ഖത്തർ അണ്ടർ 20 ടീമിൽ പന്ത് തട്ടാൻ തഹ്സിൻ
text_fieldsദോഹ: അണ്ടർ 20 ഏഷ്യൻ കപ്പ് യോഗ്യത മത്സരത്തിനുള്ള ഖത്തർ ടീമിൽ ഇടം പിടിച്ച് മലയാളികളുടെ അഭിമാനതാരം തഹ്സിൻ മുഹമ്മദ്. സെപ്റ്റംബർ 25ന് ഖത്തറിൽ ആരംഭിക്കുന്ന യോഗ്യത മത്സരങ്ങൾക്കുള്ള 23 അംഗ ദേശീയ ടീമിലാണ് കണ്ണൂർ വളപട്ടണം സ്വദേശിയായ തഹ്സിൻ ഇടംനേടിയത്.
നേരത്തേ ദേശീയ സീനിയർ ടീമിലും അണ്ടർ 17 ടീമുകളിലും തഹ്സിൻ ഖത്തറിനായി കളിച്ചിരുന്നു. 2025 ഫെബ്രുവരിയിൽ ചൈനയിൽ നടക്കുന്ന അണ്ടർ 20 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളുടെ ഗ്രൂപ് ‘ജെ’യിലാണ് ഖത്തർ മാറ്റുരക്കുന്നത്. ജോർഡൻ, സിംഗപ്പൂർ, ഹോങ്കോങ് ടീമുകൾ ഉൾക്കൊള്ളുന്ന ഗ്രൂപ്പിലെ മത്സരങ്ങൾക്കെല്ലാം ദോഹയാണ് വേദിയാകുന്നത്.
തഹ്സിൻ ഉൾപ്പെടെ 23 അംഗ ടീമിനെയാണ് കോച്ച് ഫെലിക്സ് എയ്ഞ്ചൽ പ്രഖ്യാപിച്ചത്. നാല് ടീമുകൾ മാറ്റുരക്കുന്ന ഗ്രൂപ്പിൽനിന്നും ഒന്നാം സ്ഥാനക്കാർ നേരിട്ട് ഏഷ്യൻ കപ്പിന് യോഗ്യത നേടും.
നേരത്തേ അണ്ടർ 17 ദേശീയ ടീമിലും ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ് അൽ ദുഹൈലിലുമായി മധ്യനിരയിൽ മിന്നും പ്രകടനം കാഴ്ചവെച്ച തഹ്സിന് ജൂൺ ആദ്യ വാരത്തിൽ നടന്ന ലോകകപ്പ് യോഗ്യത റൗണ്ടിലൂടെയായിരുന്നു ദേശീയ സീനിയർ ടീമിലേക്കുള്ള അരങ്ങേറ്റം. സൗദിയിലെ ഹുഫൂഫിൽ അഫ്ഗാനിസ്താനെതിരായ മത്സരത്തിന്റെ െപ്ലയിങ് ഇലവനിൽ ഇടം നേടി 60 മിനിറ്റോളം കളിച്ച് ചരിത്രം കുറിച്ചു. പിന്നാലെ, ഇന്ത്യക്കെതിരായ ടീമിലും ഉൾപ്പെട്ടെങ്കിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം.
ആസ്പയറിലൂടെ കളി പഠിച്ച്, അൽ ദുഹൈൽ ക്ലബിന്റെ ജൂനിയർ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച തഹ്സിൻ കഴിഞ്ഞ ഏപ്രിലിലാണ് ഫിലിപ് കുടീന്യോ ഉൾപ്പെടെ താരങ്ങൾക്കൊപ്പം ദുഹൈലിന്റെ സീനിയർ ടീമിലെത്തുന്നത്. കഴിഞ്ഞ സീസണിൽ ഏതാനും മത്സരങ്ങളിൽ ദുഹൈലിനു വേണ്ടി കളിച്ചു.
ഇടവേള കഴിഞ്ഞ്, അണ്ടർ 20 ഏഷ്യൻ കപ്പിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി ടീമിനൊപ്പം വിദേശ പര്യടനവും പൂർത്തിയാക്കി ഖത്തറിലെത്തിയതിനു പിന്നാലെയാണ് കോച്ച് ഫെലിക്സ് എയ്ഞ്ചൽ ടീമിനെ പ്രഖ്യാപിച്ചത്. കണ്ണൂർ തലശ്ശേരി സ്വദേശിയായ ജംഷിദാണ് തഹ്സിന്റെ പിതാവ്. വളപട്ടണം സ്വദേശി ഷൈമയാണ് മാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.