ജീവിതം പഠിപ്പിക്കുന്ന ആനി സള്ളിവന്മാർ
text_fieldsദോഹ: വീണ്ടുമൊരു അധ്യാപകദിനമെത്തുകയാണ്. സമൂഹമാധ്യമങ്ങളിലും അല്ലാതെയുമായി പ്രിയപ്പെട്ട അധ്യാപകരുടെ ഓർമകൾ പങ്കുവെച്ച്, സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ദിനം. പഠനകാലത്ത് വേദന സമ്മാനിച്ച ചൂരൽ കഷായം പോലും വർഷങ്ങൾ കഴിഞ്ഞാൽ മധുരമുള്ള ഓർമകളായി മാറും. തങ്ങൾ അറിവു പകർന്ന് വളർത്തിയ കുട്ടികൾ വലിയവരായി നേട്ടങ്ങളുടെ കൊടുമുടിയേറി നിൽക്കുേമ്പാൾ അവർ ഓർക്കുന്നുവെന്നത് അധ്യാപകർക്കും സന്തോഷം പകരുന്നതാണ്. എന്നാൽ, ഇങ്ങനെയൊന്നും ഓർക്കപ്പെടാത്ത, സമൂഹമാധ്യമങ്ങളിൽ സ്നേഹംകൊണ്ട് വാരിപ്പുണരാത്ത ഒരുവിഭാഗവുമുണ്ട് അധ്യാപകരുടെ കൂട്ടത്തിൽ. സ്പെഷൽ എജുക്കേഷൻ എന്ന് വിളിക്കുന്ന, ഭിന്നശേഷിക്കാരുടെ വിഭാഗത്തിലെ മാനസികമോ ബുദ്ധിപരമോ ആയി വളർച്ചയില്ലാത്ത കുട്ടികൾക്ക് ജീവിതം പഠിപ്പിച്ച്, പുതുലോകത്തേക്ക് കൈപിടിച്ച് നയിക്കുന്ന അധ്യാപകർ. അവർ നൽകിയ വെളിച്ചവും പകർന്ന സ്നേഹവും, അറിവും സഹനവുമൊന്നും പങ്കുവെക്കാനോ ആഘോഷിക്കാനോ ഇൗ അധ്യാപക ദിനത്തിലും ആരുമുണ്ടാവാറില്ല.
◆ ◆ ◆ ◆
കഴിഞ്ഞ പത്തു വർഷത്തോളമായി സ്പെഷൽ സ്കൂൾ മേഖലയിലെ അധ്യാപികയായി പ്രവർത്തിക്കുന്ന കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി ഷെർമി ഷാജഹാൻ ഈ വഴി തെരഞ്ഞെടുക്കാൻ കാരണങ്ങൾ ഏറെയുണ്ടായിരുന്നു. സ്കൂൾ, കോളജ് പഠനം മികച്ച മാർക്കിൽ തന്നെ പൂർത്തിയാക്കിയപ്പോൾ, സുരക്ഷിതമായ മറ്റൊരുപാട് തൊഴിൽ മേഖലകൾ മുന്നിൽ തുറന്നിട്ടും ഓട്ടിസം ബാധിതരായ കുട്ടികൾക്ക് ജീവിതം പകർന്നുനൽകുന്ന വഴിയായിരുന്നു അവർ തെരഞ്ഞെടുത്തത്.
സ്കൂളിൽ ഹെലൻ കെല്ലറുടെ ജീവിതം പഠിക്കുേമ്പാൾ, ഷെർമിയെ ആകർഷിച്ചത് കാഴ്ചയും കേൾവിയുമില്ലാത്ത ഹെലനെ ലോകമറിയുന്ന പ്രതിഭയാക്കി മാറ്റിയ പ്രിയപ്പെട്ട അധ്യാപിക ആനി സള്ളിവനായിരുന്നു. രണ്ടു വയസ്സ് തികയും മുേമ്പ അന്ധയായി മാറിയ ഹെലന് ലോകവും ജീവിതവും പഠിപ്പിച്ചു നൽകിയ ആനി സ്കൂൾ പഠനത്തിനിടയിൽ ഷെർമിയിലും മാതൃകയായി. കോളജ് പഠനത്തിനിടെ നാട്ടിലൊരു സ്പെഷൽ സ്കൂളിലേക്കുള്ള സന്ദർശനം കൂടിയായതോടെ ഈ കുട്ടികളുടെ അധ്യാപികയെന്ന സ്വപ്നമുദിക്കുകയായിരുന്നു.
