പ്രവാസികളുടെ കണ്ണീർ പാർലമെൻറിൽ; വിമാനക്കൊള്ളക്ക് അറുതിയാകുമോ?
text_fieldsദോഹ: പതിറ്റാണ്ടായി തുടരുന്ന തങ്ങളുടെ കണ്ണീരും കരച്ചിലും ഒരു എം.പിയുടെ ശബ്ദത്തിലൂടെ പാർലമെൻറിൽ മുഴങ്ങിയതിന്റെ സന്തോഷത്തിലാണ് ഗൾഫ് നാടുകളിലെ പ്രവാസികൾ. ഗൾഫിൽ അവധിക്കാലവും, ഉത്സവ-പെരുന്നാൾ സീസണുമായാൽ നാട്ടിലേക്കും തിരിച്ചുമുള്ള പ്രവാസികളുടെ യാത്ര വിമാനക്കമ്പനികൾക്ക് ആകാശക്കൊള്ളയുടെ സീസണാണ്.
പ്രവാസി സംഘടനകളുടെ പ്രതിഷേധങ്ങളിലും മാധ്യമങ്ങളിലെ വാർത്തകളിലും, വ്യക്തികൾ നടത്തുന്ന കേസുകളിലും മാത്രമായി ഒതുങ്ങുന്ന വിഷയത്തെ 20 മിനിറ്റോളം നീണ്ട സ്വകാര്യപ്രമേയത്തിലൂടെയാണ് വടകര പാർലമെൻറ് അംഗം ലോക്സഭയിൽ അവതരിപ്പിച്ചത്.
ഭരണ-പ്രതിപക്ഷ അംഗങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും, സ്പീക്കർ ഇടപെടുകയും ചെയ്തതോടെ പ്രവാസ ലോകത്തും പ്രതീക്ഷയായി. ഷാഫി പറമ്പിലിന്റെ പ്രമേയത്തിൽ നടപടിയെടുത്ത് വിമാനക്കമ്പനികളുടെ യോഗം വിളിക്കാൻ ലോക്സഭാ സ്പീക്കർ ഓം ബിർള കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവിനോട് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച സഭയിലെ ചോദ്യോത്തരവേളയിൽ വിഷയമുന്നയിച്ച ഷാഫി പറമ്പിൽ വെള്ളിയാഴ്ച സ്വകാര്യ പ്രമേയമായി പ്രവാസി യാത്രപ്രശ്നം വിശദമായി അവതരിപ്പിച്ചപ്പോഴാണ് സ്പീക്കർ യോഗം വിളിക്കാനും വിഷയം ഗൗരവമായി പരിഗണിക്കാനും ആവശ്യപ്പെട്ടത്. സ്പീക്കറുടെ നിർദേശം മാനിക്കുമെന്ന് മന്ത്രിസഭക്ക് ഉറപ്പു നൽകിയ സാഹചര്യത്തെ അസാധാരണ നീക്കമെന്ന് പ്രവാസികൾ വിലയിരുത്തുന്നു.
നിവേദനങ്ങളിലൂടെയും, സംസ്ഥാന സർക്കാറിന്റെ ഇടപെടലിലൂടെയും, നിയമ നടപടികളിലൂടെയും പലതവണ ശ്രമിച്ചിട്ടും എയർലൈൻ കമ്പനികളുടെ കൊള്ളക്കെതിരെ ചെറുവിരൽ പോലും അനങ്ങിയിട്ടില്ല. നാട്ടിൽ നിന്നെത്തുന്ന മന്ത്രിമാരിലൂടെ രാഷ്ട്രീയ സമ്മർദവും പ്രതിഷേധങ്ങളുമെല്ലാം വെറുതെയായി നിരാശപ്പെട്ട സാഹചര്യത്തിൽ പാർലമെൻറിൽ ഷാഫി പറമ്പിൽ എം.പിയുടെ വാക്കുകൾ തങ്ങളുടെ തന്നെ വികാരമായി മാറിയെന്ന് പ്രവാസികൾ പ്രതികരിക്കുന്നു.
