ഖത്തർ ജനതയുടെ ഹൃദയം കീഴടക്കാൻ തുർക്കി സൈനികർക്ക് സാധിക്കണം –ഉർദുഗാൻ
text_fieldsദോഹ: ഔദ്യോഗിക സന്ദർശനത്തിെൻറ ഭാഗമായി രാജ്യത്തെത്തിയ തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉർദുഗാൻ ഖത്തറിലെ തുർക്കി സൈനിക കേന്ദ്രം സന്ദർശിച്ചു.ഖത്തർ ജനതയുടെ ഹൃദയങ്ങൾ കീഴടക്കണമെന്ന് സൈനികരോട് സംവദിക്കവേ ഉർദുഗാൻ ആവശ്യപ്പെട്ടു. നമ്മുടെ സ്നേഹം കൊണ്ടും ആദരവ് കൊണ്ടും ഖത്തർ ജനതയുടെ ഹൃദയങ്ങൾ കീഴടക്കാൻ നിങ്ങൾക്ക് സാധിക്കണമെന്നും ഖത്തറിലെ നമ്മുടെ നായകന്മാരിൽ നിന്നും നാം പ്രതീക്ഷിക്കുന്നതതാണെന്നും സൈനിക ജോലികൾക്കിടയിലും നമുക്ക് അത് നേടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം സൈനികർക്ക് നിർദ്ദേശം നൽകി.
ഖത്തറിൽ തുർക്കി പട്ടാളത്തിെൻറ ജോലികൾ ആരംഭിച്ചെന്ന് വ്യക്തമാക്കിയ അദ്ദേഹം, സൗഹൃദം, സമാധാനം, സത്യസന്ധത എന്നിവയാണ് നിങ്ങളുടെ ഇവിടെയുള്ള നിലനിൽപ്പിന് ആധാരമായിട്ടുള്ളതെന്നും ഉർദുഗാൻ വിശദീകരിച്ചു. പ്രയാസഘട്ടങ്ങളിലും നമ്മുടെ പൂർവികർ ബാക്കി വെച്ച മഹത്തായ പൈതൃകങ്ങൾ പിൻപറ്റി നമ്മുടെ സഹോദരൻമാരോടും സുഹൃത്തുക്കളോടും പെരുമാറണമെന്നും വളരെയധികം വിലകൊടുക്കേണ്ടിവന്നിട്ടും ചരിത്രത്തിലുടനീളം നാം ഒരിക്കലും പിന്തുണ നൽകുന്നതിൽ അറച്ചു നിന്നിട്ടില്ലെന്നും അതാണ് നമ്മുടെ പാരമ്പര്യമെന്നും സൈനികർക്ക് തുർക്കി പ്രസിഡൻറ് ആവേശം പകർന്നു. ഈ പ്രതിസന്ധി ഘട്ടത്തിലാണ് നാം നമ്മുടെ സൈനിക ശക്തി ഖത്തർ ക്യാമ്പിൽ മൂന്നിരട്ടിയാക്കി വർധിപ്പിച്ചതെന്നും 2015 മുതൽ നാം ഖത്തറിലുണ്ടെന്നും പ്രതിസന്ധി സമയത്ത് ഖത്തറിന് തുർക്കിയുടെ പിന്തുണ വ്യക്തമാക്കിക്കൊണ്ട് ഉർദുഗാൻ ചൂണ്ടിക്കാട്ടി.
തുർക്കി സൈനികർ ഒരിക്കലും അവരുടെ ധാർമ്മികതയും ഉൾക്കരുത്തും ദൈവഭയവും ഒരിക്കലും റദ്ദ് ചെയ്യുകയില്ലെന്നും മറ്റു സൈനികരിൽ നിന്നും നമ്മെ വ്യത്യസ്തമാക്കുന്നതിവയാണെന്നും പ്രസിഡൻറ് സൂചിപ്പിച്ചു. 2014ലെ ഖത്തറും തുർക്കിയും തമ്മിലുള്ള പ്രതിരോധ സഹകരണത്തിെൻറ ഭാഗമായാണ് ഖത്തറിൽ തുർക്കി സൈനിക ക്യാമ്പ് സ്ഥാപിക്കുന്നത്. സൈനിക ബേസിൽ 250 പേരുണ്ടെന്ന് ഉർദുഗാൻ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.