രക്ഷകനായി തമീം; ഖത്തർ ഗൾഫ് കപ്പ് സെമിയിൽ
text_fieldsദോഹ: കളി തീരാൻ രണ്ടു മിനിറ്റ് മാത്രം ബാക്കിയിരിക്കേ തമീം മൻസൂറിന്റെ തകർപ്പൻ ഗോളിൽ അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാളിന്റെ സെമിഫൈനലിലേക്ക് മുന്നേറി ഖത്തർ. നിർണായകമായ അവസാന ഗ്രൂപ് മത്സരത്തിൽ യു.എ.ഇക്കെതിരെ 1-1ന് സമനില നേടിയാണ് ഖത്തർ നാലു പോയന്റുമായി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി അവസാന നാലിൽ ഇടമുറപ്പിച്ചത്. 77ാം മിനിറ്റിൽ കൈയോ കനേഡോ നേടിയ ഗോളിൽ ജയമുറപ്പിച്ചുനിന്ന യു.എ.ഇ വലയിലേക്ക് 88ാം മിനിറ്റിൽ പന്തു പായിച്ച തമീം മൻസൂർ ഖത്തറിന്റെ രക്ഷകനാവുകയായിരുന്നു. ഖത്തറിന്റെ വിഖ്യാത താരമായിരുന്ന മൻസൂർ മുഫ്തായുടെ മകനായ മൻസൂർ ദേശീയ ജഴ്സിയിൽ അരങ്ങേറിയത് ഈ ടൂർണമെന്റിലാണ്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ബഹ്റൈനും കുവൈത്തും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഏഴു പോയന്റുമായി ബഹ്റൈൻ ഒന്നാം സ്ഥാനക്കാരായി സെമിയിലെത്തിയപ്പോൾ കുവൈത്തിനും നാലു പോയന്റ് സമ്പാദ്യമുണ്ടായിരുന്നു. എന്നാൽ, ഗോൾശരാശരിയിലെ മുൻതൂക്കം ഖത്തറിന് തുണയായി. ഗ്രൂപ് എയിലെ ഒന്നാം സ്ഥാനക്കാരായ ഇറാഖാണ് സെമിയിൽ ഖത്തറിന്റെ എതിരാളികൾ. മറ്റൊരു സെമിയിൽ ബഹ്റൈനും ഒമാനും ഏറ്റുമുട്ടും. ലോകകപ്പ് ഫുട്ബാളിൽ മൂന്നു ഗ്രൂപ് മത്സരങ്ങളും തോറ്റ് നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച ഖത്തറിന് യുവതാരങ്ങളടങ്ങിയ ടീമിന്റെ ഗൾഫ് കപ്പ് സെമി പ്രവേശനം ഏറെ ആശ്വാസമായി.
4-2-3-1 ഫോർമേഷനിലാണ് ഇരുനിരയും വിധിനിർണായക മത്സരത്തിന് കളത്തിലെത്തിയത്. കളിയുടെ തുടക്കം മുതൽ ആക്രമണ മനോഭാവവുമായി യു.എ.ഇ ഗോൾമുഖത്തേക്ക് ഇരച്ചുകയറുകയായിരുന്നു ഖത്തർ സ്വീകരിച്ച തന്ത്രം. എട്ടാം മിനിറ്റിൽ അഹ്മദ് അലാവുദ്ദീന് അവസരം കിട്ടിയെങ്കിലും ദുർബലമായ ഷോട്ട് യു.എ.ഇ ഗോളി ഖാലിദ് ഈസയുടെ കൈയിലേക്കായിരുന്നു. പന്തിന്മേൽ വ്യക്തമായ മേധാവിത്വം കാട്ടിയ അന്നാബികളുടെ നിയന്ത്രണത്തിലായിരുന്നു തുടക്കത്തിൽ കളി. പതിയെ യു.എ.ഇ താളം വീണ്ടെടുത്ത് കളത്തിൽ സാന്നിധ്യമറിയിക്കാൻ തുടങ്ങിയതോടെ മത്സരം തുല്യശക്തികളുടേതായി. 16ാം മിനിറ്റിൽ തങ്ങളുടെ മിന്നും ഫോമിലുള്ള സ്ട്രൈക്കർ അഹ്മദ് അലാവുദ്ദീനെ പരിക്കുകാരണം നഷ്ടമായത് ഖത്തറിന്റെ ആത്മവിശ്വാസത്തെ ബാധിച്ചു. അലാവുദ്ദീന് പകരം യൂസുഫ് അബൂരിസാഗാണ് കളത്തിലെത്തിയത്.