സമൂഹ മാധ്യമങ്ങളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ ചർച്ചയായതും ഈ വിഷയം തന്നെ. ടിക്കറ്റ് നിരക്ക് സംബന്ധിച്ച് സമ്പൂർണ നിയന്ത്രണം എയർലൈൻ കമ്പനികൾക്ക് നൽകുന്ന എയർക്രാഫ്റ്റ് നിയമം ഭേദഗതിചെയ്യണമെന്നാണ് പ്രധാന ആവശ്യം. പ്രമേയത്തെ പിന്തുണച്ചുകൊണ്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പിയും ഇക്കാര്യമാണ് പറഞ്ഞത്. വിമാനനിരക്ക് നിശ്ചയിക്കുന്നത് നിരീക്ഷിക്കാൻ ഉന്നതാധികാര സമിതിയെ നിയമിക്കണമെന്നും ആവശ്യപ്പെടുന്നു.
ജൂലൈ 27ലെയും അവധികഴിഞ്ഞ് മടങ്ങുന്ന തിരക്കേറിയ സമയമായ ആഗസ്റ്റ് അവസാന വാരത്തിലെയും നിരക്കുകൾ താരതമ്യം ചെയ്ത് നടത്തിയ പ്രമേയം പ്രവാസികൾ നേരിടുന്ന ദുരിതത്തിലേക്കുള്ള കണ്ണുതുറക്കലായെന്ന് സമൂഹ മാധ്യമങ്ങളിൽ നിരവധി പേർ പങ്കുവെക്കുന്നു.
വിമാനക്കമ്പനികളുടെ അപ്രഖ്യാപിത സർവിസ് മുടക്കം പ്രവാസികൾക്കുണ്ടാക്കുന്ന ദുരിതം രാജ് മോഹൻ ഉണ്ണിത്താൻ എം.പിയും സഭയുടെ ശ്രദ്ധയിലെത്തിച്ചിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ കേരളത്തിലെ നാല് വിമാനത്താവളങ്ങളിൽനിന്നും തിരിച്ചും 861 വിമാനങ്ങൾ യാത്ര റദ്ദാക്കിയത് പ്രവാസികളെ തീരാദുരിതത്തിലാക്കിയെന്ന് അദ്ദേഹം വ്യക്തമാക്കി.
‘നിയമപോരാട്ടത്തിന് തുണയാകും’ -സൈനുൽ ആബിദീൻ
ദോഹ: വെള്ളിയാഴ്ച പാർലമെൻറിൽ സ്വകാര്യ പ്രമേയം അവതരിപ്പിച്ചുകൊണ്ട് ഷാഫി പറമ്പിൽ എം.പി നടത്തിയ പ്രസംഗത്തിൽ പേരെടുത്ത് പരാമർശിക്കപ്പെട്ട വ്യക്തിയാണ് സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദീൻ.
പതിറ്റാണ്ടുകളായി പ്രവാസികൾ നേരിടുന്ന വിമാനടിക്കറ്റ് നിരക്ക് കൊള്ളക്കെതിരെ നിയമപോരാട്ടം നയിക്കുന്ന സൈനുൽ ആബിദീന്റെ ശ്രമങ്ങളെയും കോടതിയുടെ പരാമർശങ്ങളും സർക്കാർ നിലപാടുകളും വിശദീകരിച്ചുകൊണ്ടാണ് ഷാഫി പറമ്പിൽ ഏറെ പ്രശംസിക്കപ്പെട്ട പ്രസംഗം പാർലമെൻറിൽ നടത്തിയത്.
40 വർഷമായി പ്രവാസിയായ സഫാരി സൈനുൽ ആബിദീൻ തന്റെ ജീവനക്കാർ ഉൾപ്പെടെ ലക്ഷത്തോളം പ്രവാസികൾ നാട്ടിലേക്ക് മടങ്ങാൻ നേരിടുന്ന ദുരിതം മനസ്സിലാക്കിയാണ് കഴിഞ്ഞ വർഷം കേരള ഹൈകോടതിയെ സമീപിച്ചത്.
അഡ്വ. സജൽ മുഖേന നൽകിയ ഹരജിയിൽ കഴിഞ്ഞ ഒക്ടോബറിൽ ഹൈകോടതി കേന്ദ്ര-സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനം നടത്തിയിരുന്നു. കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രവാസികൾ നേരിടുന്ന ഗുരുതര യാത്രാപ്രശ്നം സംബന്ധിച്ച ആവശ്യം കേന്ദ്ര സർക്കാറിൽ ഉന്നയിക്കാൻ തയാറാവാത്തത് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാറിനെതിരെ വിമർശനമുന്നയിച്ചു.
