താപനില പത്ത് ഡിഗ്രിയിൽ താഴെ; തുറൈനിൽ ഞായറാഴ്ച രേഖപ്പെടുത്തിയത് ഒമ്പതു ഡിഗ്രി സെൽഷ്യസ്
text_fieldsദോഹ: രാജ്യത്ത് തണുപ്പ് കാലാവസ്ഥ തുടരുന്നു. അന്തരീക്ഷ താപനില പത്തു ഡിഗ്രി സെൽഷ്യസിലും താഴെയായി. തുറൈനിൽ ഞായറാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില ഒമ്പതു ഡിഗ്രി സെൽഷ്യസാണ്. ഈ സീസണിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനിലയാണിത്. മെസഈദിൽ ഞായറാഴ്ച താപനില പത്തു ഡിഗ്രിയിലെത്തി. അബൂ സംറ, മുഖൈനിസ്, ഖുവൈരിയ, അൽഖോർ, കറാന, ശഹാനിയ എന്നിവിടങ്ങളിൽ 11 ഡിഗ്രി സെൽഷ്യസായിരുന്നു കുറഞ്ഞ താപനില.
അൽ വക്റ, ജുമൈലിയ എന്നിവിടങ്ങളിൽ 12 ഡിഗ്രിയിലെത്തിയപ്പോൾ ഖത്തർ യൂനിവേഴ്സിറ്റിയിൽ കുറഞ്ഞ താപനില 13 ഡിഗ്രിയായിരുന്നു. ഹമദ് എയർപോർട്ട്, ദോഹ എയർപോർട്ട്, മെസൈമീർ എന്നിവിടങ്ങളിൽ 14 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ദുഖാൻ -15, ഉമ്മുൽ ബാബ്, ശഹാനിയ -16, റുവൈസ് -17 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കുറഞ്ഞ താപനില.
അൽ വക്റ, മെസഈദ്, അൽഖോർ, അബൂ സംറ എന്നിവിടങ്ങളിൽ തിങ്കളാഴ്ച കുറഞ്ഞ താപനില 10 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ദോഹയിലും ദുഖാനിലും 13 ഡിഗ്രിയായിരിക്കും കുറഞ്ഞ താപനില. അൽറുവൈസിൽ കുറഞ്ഞ താപനില 14 ഡിഗ്രിയിലെത്തും. ദോഹയിലും അൽറുവൈസിലും കൂടിയ താപനില 23 ഡിഗ്രി ആയിരിക്കും.
ഖത്തറിലുടനീളം മഴ ഏറക്കുറെ മാറി. തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളിൽ തണുപ്പ് കൂടിയ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് ജനുവരി 24ന് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു. വർഷത്തിൽ ഏറ്റവും തണുപ്പ് അനുഭവപ്പെടുന്ന ‘ബർദ് അൽ അസരിഖ്’ദിവസങ്ങൾ ജനുവരി 24നും 31നും ഇടക്കായിരിക്കുമെന്നാണ് ഖത്തർ കലണ്ടർ ഹൗസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.