വിമാനങ്ങളുടെ സാങ്കേതിക തകരാറുകൾ; എം.പിമാരുടെ ഇടപെടൽ ആവശ്യപ്പെട്ട് 'ഗപാഖ്'
text_fieldsദോഹ: ഇന്ത്യൻ വിമാനക്കമ്പനികളിൽ അടിക്കടിയുണ്ടാവുന്ന സാങ്കേതിക വീഴ്ചകൾ ഗുരുതര സുരക്ഷാ ഭീഷണിയായി പരിഗണിച്ച്, വ്യോമയാന മന്ത്രാലത്തിന്റെയും ഡി.ജി.സി.എയുടെയും ഇടപെടലുകൾ ഉണ്ടാവാനായി വിഷയം പാർലമെൻറിൽ ഉന്നയിക്കണമെന്ന് ഗൾഫ് കാലിക്കറ്റ് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ (ഗപാഖ്) കേരളത്തിലെ എം.പിമാരോട് നിവേദനം വഴി ആവശ്യപ്പെട്ടു.
ജൂലൈ 17ന് മാത്രം രണ്ട് ഗുരുതര സാങ്കേതിക വീഴ്ചകളാണ് റിപ്പോർട്ട് ചെയ്തത്. ഷാർജയിൽനിന്നും ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതികത്തകരാർ മൂലം കറാച്ചിയിൽ അടിയന്തരമായി ഇറക്കേണ്ടിവന്നു.
അതുപോലെ, കാലിക്കറ്റ് എയർപോർട്ടിൽ നിന്നും ദുബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം മസ്കത്തിലും ഇറക്കേണ്ടിവന്നു. രണ്ടുദിവസം മുമ്പാണ് ദമ്മാമിൽനിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം ബംഗളൂരുവിൽ അടിയന്തരമായി ഇറക്കേണ്ടിവന്നത്.
ഈ മാസം ആദ്യം ഡൽഹിയിൽനിന്നും ദുബൈയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റും കറാച്ചിയിൽ ഇറക്കേണ്ടി വന്നിട്ടുണ്ട്. സാധാരണ പ്രവാസികൾ യാത്രചെയ്യുന്ന ബജറ്റ് എയർലൈനുകളിലാണ് ഇത്തരം പ്രശ്നങ്ങൾ ഏറെയും ഉണ്ടാവുന്നത്.
കൊച്ചിയിലേക്ക് പുറപ്പെട്ട ബജറ്റ് എയർലൈനായ എയർ അറേബ്യ വിമാനവും ഭീതിജനകമായ സാഹചര്യത്തിൽ അടിയന്തര ലാൻഡിങ് നടത്തേണ്ടി വന്നതും എം.പിമാർക്കുള്ള നിവേദനത്തിൽ അറിയിച്ചു.
റൺവേ ബലപ്പെടുത്തുന്നതിന്റെ പേരിൽ നിർത്തലാക്കിയ കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഇത്തരം ബജറ്റ് വിമാനങ്ങളാണ് ഏറെയും ആശ്രയം.ആഭ്യന്തര സർവിസുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ജൂൺ 18 മുതൽ എട്ട് സാങ്കേതിക തകരാറുകളാണ് സ്പൈസ് ജെറ്റിന് മാത്രം സംഭവിച്ചത്. ഇക്കാര്യത്തിൽ ഡി.ജി.സി.എ വിശദീകരണം തേടിയെങ്കിലും പ്രവാസി യാത്രക്കാരുടെ ആശങ്ക പരിഗണിച്ച് എം.പിമാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് 'ഗപാഖ്' ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ് കെ.കെ. ഉസ്മാൻ, ജന.സെക്രട്ടറി ഫരീദ് തിക്കോടി, അർളയിൽ അഹമ്മദ് കുട്ടി, കെ.കെ. ശങ്കരൻ, അമീൻ കൊടിയത്തൂർ, ശാഫി മൂഴിക്കൽ, സുബൈർ ചെറുമോത്ത്, മുസ്തഫ എലത്തൂർ, മശ്ഹൂദ് തിരുത്തിയാട്, ഗഫൂർ കോഴിക്കോട്, കോയ കൊണ്ടോട്ടി, എ.ആർ. ഗഫൂർ, ഹബീബുറഹ്മാൻ കിഴിശ്ശേരി, കരീം ഹാജി മേമുണ്ട, ഷാനവാസ് എലച്ചോല, ടി.എം.സി. അൻവർ സാദത്ത് എന്നിവർ സംസാരിച്ചു. ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി വിഷയം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.