ധന്യം, ഈ അധ്യാപക ജീവിതം
text_fieldsദോഹ: പ്രവാസ ലോകത്ത് 35 വർഷവും, നാട്ടിലെ രണ്ട് വർഷവും ഉൾപ്പെടെ 37 വർഷം നീണ്ട അധ്യാപക ജീവിതം. ഖത്തറിലെ പ്രമുഖ കലാലയങ്ങളായ എം.ഇ.എസ് ഇന്ത്യൻ സ്കൂളിലും ബിർള പബ്ലിക് സ്കൂളിലുമായി നിറഞ്ഞു നിന്ന മൂന്നരപ്പതിറ്റാണ്ടിലെ അധ്യാപനത്തിലൂടെ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് പടർന്നു പന്തലിച്ച ഒരായിരം ശിഷ്യസമ്പത്തുകൾ.
നാലു വർഷം മുമ്പ് അധ്യാപികയെന്ന വേഷം അഴിച്ചുവെച്ച് ദോഹയിലെ വീട്ടിൽ റിട്ടയർമെന്റ് ജീവിതത്തിലേക്ക് മാറിയ ഷേർളി റപ്പായിക്ക് നടന്നു തീർത്ത വഴികൾ ധന്യം, കർമ നിരതം.
അറിവു പകർന്ന് വഴികാട്ടിയാവുന്ന ഗുരുവും ശിഷ്യരും തമ്മിലെ സ്നേഹബന്ധത്തിന്റെ ഓർമപുതുക്കലായി ദേശീയ അധ്യാപകദിനം ആഘോഷിക്കുമ്പോൾ ദൈർഘ്യമേറിയ തന്റെ അധ്യാപക ജീവിതത്തെ ഓർത്തെടുക്കുകയാണ് ഖത്തറിലെ മുതിർന്ന അധ്യാപിക കൂടിയായ ഷേർളി.
*****
‘‘തൃശൂർ ഇരിങ്ങാലക്കുടയിലായിരുന്നു എന്റെ ജനനം. മലയാളത്തിന്റെ ഹാസ്യ താരം ഇന്നസെന്റിന്റെ നാട്ടിൽ. സ്കൂൾ, കോളജ് പഠനമെല്ലാം നാട്ടിലായിരുന്നു. ലിറ്റിൽ ഫ്ലവർ കോൺവന്റിലായിരുന്നു പത്താം തരംവരെ. ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിൽ പ്രീഡിഗ്രിയും ഡിഗ്രിയും പൂർത്തിയാക്കിയ ശേഷം, ഗുജറാത്തിലെ ബറോഡയിൽ ബി.എഡ് എടുത്തായിരുന്നു അധ്യാപനത്തിലേക്ക് തിരിയുന്നത്’’.
ബി.എഡ് കഴിഞ്ഞ് നാട്ടിലെത്തിയപ്പോൾ തന്നെ അധ്യാപനവും ആരംഭിച്ചിരുന്നു. ശേഷം, എം.ജി യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. ആദ്യ ഘട്ടം സർക്കാർ സ്കൂളുകളിൽ താൽകാലിക ജോലിയും പിന്നാലെ, മാളയിൽ സ്ഥിരനിയമനവുമായി അധ്യാപന വഴിയിൽ നിൽക്കെയാണ് ഖത്തറിൽ ബിസിനസ് രംഗത്ത് സജീവമായ സി.വി. റപ്പായിയെ വിവാഹം ചെയ്ത് ദോഹയിലേക്ക് വിമാനം കയറുന്നത്.
‘ഒരു അധ്യാപികയാവണം എന്ന അടങ്ങാത്ത മോഹത്തോടെയൊന്നുമായിരുന്നില്ല ഞാൻ പഠിച്ചത്. ജീവിതത്തിൽ അത്രയേറെ സ്വാധീനിച്ചവരോ മാതൃക അധ്യാപകരുമില്ലായിരുന്നു. എങ്കിലും, പഠിച്ചൊരു പ്രഫഷൻ തിരഞ്ഞെടുത്തപ്പോൾ അധ്യാപനമായി മാറി. നാട്ടിലും മറുനാട്ടിലുമായി മൂന്നരപ്പതിറ്റാണ്ട് ആ കരിയർ നീണ്ടപ്പോൾ ഏറെ ധന്യയാണ്. എന്റെ കുട്ടികളുടെ നല്ലൊരു അധ്യാപികയായി മാറാൻ കഴിഞ്ഞുവെന്ന ആത്മവിശ്വാസമുണ്ട്.
പഠിപ്പിച്ച കുട്ടികളെയും, അവരുടെ രക്ഷിതാക്കളെയും നാട്ടിലും വിദേശത്തുമായി കാണുമ്പോൾ അവർ നൽകുന്ന സ്നേഹം തന്നെ ഏറ്റവും വലിയ സന്തോഷം. ഞാൻ തിരഞ്ഞെടുത്ത കരിയർ എന്നതിനപ്പുറം, ദൈവം എനിക്കായി തിരഞ്ഞെടുത്ത കരിയറാണ് അധ്യാപനമെന്നാണ് ഞാൻ വിശ്വസിക്കുന്നത് ’ -നിരവധി തലമുറകളുടെ ഗണിതശാസ്ത്ര അധ്യാപികയായിരുന്ന ഷേർളി റപ്പായി പറയുന്നു.
