പുതുലോകത്തെ എൻജിനീയറിങ് ചർച്ചകളുമായി ‘ടെക് സമ്മിറ്റ്’
text_fieldsദോഹ: ഇന്ത്യന്‍ എംബസി അപ്പെക്സ് സംഘടനയായ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷനല്‍ കൗണ്‍സിലിന്റെ (ഐ.ബി.പി.സി ഖത്തര്‍) ടെക് ഖത്തര്‍ സമ്മിറ്റ് (ഐടെക്സ് 2023) ദോഹ ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്നു.
ലോക എന്‍ജിനീയറിങ് ദിനാചരണത്തിന്റെയും ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ 50ാം വാര്‍ഷികത്തിന്റെയും ഭാഗമായാണ് ഐടെക്സ് സംഘടിപ്പിച്ചത്.
‘മാറുന്ന ലോകത്തിനായുള്ള എന്‍ജിനീയറിങ് പുതുമകള്‍’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച സമ്മിറ്റില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ചാറ്റ് ജി.ടി.പി, മെഷീന് ലേണിങ് തുടങ്ങി അത്യാധുനിക സാങ്കേതിക വിദ്യകളുടെ സമഗ്രമായ വിശകലനവും വിലയിരുത്തലുമാണ് ചര്‍ച്ചയായത്.
ഖത്തറിന്റെ ഇക്കോ സംവിധാനത്തിന് പ്രാധാന്യം നല്കി സാങ്കേതിക വിദ്യകളിലെ പുതുമയും സുസ്ഥിരതയും തമ്മിലുള്ള തുല്യതകളും വിശകലനം ചെയ്തു. ഖത്തറിലെ നയതന്ത്ര പ്രതിനിധികള്‍, ബിസിനസ് വ്യക്തിത്വങ്ങള്‍, പ്രഫഷനലുകള്‍, എന്‍ജിനീയറിങ് കമ്യൂണിറ്റിയിലെ ബിസിനസ് കൗണ്‍സില്‍ അംഗങ്ങള്‍, ഐ.ബി.പി.സി ചെയര്മാന് ജയകൃഷ്ണ മേനോന് എന്നിവര്‍ സംസാരിച്ചു.
ഖത്തറും ഇന്ത്യയും തമ്മിലുള്ള 50 വര്‍ഷം നീണ്ട സുദൃഢവും ചരിത്രപരവുമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് ആന്‍ജലീന പ്രേമലത വിശദമാക്കി. ദോഹ യൂനിവേഴ്സിറ്റി ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനും മുന്‍ ഊര്‍ജ-വ്യവസായ മന്ത്രിയുമായ ഡോ. മുഹമ്മദ് ബിന്‍ സലേഹ് അല്‍ സഅദ് മുഖ്യപ്രഭാഷണം നടത്തി.
പാനല്‍ ചര്‍ച്ചയില്‍ നിഷാദ് അസീം (കോസ്റ്റല്‍ ഖത്തര്‍ സി.ഇ.ഒ, ഐ.ബി.പി.സി ഗവേണിങ് ബോര്‍ഡ് അംഗം), ഡോ. ഹെസ അല്‍ ജാബര്‍ (മുന്‍ ഇന്‍ഫര്‍മേഷന്‍-കമ്യൂണിക്കേഷന്‍ ടെക്നോളജി മന്ത്രി), ഇബ്രാഹിം അല്‍ ജെയ്ദ (ഗ്രൂപ് സി.ഇ.ഒ, അറബ് എന്‍ജിനീയറിങ് ബ്യൂറോ), ഷെയ്ഖ് മന്‍സൂര്‍ ബിന്‍ ഖലീഫ ആൽഥാനി (ചെയര്മാന്, എം.ബി.കെ ഹോള്‍ഡിങ്), ഖാലിദ് അല്‍ മന (എക്സിക്യൂട്ടിവ് ഡയറക്ടര്‍, ഖത്തര്‍ എക്സ്പോര്‍ട്ട് ഡെവലപ്മെന്റ്, ഫിനാന്‍സ് ആൻഡ് പ്രമോഷന് ഏജന്‍സി) എന്നിവര്‍ പങ്കെടുത്തു. ഖത്തറിന്റെ എന്‍ജിനീയറിങ് മേഖലയുടെ വികസനത്തിലൂന്നിയുള്ള ബിസിനസ് നവീകരണം, സാങ്കേതികവിദ്യകളുമായി വേഗത്തിലുള്ള പൊരുത്തപ്പെടല്‍, സുസ്ഥിര വികസന നയങ്ങള്‍, മാറ്റങ്ങള്‍ക്കുള്ള അവസരങ്ങള്‍ എന്നിവയാണ് പാനലിസ്റ്റുകള്‍ പ്രധാനമായും മുന്നോട്ടുവെച്ചത്.
സമ്മിറ്റിനോടനുബന്ധിച്ച് കോര്‍പറേറ്റുകള്‍ക്കും പ്രഫഷനലുകള്‍ക്കുമുള്ള എന്‍ജിനീയറിങ് -ഇന്നൊവേഷന് പുരസ്കാരങ്ങള്‍ ഡോ.മുഹമ്മദ് ബിന്‍ സലേഹ് അല്‍ സദയും ഐ.ബി.പി.സി ഖത്തര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ശൈഖ് മന്‍സൂര്‍ ബിന്‍ ഖലീഫ ആൽഥാനിയും ഉദ്ഘാടനം ചെയ്തു.
ഖത്തറിന്റെ വികസനത്തിന് മികച്ച സംഭാവനകള്‍ നല്കിയ എന്‍ജിനീയര്‍മാരുടെ മുഖചിത്രങ്ങള്‍ അടങ്ങിയ ഡിജിറ്റല്‍ വാളും ചടങ്ങില്‍ പ്രകാശനം ചെയ്തു. ഐ.ബി.പി.സി പ്രസിഡന്റ് ജാഫര്‍ സാദിഖ് സമാപന പ്രസംഗം നടത്തി. ഏകദേശം നൂറോളം ഉന്നത ബിസിനസ് വ്യക്തിത്വങ്ങള്‍, നയരൂപകര്‍ത്താക്കള്‍, പ്രഫഷനലുകള്‍, മാധ്യമപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.