കേസിൽ ഹാജരായ കേന്ദ്ര സർക്കാറും വിമാനടിക്കറ്റ് നിരക്ക് നിയന്ത്രണത്തിൽനിന്നും തലയൂരുകയായിരുന്നു. വിമാനക്കൂലി നിയന്ത്രണാധികാരം സർക്കാറിനല്ലെന്നും, എയർ കോർപറേഷൻ നിയമം പിൻവലിച്ചതോടെ സർക്കാറിന് വില നിശ്ചയിക്കാനുള്ള അധികാരം നഷ്ടമായി എന്നുമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.
നീതിപീഠം വഴി ശ്രമിച്ചിട്ടും പരിഹാരമില്ലാത്ത വിഷയത്തിൽ കേരളത്തിൽനിന്നുള്ള ഒരു പുതുമുഖ എം.പിയുടെ ഇടപെടൽ ശ്രദ്ധേയമാണെന്നും, പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ് പാർലമെൻറിലെ സ്വകാര്യ പ്രമേയത്തെ കാണുന്നതെന്നും സൈനുൽ ആബിദീൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ചെലവ് മാനദണ്ഡമാക്കാതെ, സീസണിലെ തിരക്കനുസരിച്ച് ഗൾഫ് സെക്ടറിലെ യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളുടെ നടപടിയെയാണ് ഹരജിയിൽ ചോദ്യം ചെയ്യുന്നത്. വിമാന ടിക്കറ്റ് നിരക്ക് വർധനയുമായി ബന്ധപ്പെട്ട് മാർഗരേഖ പുറപ്പെടുവിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. ഈ ശ്രമങ്ങൾക്ക് കരുത്തു പകരുന്നതാണ് എം.പിയുടെ ഇടപെടലെന്നും സൈനുൽ ആബിദീൻ പ്രതികരിച്ചു.
‘യാത്രപ്രശ്നത്തിന് ശാശ്വത പരിഹാരം വേണം’
ദോഹ: 1953ലെ എയർ കോർപറേഷൻ ആക്ട് റദ്ദാക്കിയത് മുതൽ, ടിക്കറ്റ് നിരക്ക് നിർണയിക്കാനുള്ള അവകാശം ഉപയോഗപ്പെടുത്തി കമ്പനികൾ യാത്രക്കാരെ ചൂഷണം ചെയ്യുകയാണ്. ന്യായമായ നിരക്കിനേക്കാൾ കൂടുതൽ ഈടാക്കുന്ന കമ്പനികളെ നിയന്ത്രിക്കാൻ പുതിയ ചട്ടങ്ങൾ രൂപവത്കരിക്കണം.
പ്രവാസികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ വിമാന സർവിസുകളുടെ എണ്ണം കാലാനുസൃതമായി വർധിപ്പിക്കണം. ആഘോഷ അവധി സന്ദർഭങ്ങളിൽ കൂടുതൽ സർവിസുകൾ ഉണ്ടാക്കുന്നതിന് സർക്കാർതലത്തിൽ നടപടികൾ ഉണ്ടാകണം. ആഭ്യന്തര സർവിസുകളിൽ നിയന്ത്രണമുള്ളതുപോലെ അന്താരാഷ്ട്ര സർവിസുകളിൽ വിശിഷ്യാ ഗൾഫ് മേഖലയിലെ സർവിസുകളിൽ ഇടപെടാൻ കഴിയുന്ന വിധം നിയമസംവിധാനങ്ങൾ ഉണ്ടാകണം.
ട്രാവൽ ഏജൻസികൾ, അമിതവിലയ്ക്ക് സീസണുകളിൽ വിൽക്കാൻ വേണ്ടി ഗ്രൂപ് ടിക്കറ്റുകൾ എടുക്കുന്നത് നിയന്ത്രിക്കാനും സർക്കാർ സംവിധാനം ഉണ്ടാകണം.
ടിക്കറ്റ് നിരക്കിൽ കമ്പനികൾ തുടരുന്ന ചൂഷണം കൃത്യമായി പാർലമെന്റിൽ അവതരിപ്പിച്ച ഷാഫി പറമ്പിൽ എം.പി.യുടെ നടപടി അഭിനന്ദനാർഹമാണ്. പ്രവാസികൾ നേരിടുന്ന വോട്ടവകാശം ഉൾപ്പെടെയുള്ള മറ്റു വിഷയങ്ങളിലും ജനപ്രതിനിധികൾ ഇത്തരത്തിലുള്ള സക്രിയമായ ഇടപെടൽ നടത്തി ശാശ്വത പരിഹാരം കാണാൻ ശ്രമിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.