മുഹമ്മദ് കുഞ്ഞിയെന്ന മാതൃകാധ്യാപകൻ
ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ അധ്യാപകൻ എം.ഇ.എസിലെ ഞങ്ങളുടെ ആദ്യ കാല പ്രിൻസിപ്പലായിരുന്ന ബി.കെ. മുഹമ്മദ് കുഞ്ഞി സാറായിരുന്നു. ദീർഘകാലം ആ കലാലയത്തെ നയിച്ച അദ്ദേഹം ഒരു അധ്യാപകൻ എങ്ങനെ ആയിരിക്കണമെന്ന് പ്രവൃത്തികൊണ്ട് ഞങ്ങൾക്ക് മാതൃകയായി.
24 മണിക്കൂറും അദ്ദേഹം അധ്യാപകനായിരുന്നു. ചെറിയൊരു വിദ്യാലയമായി തുടങ്ങിയ സ്ഥാപനത്തെ മാതൃക സ്ഥാപനമാക്കിയ അദ്ദേഹം, സഹപ്രവർത്തകരിലും വിദ്യാർഥികളിലും പ്രചോദനമായി നിന്നു. എം.ഇ.എസ് സ്കൂളിൽ 20 വർഷത്തോളം പഠിപ്പിച്ച ശേഷം, ബിർള സ്കൂളിലേക്ക് കൂടുമാറുമ്പോൾ അതിന്റെ അഡ്മിനിസ്ട്രേഷനിലും പങ്കുണ്ടായിരുന്നു.
അവിടെ 15 വർഷത്തെ സേവനത്തിനു ശേഷം 2019ൽ പടിയിറങ്ങുമ്പോൾ സീനിയർ വൈസ് പ്രിൻസിപ്പൽ ചുമതലയാണ് വഹിച്ചത്.
മാറ്റിമറിച്ചൊരു വാക്ക്
‘സ്കൂൾ കോളജ് കാലത്ത് പഠനത്തിൽ ഒന്നാം നമ്പറുകാരിയൊന്നുമായിരുന്നില്ല ഞാൻ. അതുകൊണ്ടു തന്നെ അധ്യാപകരുടെ വലിയ പ്രശംസകളും ലഭിച്ചിട്ടില്ല. എന്നാൽ, കോളജ് പഠനത്തിനിടെ ഒരു ടീച്ചറുടെ വാക്കുകൾ എന്നെ ഏറെ സ്വാധീനിച്ചു. പരീക്ഷ പേപ്പർ നൽകുമ്പോൾ ‘കുട്ടിയിൽനിന്നും ഞാൻ കൂടുതൽ പ്രതീക്ഷിച്ചിരുന്നു’ എന്നായിരുന്നു ടീച്ചറുടെ വാക്കുകൾ. അവരുടെ ഒരു ചെറിയ വാക്കായിരുന്നുവെങ്കിലും എന്നെ അത് വല്ലാതെ സ്വാധീനിച്ചു.
പരീക്ഷ ഫലം വന്നപ്പോൾ വിഷയത്തിൽ മുഴുവൻ മാർക്കും നേടാനായി. ഈ അനുഭവം എന്റെ അധ്യാപന കാലത്ത് എല്ലാ സഹപ്രവർത്തകരോടും പങ്കുവെക്കാറുണ്ടായിരുന്നു. നമ്മുടെ സ്നേഹം നിറഞ്ഞ, അവരെ അംഗീകരിക്കുന്ന ഒരു വാക്ക്, തലമുറയെ തന്നെ സ്വധീനിക്കുമെന്ന സന്ദേശം’
‘ഓരോ കുഞ്ഞിനെയും അവരുടെ അഭിരുചി മനസ്സിലാക്കി, വളർത്തിയെടുത്ത് സമൂഹത്തിന് നൽകണമെന്നാണ് പുതിയ തലമുറയിലെ അധ്യാപകരോട് പറയാനുള്ളത്. നിർമിതബുദ്ധിയുടെ ലോകത്ത് അധ്യാപനം വലിയ വെല്ലുവിളിയാണ്. എങ്കിലും, തലമുറകളിലേക്ക് പകരാൻ കഴിയുന്ന അറിവുകളെല്ലാം നൽകുക.
നമ്മളും പുതിയ കാര്യങ്ങളിൽ അപ്ഡേറ്റായികൊണ്ടിരിക്കുക’ -ഷേർളി റപ്പായി പറയുന്നു. ഖത്തറിലെ ബിസിനസ്-സാംസ്കാരിക- സാമൂഹിക സേവനരംഗത്ത് നിറഞ്ഞു നിൽക്കുന്ന സി.വി. റപ്പായിയാണ് ഷേർളിയുടെ ഭർത്താവ്. ജംബോ ഇലക്ട്രോണിക്സ് ഡയറക്ടറും സി.ഇ.ഒയും ആയ ഇദ്ദേഹം നോർക്ക റൂട്സ് ഡയറക്ടർ കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.