സർക്കാർ സർവിസിലോ, ബാങ്കിങ് മേഖലയിലോ ജോലി തേടാൻ വീട്ടുകാർ സമ്മർദം ചെലുത്തിയപ്പോൾ ഹെലൻ കെല്ലറെ സൃഷ്ടിച്ച ആൻ സുള്ളിവാനായിരുന്നു ഷെർമിയെ മോഹിപ്പിച്ചത്. അവളുടെ നിർബന്ധത്തിന് മുന്നിൽ വീട്ടുകാരും സമ്മതം മൂളി. ഫിസിക്സിൽ ബിരുദം നേടിയ ശേഷം എം.ജി സർവകലാശാലക്കു കീഴിൽ നിന്നും സ്പെഷൽ എജുക്കേഷനിൽ അധ്യാപന ബിരുദവും പിന്നീട്, ഡെന്മാർക്കിലെ കോപൻഹേഗനിൽ നിന്ന് തുടർപഠനവും നടത്തി അവർ ഓട്ടിസം വിദ്യാർഥികൾക്കിടയിലേക്കിറങ്ങി. തൊഴിലിലെ വേതനമായിരുന്നില്ല അവരെ പ്രചോദിപ്പിച്ചത്. ജീവിതത്തിൽ ഒന്നും തിരിച്ചറിയാനാവാതെ കഴിയുന്ന കുട്ടികൾക്ക് പുതു ജീവിതത്തിലേക്ക് കൈപിടിക്കണം. അവരെ സ്വന്തം കാര്യങ്ങൾക്ക് പ്രാപ്തരാക്കണം... കോട്ടയത്ത് ആർ.എം.എസ്.എ െപ്രാജക്ട് റിസോഴ്സ് ആയും സ്പെഷൽ സ്കൂൾ അധ്യാപികയായും നാലഞ്ചു വർഷം ജോലി ചെയ്ത ശേഷം 2019ലായിരുന്നു ഭർത്താവ് ഷെഹിനൊപ്പം ഖത്തറിലെത്തുന്നത്.
ഇപ്പോൾ, ഖത്തറിലെ പ്രശസ്തമായ ഖിഷ് റിഹാബിലിറ്റേഷൻ സെൻററിലെ അധ്യാപികയാണ് ഷെർമി. 80 മുതൽ 100 വിദ്യാർഥികൾ വരെയുള്ള ഖിഷിൽ ഷെർമിയുൾപ്പെടെ പലരാജ്യക്കാരായ 15ഓളം അധ്യാപകരുണ്ട്. വിദ്യാർഥികൾക്ക് അവർ അധ്യാപകർ മാത്രമല്ല, അമ്മമാരും, സ്നേഹം പകർന്നുനൽകുന്ന സഹോദരിമാരുമെല്ലാമാണ്.
കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകർ
ഓട്ടിസം ബാധിച്ച വിദ്യാർഥികൾ മാത്രമല്ല, അവരുടെ രക്ഷിതാക്കളും കുടുംബങ്ങളുമെല്ലാം സ്പെഷൽ സ്കൂളുകളിലെ അധ്യാപകർക്കു മുന്നിലെ വിദ്യാർഥികൾ തന്നെയാണ്. തങ്ങളുടെ പൊന്നോമനകൾ പ്രായത്തിനൊത്ത മാനസിക വളർച്ചയില്ലെന്ന യാഥാർഥ്യത്തിലേക്ക് രക്ഷിതാക്കളെ എത്തിക്കുകയാണ് അധ്യാപകരുടെ ആദ്യ ജോലി. ഒപ്പം, രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തി കുട്ടിയിലെ ഓരോ വളർച്ചയെയും അവർ ആഘോഷമാക്കുന്നു. സിനിമയിലും മറ്റും കാണുന്നപോലെയല്ല ഓട്ടിസം ബാധിതരായ കുട്ടികളുടെ അവസ്ഥയെന്ന് ഷെർമി സാക്ഷ്യപ്പെടുത്തുന്നു.
ഓരോ അറിവും അവർ നേടുന്നതും, തനിക്ക് ചുറ്റിലെ കാര്യങ്ങൾ തിരിച്ചറിയുന്നതും വളരെ സാവധാനമാണ്. എല്ലാത്തിനും ഏറെ ക്ഷമ ആവശ്യം. ഓരോ കുട്ടിയുടെയും ബൗദ്ധിക നിലയും അവർക്കുനൽകേണ്ട അറിവുകളും വ്യത്യസ്തവുമായിരിക്കും.
അധ്യാപകർക്കു പുറമെ, സ്പീച്ച് തെറപ്പിസ്റ്റ്, ബിഹേവിയറൽ തെറാപ്പിസ്റ്റ്, ഒകുപേഷനൽ തെറാപ്പിസ്റ്റ് തുടങ്ങിയ വിപുലമായൊരു ടീമിന്റെ പ്ലാൻ കൂടി ഉൾപ്പെടുത്തിയാണ് കുട്ടികളുെട പാഠ്യരീതികൾ ക്രമീകരിക്കുന്നതെന്ന് ഷെർമി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.