കടുപ്പത്തിലൊരു ചായയും കാപ്പിയും
text_fieldsദോഹ: ചായയും കാപ്പിയും ചോക്ലറ്റും ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി മാത്രമായൊരു മേള. പെരുന്നാൾ പിറ്റേന്ന് മിന ഡിസ്ട്രിക്ടിലെ ദോഹ തുറമുഖത്താണ് ഏഴാമത് ‘കോഫീ, ടീ, ചോക്ലറ്റ്’ (സി.ടി.സി) മേളക്ക് തുടക്കം കുറിച്ചത്. എട്ട് റസ്റ്റാറന്റുകൾ ഉൾപ്പെടുന്ന ഫുഡ് കോർട്ടിനൊപ്പം ചായ, കാപ്പി, ചോക്ലറ്റ്, മധുരപലഹാരങ്ങൾ എന്നിവക്കായി 40ലധികം കിയോസ്കുകളാണ് മേളയിലുള്ളത്. ഈദിന്റെ രണ്ടാം ദിനം ആരംഭിച്ച മേള 10 ദിവസം നീളുമെന്ന് സി.ടി.സി ജനറൽ മാനേജർ ജോർജ് സൈമൺ പറഞ്ഞു. മേളയോടനുബന്ധിച്ച് കുട്ടികൾക്ക് കാർണിവൽ മേഖലയും ദിനേന വിവിധ വിനോദ പ്രകടനങ്ങൾക്കായി പ്രത്യേക വേദിയും തുറമുഖത്ത് സജ്ജമാക്കിയിട്ടുണ്ട്. കുട്ടികൾക്കും കുടുംബങ്ങൾക്കും മേള ആസ്വാദ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോർജ് സൈമൺ പറഞ്ഞു. വൈകീട്ട് നാല് മുതൽ രാത്രി 12 വരെയാണ് ചായ,കാപ്പി,ചോക്ലറ്റ് മേള. ഖത്തർ ഇന്റർനാഷനൽ ഇംപോർട്ട് ആൻഡ് എക്സ്പോർട്ട്, മക്ലാരൻ കഫേ, ഐസ്ക്രീം പ്ലാസ, സ്വീറ്റിയോ, ഗോഡിവ, കഫേർ വെർഗ്നാനോ, ഖത്തർ ഒയാസിസ്, ചുറോസ്, ഓപ്, മൈക്ക്, ഡോൾഡ് ഫ്രെസ്കോ, പോപ്കോൺ ഗാലറി എന്നിവ ഈ വർഷത്തെ പ്രദർശനത്തിൽ പങ്കെടുക്കുന്ന പ്രമുഖരാണ്.
അൽ ബിദ്ദ പാർക്കിൽ 2023 നവംബർ 23 മുതൽ ഡിസംബർ രണ്ടുവരെ നടന്ന മേളയിൽ 70,000ലധികം സന്ദർശകരായിരുന്നു എത്തിയത്. ദോഹ എക്സ്പോ 2023നോട് ചേർന്ന് സംഘടിപ്പിച്ച മേളയിൽ തത്സമയ ഡി.ജെ പ്രകടനങ്ങളും ബാൻഡുകളുമുൾപ്പെടെ എല്ലാ ദിവസവും 15ലധികം ദൈനംദിന പ്രകടനങ്ങളുമുണ്ടായിരുന്നു. ചോക്ലറ്റ്, ചായ, കാപ്പി പ്രേമികളെ വരവേൽക്കുന്ന മേളയിൽ വൈവിധ്യമാർന്ന കോഫി ബ്രൂകൾ, ചായ -ചോക്ലറ്റ് മിശ്രിതങ്ങൾ എന്നിവയുടെ സാന്നിധ്യം ശ്രദ്ധേയമാണ്. സന്ദർശകർക്ക് മെട്രോ ഗോൾഡ് ലൈൻ ഉപയോഗിച്ച് എം315 ഫീഡർ ബസിലൂടെ പഴയ ദോഹ തുറമുഖത്ത് എത്താം. മിഡിലീസ്റ്റിലെ കാപ്പി വ്യവസായം അതിവേഗം വളർച്ച കൈവരിച്ചു കൊണ്ടിരിക്കുകയാണെന്നും വാർഷിക വളർച്ച അഞ്ചു ശതമാനം കവിയുന്നുണ്ടെന്നും സംഘാടകർ അഭിപ്രായപ്പെടുന്നു. രാജ്യത്ത് പുതിയ കഫേകൾ, റോസ്റ്ററികൾ, സ്പെഷാലിറ്റി ഷോപ്പുകൾ എന്നിവ വ്യാപിക്കുന്നത് പ്രത്യേകം ശ്രദ്ധേയമാണെന്നും ഖത്തർ കാപ്പിവ്യവസായത്തിൽ മുന്നിലാണെന്നും സംഘാടകർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.