അധ്യാപനം ഒരു പുണ്യം
text_fieldsതെൻറ മുന്നിൽ കൗതുകത്തോടെ വിടർന്നു നിൽക്കുന്ന കണ്ണുകളിലേക്ക് അയാൾ നോക്കി. വാടക, വായ്പ, ഡി.എ എല്ലാം മറന്നു. തെയ്യക്കോലം തെയ്യമാവുന്നതുപോലെ ഒരു പകർച്ച. മുന്നിൽ വിടർന്ന കണ്ണുകളിലെ കൗതുകം കെടുത്താതെ അയാൾ ആടാനും പാടാനും തുടങ്ങി. ഒരു കഥയുടെ തുടക്കമല്ല. അധ്യാപകെൻറ അനുഭവമാണ്. നിൽക്കുന്നത് നിർജീവമായ ഫയലുകൾക്ക് മുമ്പിലല്ല എന്ന ഉത്തമ ബോധ്യമുള്ള ആൾ, തെൻറ പ്രായം പോലും മറന്നുപോകുന്ന ആൾ അധ്യാപകൻ.
മൂകം കരോതി വാചാലം
ഗുരുവിെൻറ മൗനത്തിൽനിന്ന് വ്യാഖാനിച്ചെടുത്തിരുന്ന ഗുരുകുലവിദ്യാഭ്യാസ രീതിയും, ഓത്തുപള്ളിയും, മണലിലെഴുത്തും എല്ലാം കടന്ന് പഠനം പുതിയ ആകാശങ്ങളിൽ എത്തിനിൽക്കുന്നു. വെറുതേ ശമ്പളം വാങ്ങിക്കുന്നവരാണ് അധ്യാപകർ എന്ന് പരക്കെ സംസാരമുണ്ട്. ഈ മഹാമാരി കാലത്ത് അധ്യാപകെൻറ ഉത്തരവാദിത്തം കൂടിയിരിക്കുകയാണ്. നേരിട്ട് സ്കൂളിൽ വന്ന് ക്ലാസെടുക്കുന്ന പോലെയല്ല ഓൺലൈൻ പഠനം. അതിന് പ്രത്യേകം തയാറാകേണ്ടതുണ്ട്. സാങ്കേതിക വിദ്യയിൽ കൂടുതൽ പരിജ്ഞാനം നേടേണ്ടതുണ്ട്. ഇന്ന് അധ്യാപകൻ ക്ലാസെടുക്കുന്നത് വീട്ടുകാരും നാട്ടുകാരും കാണുന്നുണ്ട്. "ഹെെൻറ മാഷേ ങ്ങളെ സമ്മതിക്കണം" രണ്ടുമക്കളെ പരിശീലിപ്പിക്കാൻ പാടുപെടുന്ന അമ്മയുടെ വാക്കുകളാണ്. ഹോം വർക്ക് ചെയ്യിക്കലും മറ്റുമായി അമ്മമ്മാർ ഇന്ന് യുദ്ധമുഖത്തിലാണ്.
അച്ഛനാണേ മക്കളേ....
'അച്ഛനാണേ മക്കളേ ഭൂമി ഉരുണ്ടിറ്റാ'... 1940കളിലെ ഒരു അധ്യാപകൻ പറഞ്ഞതാണിത്. ഇന്നത്തെ കുട്ടികൾക്ക് ആരും ഇങ്ങനെ പറഞ്ഞു കൊടുക്കേണ്ടതില്ല. പുതിയ സാങ്കേതിക വിദ്യകൾ അധ്യാപനത്തെ സുഗമമാക്കുന്നു. പക്ഷേ ഒരു ലേണിങ് ആപ്പിനും സാങ്കേതിക വിദ്യക്കും അധ്യാപകനെ മാറ്റിനിർത്താനാവില്ല. കുട്ടികൾ ഗുരുമുഖത്തിൽനിന്ന് ഗ്രഹിക്കുന്നത്പോലെ ഗ്രഹിക്കാൻ മറ്റെവിടെ നിന്നും സാധ്യമല്ല. ഗുരുവിെൻറ അനുമോദനവും ശാസനയും സ്നേഹവും എല്ലാം ഇന്ന് കുട്ടികൾക്ക് നഷ്്ടമാകുന്നു.
വിളക്കിന് ചുവട്ടിലെ നിഴൽ
അധ്യാപകൻ സമൂഹത്തിന് വെളിച്ചം പകരുമ്പോഴും ജീവിതത്തിെൻറ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാടുപെടുകയാണ്. ചില ആളുകൾക്ക് വിയോജിപ്പുണ്ടാകും. നമ്മുടെ രാജ്യത്ത് ആയിരക്കണക്കിന് സ്വകാര്യ വിദ്യാലയങ്ങളുണ്ട്. അവിടങ്ങളിൽ നിരവധി പേർക്ക് തൊഴിലവസരം ലഭിച്ചു എന്നത് വാസ്തവമാണ്. അവിടങ്ങളിലെ അടിമത്തവും ഭീഷണിയും ഒന്നും അധികമാരും അറിയുന്നില്ല കൊറോണക്കാലത്ത് പല അധ്യാപകരുടെയും ശമ്പളം വെട്ടിക്കുറച്ചിട്ടുണ്ട്. കാരൂരിെൻറ 'പൊതിച്ചോറ്' എന്ന കഥയിലെ വിശപ്പ് സഹിക്കാനാവാതെ കുട്ടിയുടെ പൊതിച്ചോറ് കട്ടു തിന്നേണ്ടിവന്ന അധ്യാപകനിൽനിന്ന് ഒരു വിഭാഗം കാലമേറെ കഴിഞ്ഞിട്ടും മാറിയിട്ടില്ല എന്നത് ദുഃഖകരമായ വസ്തുതയാണ്. വേതനത്തെക്കാളുപരി, വേദനയെക്കാളുപരി കിട്ടിയ ജോലി മഹത്തരമായതിനാൽ ഒന്നും മിണ്ടാതെ സേവനം ചെയ്യുന്നവരെ ഈ അധ്യാപക ദിനത്തിൽ ഓർക്കുന്നു. പണ്ട് കുട്ടികളുടെ പ്രബന്ധപുസ്തകത്തിൽ ചുവന്ന മഷികൊണ്ട് തെറ്റുകൾ ചൂണ്ടിക്കാണിച്ച് ഒടുവിൽ ആകെ മൊത്തം തരക്കേടില്ല എന്ന് എഴുതുമ്പോലെ. കിട്ടിയ ജോലി മഹത്തരം തന്നെ.
ബൈജു വി.പി
(അധ്യാപകൻ, ഐഡിയൽ ഇന്ത്യൻ സ്കൂൾ ദോഹ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.