തർശീദ് സംരംഭം: 289 ജിഗാവാട്ട് ഹവർ വൈദ്യുതി ഉപഭോഗം കുറക്കാനായി
text_fieldsദോഹ: ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷെൻറ (കഹ്റമ) തർശീദ് സംരംഭത്തിലൂടെ കഴിഞ്ഞ വർഷം 300 ദശലക്ഷം റിയാലിെൻറ നേട്ടം ലഭിച്ചെന്ന് കഹ്റമ പ്രസിഡൻറ് എൻജി. ഈസ ബിൻ ഹിലാൽ അൽ കുവാരി പറഞ്ഞു.തർശീദ് പരിപാടിയിലൂടെ കഴിഞ്ഞ വർഷം 289 ജിഗാവാട്ട് ഹവർ വൈദ്യുതി ഉപഭോഗം കുറക്കാൻ സാധിച്ചു. അതോടൊപ്പം 32 ദശലക്ഷം ഘനമീറ്റർ വെള്ളത്തിെൻറ ഉപഭോഗവും കുറക്കാൻ സാധിച്ചു. 2020ൽ 3027 മില്യൺ ഘനയടി പ്രകൃതി വാതക ഉപഭോഗവും തർശീദിലൂടെ കുറക്കാനായി. ഇതിലൂടെ ആകെ 300 മില്യൺ റിയാലാണ് ലാഭിക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജലം, വൈദ്യുതി ദുരുപയോഗം തടയുന്നതിനും മിതോപയോഗം ശീലമാക്കുന്നതിന്നും ബോധവത്കരണം നടത്താനായി ദേശീയതലത്തിൽ ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (കഹ്റമ) ആരംഭിച്ച കാമ്പയിനാണ് തർശീദ്. വൈദ്യുതി, ജല മേഖലയിൽ നിന്നുള്ള പ്രവർത്തനങ്ങളിലൂടെ പുറന്തള്ളപ്പെടുന്ന കാർബണിെൻറ അളവ് 0.4 മില്യൺ ടൺ കുറക്കാൻ സാധിച്ചതും നേട്ടമാണ്. 2020ലെ തർശീദിെൻറ നേട്ടങ്ങൾ സംബന്ധിച്ച് കഹ്റമ സംഘടിപ്പിച്ച ഓൺലൈൻ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റസിഡൻഷ്യൽ മേഖലയിൽ ജലത്തിെൻറയും വൈദ്യുതിയുടെയും നിലവിലെ ഉപഭോഗത്തേക്കാൾ അഞ്ചു ശതമാനം ഉപഭോഗം കുറക്കാൻ പ്രത്യേക കാമ്പയിൻ നടത്തുന്നുമുണ്ട്. ഖത്തറിൽ ഒരാൾ ഉപയോഗിക്കുന്ന വെള്ളത്തിെൻറ അളവ് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ നിരക്കിലുള്ളതാണ്. രാജ്യത്തെ ആളോഹരി ജല ഉപയോഗം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. രാജ്യത്ത് പ്രതിദിനം ഒരാള്‍ 500 ലിറ്ററിലധികം വെള്ളം ഉപയോഗിക്കുന്നുണ്ട്.
2021, 2022 വർഷങ്ങളിലായി നാല് ഘട്ടങ്ങളായാണ് പുതിയ സംരംഭം നടപ്പാക്കുക. ഈ വർഷം ഏപ്രിൽ 11 മുതൽ തുടങ്ങിയ ആദ്യഘട്ടം മേയ് 20 വരെയാണ് നടക്കുക. ഈ ഘട്ടത്തിൽ ജല, വൈദ്യുതി ഉപഭോഗം കുറക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യാവലി ഉപഭോക്താക്കളിലേക്കെത്തിക്കും. രണ്ടാം ഘട്ടത്തിൽ ചോദ്യാവലിയുടെ ഉത്തരങ്ങൾ വിശകലനം ചെയ്യുകയും തർശീദ് പേജിൽ ഉപഭോഗം കുറക്കുന്നതുമായി ബന്ധപ്പെട്ട ഇൻററാക്ടിവ് പ്ലാറ്റ്ഫോം ആരംഭിക്കുകയും ചെയ്യും.
2021 ആഗസ്റ്റ് ഒന്നു മുതൽ 2022 ജനുവരി 31 വരെയുള്ള മൂന്നാം ഘട്ടത്തിൽ ഇലക്േട്രാണിക് ആപ് വഴിയുള്ള ഇൻററാക്ടിവ് പ്ലാറ്റ് ഫോം ആരംഭിക്കും. ഫെബ്രുവരി ഒന്നുമുതൽ മാർച്ച് ഒന്ന് 2022 വരെയുള്ള നാലാംഘട്ടത്തിൽ മൂന്ന് ഘട്ടങ്ങളുടെ വിശകലനവും വിലയിരുത്തലും നടക്കും. പുതിയ കാമ്പയിനിലൂടെ അഞ്ച് ശതമാനം ജല, വൈദ്യുതി ഉപഭോഗം കുറക്കാം.
കഴിഞ്ഞ 20 വര്‍ഷത്തിനിടെ രാജ്യത്തിെൻറ ജലോപഭോഗം പ്രതിവര്‍ഷം എട്ട് ശതമാനം വര്‍ധിക്കുകയാണെന്നാണ് കണക്കുകൾ. 2020ലെ ഏറ്റവും ഉയര്‍ന്ന ഉപഭോഗ നിരക്ക് പ്രതിദിനം 438 ദശലക്ഷം ഗ്യാലനും ഉൽപാദന ശേഷി പ്രതിദിനം 476 ദശലക്ഷം ഗ്യാലനുമാണ്. 2021 രണ്ടാം പാദത്തില്‍ 2020നെ അപേക്ഷിച്ച് 13 ശതമാനം വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. മൊത്തം ഉൽപാദന ശേഷി പ്രതിദിനം 536 ദശലക്ഷം ഗ്യാലനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ വെള്ളത്തിെൻറ ആവശ്യങ്ങള്‍ 2025 വരെ സുരക്ഷിതമായി നിറവേറ്റാനാവുമെന്നും കഹ്റമ പറയുന്നു.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാധികാരത്തിൽ 2012ലാണ് തർശീദ് പദ്ധതി ആരംഭിച്ചത്. നിരവധി നേട്ടങ്ങൾ ഇതിനകം കൈവരിക്കാനായി. കാലാവസ്ഥ വ്യതിയാനത്തിനെതിരെ പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെ ഊർജിതമാക്കുക എന്നതാണ് തർശീദിെൻറ പ്രധാന ആണിക്കല്ല്. ഭരണ, സാങ്കേതിക രംഗത്തും തർശീദ് പരിപാടിയുടെ ആരോഗ്യകരമായ സ്വാധീനമുണ്ടായിട്ടുണ്ട്. എയർ കണ്ടീഷണറുകൾക്കായി മുന്നോട്ടുവെച്ച എനർജി എഫിഷ്യൻസി സ്റ്റാൻഡേർഡ് വഴി ഇതുവരെ 61 മില്യൺ റിയാൽ ലാഭിക്കാനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.