യു.എ.ഇ പൗരത്വം നേടി രാജ്യത്തിന് കളിക്കാൻ യോഗ്യരായ ഫാബിയോ ലിമയും കൈയോ കനേഡോയുമാണ് ഖത്തറിനെതിരെ ആക്രമണം നയിച്ചത്. 22ാം മിനിറ്റിൽ ലിമക്ക് മികച്ച അവസരം കിട്ടിയെങ്കിലും ഹെഡർ ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 33ാം മിനിറ്റിൽ ഖാലിദ് മുനീറിന് ഗോൾപോസ്റ്റിനു മുന്നിൽ മികച്ച അവസരം ലഭിച്ചെങ്കിലും ഷോട്ട് പുറത്തേക്കായിരുന്നു. ഇടവേളക്കുശേഷം ഖത്തർ ഓൾഔട്ട് അറ്റാക്കിങ്ങിന്റെ മൂഡിലായിരുന്നു. അന്നാബികൾ ഇരച്ചുകയറിയപ്പോൾ എമിറേറ്റ്സുകാർ പിന്നണിയിൽ പടുകോട്ട കെട്ടി പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങളിലായിരുന്നു അവരുടെ പ്രതീക്ഷ. കളി ഒരു മണിക്കൂറാകവേ, ഖലിദ് മുനീറിനെയും മുഹമ്മദ് വാദിനെയും മാറ്റി പകരം തമീം മൻസൂറിനെയും അഹ്മദ് ഫാദിലിനെയും ഖത്തർ കളത്തിലെത്തിച്ചു.
കളിഗതിക്ക് വിപരീതമായി 67ാം മിനിറ്റിൽ യു.എ.ഇ പെനാൽറ്റി നേടുന്നതായിരുന്നു മത്സരത്തിലെ ആദ്യ നാടകീയ കാഴ്ച. ‘വാറി’ന്റെ സ്ഥിരീകരണത്തിൽ റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയപ്പോൾ കിക്കെടുക്കാനെത്തിയത് കനേഡോ. എന്നാൽ, കിക്ക് പോസ്റ്റിന് പുറത്തേക്ക് പറന്നതോടെ ഖത്തറിന് ആശ്വാസമായി. ആ ആശ്വാസം പക്ഷേ, അധികം നീണ്ടുനിന്നില്ല. കൃത്യം പത്തുമിനിറ്റ് പിന്നിടവേ തന്റെ പിഴവിന് കനേഡോ പ്രായശ്ചിത്തം ചെയ്തു. ‘ബ്രസീലിയൻ’ കൂട്ടുകെട്ട് തുണക്കെത്തിയപ്പോൾ ലിമയുടെ പാസിൽനിന്നായിരുന്നു കനേഡോയുടെ ഗോൾ.
ഒരു ഗോളിന് പിന്നിലായതോടെ ഖത്തറിന് ആധിയായി. ബഹ്റൈൻ-കുവൈത്ത് മത്സരം സമനിലയിലായാൽ തങ്ങൾ സെമി കാണാതെ പുറത്താകുമെന്ന തിരിച്ചറിവിൽ അവർ ആക്രമണം കനപ്പിച്ചു. ഒടുവിൽ നിശ്ചിത സമയം തീരാൻ രണ്ടുമിനിറ്റ് മാത്രം ശേഷിക്കേ തമീം രക്ഷകനായി അവതരിക്കുകയായിരുന്നു. ഇടതു വിങ്ങിൽനിന്ന് എതിർപ്രതിരോധക്കാർക്കിടയിലൂടെ ഹൊമാം അഹ്മദ് ഉയർത്തിയിട്ട പാസിനെ റണ്ണിങ് ചിപ്പിലൂടെ വലയിലേക്ക് വഴിമാറ്റിവിട്ടായിരുന്നു തമീമിന്റെ സമനിലഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.