൽ ദുഹൈൽ സീനിയർ ടീമിലേക്ക് ക്ഷണിക്കുന്നത്. മാർച്ച് 31ന് അൽ ഷമാലിനെതിരായ മത്സരത്തിൽ ബെഞ്ചിലിരുന്ന താരം, അടുത്ത കളിയിൽ അൽ റയാനെതിരെ ഇഞ്ചുറി ടൈമിൽ പകരക്കാരനായിറങ്ങി ചരിത്രം കുറിച്ചു. പിന്നാലെ, ടീമിലെ സ്ഥിര സാന്നിധ്യമായ താരം അമീർ കപ്പിലും ദുഹൈൽ നിരയിൽ ബൂട്ടുകെട്ടി. ഏറ്റവും ഒടുവിൽ അമീർ കപ്പ് സെമിയിൽ ഫിലിപ് കുടീന്യോയുടെ പകരക്കാരനായി കളത്തിലിറങ്ങാനായിരുന്നു നിയോഗം.
പ്രചോദനം നൽകുന്ന മറൂൺ കുപ്പായം
ലോകകപ്പ് ഫുട്ബാൾ മുതൽ ഒരുപിടി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായ ഖത്തർ, പ്രവാസി മലയാളികൾ ഉൾപ്പെടെ നിരവധി പേരിലാണ് ഫുട്ബാൾ ആവേശത്തിന് വിത്തുപാകിയത്. ഫുട്ബാൾ പരിശീലന കേന്ദ്രങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലെ അക്കാദമികളും ഫിറ്റ്നസ് സൗകര്യങ്ങളും, മികച്ച ഗ്രൗണ്ടുകളും ടൂർണമെൻറുകളും ഉൾപ്പെടെ അടിസ്ഥാന സൗകര്യം ഉപയോഗിക്കാനും വളരാനും ഇവിടെ സാധ്യതകളുണ്ട്. സ്കൂൾ തല ഫുട്ബാൾ മുതൽ ജനറേഷൻ അമേസിങ് വരെ വമ്പൻ പദ്ധതികളും ഫുട്ബാളിന് ഊർജം പകരുന്നു. ഈ വേദികൾ ഉപയോഗപ്പെടുത്തി മികവു തെളിയിച്ചാൽ ദേശീയ ടീം വരെയുള്ള സാധ്യതകളിലേക്കാണ് തഹ്സിന്റെ നേട്ടം വഴിതുറക്കുന്നത്. തങ്ങളെപോലെ ഒരു കുടുംബത്തിൽ നിന്നുള്ള അംഗം ദേശീയ ടീമിലെത്തിയ വാർത്തയെ ഖത്തറിലെ പ്രവാസി മലയാളികളും ആഘോഷപൂർവം വരവേറ്റു. സമൂഹ മാധ്യമങ്ങളിൽ അഭിനന്ദന സന്ദേശവുമായാണ് ദേശീയ ടീം പ്രവേശനത്തെ ആഘോഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.