സാങ്കേതിക തകരാർ; കോഴിക്കോട്-ദോഹ വിമാനമിറങ്ങിയത് മസ്കത്തിൽ
text_fieldsദോഹ: ബുധനാഴ്ച രാവിലെ പത്തിന് കോഴിക്കോട്ടുനിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 375 വിമാനം ഒമാനിലെ മസ്കത്തിലിറക്കി. സാങ്കേതിക തകരാറിനെത്തുടർന്നാണ് വിമാനം റൂട്ട് മാറ്റി ഇറക്കിയതെന്നാണ് വിവരം. ഇതോടെ, ബുധനാഴ്ച ഉച്ചയോടെ ദോഹയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 376 വിമാനത്തിന്റെ സർവിസും മുടങ്ങി.
തകരാറുകൾ പരിഹരിച്ച ശേഷം, മസ്കത്തിൽ നിന്ന് വിമാനം വൈകാതെ ദോഹയിലെത്തുമെന്നാണ് പ്രതീക്ഷ. രാവിലെ 9.50നായിരുന്നു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്ക് പറന്നത്.
ഈ വിമാനത്തിന്റെ ദോഹയിലേക്കുള്ള യാത്ര വൈകിയതോടെയാണ് ഉച്ചക്ക് 12.35ന് പുറപ്പെടേണ്ട കോഴിക്കോട് സർവിസ് മുടങ്ങിയത്. വിമാനം പുറപ്പെടുന്നതിൽ കാലതാമസമുണ്ടെന്നായിരുന്നു ഹമദ് വിമാനത്താവളത്തിലെത്തിയ യാത്രക്കാർക്ക് ആദ്യം നൽകിയ അറിയിപ്പ്. നാട്ടിലേക്ക് മടങ്ങാനായി ചെക് ഇൻ ചെയ്ത് കാത്തിരിക്കുന്നതിനിടെയാണ് മസ്കത്തിൽ നിന്നുള്ള വിമാനത്തിന്റെ വരവ് വൈകുമെന്ന് ഉറപ്പായതോടെ റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്. ബന്ധുവിന്റെ മരണത്തെത്തുടർന്ന് നാട്ടിലേക്ക് പുറപ്പെട്ടവരും, വാർഷിക അവധിക്ക് കുടുംബ സമേതം പുറപ്പെട്ടവരും ഉൾപ്പെടെയുള്ള യാത്രക്കാരെ പ്രതിസന്ധിയില്ലാതാക്കുന്നതായി അപ്രതീക്ഷിതമായ മുടക്കം.
അടിയന്തര യാത്രക്കാർക്ക് രാത്രിയിലേക്ക് കണ്ണൂരിലേക്കുള്ള വിമാനത്തിന് ടിക്കറ്റ് അനുവദിച്ചു. മറ്റുള്ളവർക്ക് വ്യാഴാഴ്ചത്തെ കോഴിക്കോട് വിമാനത്തിന് ടിക്കറ്റ് അനുവദിച്ചതായി യാത്രക്കാരിൽ ഒരാളായ അബ്ദുൽ റഊഫ് കൊണ്ടോട്ടി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വൈകിപ്പുറപ്പെടലും ജീവനക്കാരുടെ സമരത്തെ തുടർന്നുള്ള സർവിസ് മുടക്കവുമെല്ലാം സൃഷ്ടിച്ച അനിശ്ചിതത്ത്വങ്ങൾക്കിടയിലാണ് എയർ ഇന്ത്യ എക്സ്പ്രസിലെ യാത്ര പ്രവാസി മലയാളികൾക്ക് വീണ്ടും ദുരിതപൂർവമായി മാറുന്നത്.
വിമാനം മുടങ്ങുമ്പോൾ നഷ്ടപരിഹാരത്തിന് അവകാശമുണ്ട്
1 - വിമാനം റദ്ദാവുന്ന സന്ദർഭങ്ങളിൽ യാത്രക്കാരന്റെ യഥാർഥത്തിൽ എത്തിച്ചേരേണ്ടിയിരുന്ന എയർപോർട്ടിൽനിന്ന് വ്യത്യസ്തമായി മറ്റൊരു വിമാനത്താവളത്തിലേക്ക് സമ്മതപ്രകാരം ടിക്കറ്റ് മാറി നൽകുകയാണെങ്കിൽ അദ്ദേഹത്തിന് എയർലൈൻ കമ്പനി ട്രാൻസ്പോർട്ടേഷന് ആവശ്യമായ തുക നൽകേണ്ടതാണ്. (ബുധനാഴ്ച ദോഹ-കോഴിക്കോട് വിമാനം റദ്ദായത് കാരണം പലർക്കും കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളിലേക്ക് എയർലൈൻ അധികൃതർ ടിക്കറ്റ് നൽകിയിട്ടുണ്ട്. ഇവർക്ക് ഈ സൗകര്യം ആവശ്യപ്പെടാൻ അർഹതയുണ്ട്.)
2- കാൻസൽ ചെയ്യുമ്പോൾ യാത്രക്കാരന് അവരുടെ സമ്മതപ്രകാരം മറ്റൊരു വിമാനം തരപ്പെടുത്തി കൊടുക്കുകയോ അങ്ങനെ വിമാനം ആവശ്യപ്പെടാത്ത സന്ദർഭത്തിൽ മുഴുവൻ ടിക്കറ്റ് നിരക്കും റീഫണ്ട് ചെയ്യുകയും അതിനുപുറമേ 10,000 രൂപ വരെ നഷ്ടപരിഹാരം ലഭിക്കാനുള്ള അവസരവും ഉണ്ടാവും.
(വിവരങ്ങൾക്ക് കടപ്പാട്: അബ്ദുൽ റഊഫ് കൊണ്ടോട്ടി)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.