ഖത്തറിൽ കനത്ത കാറ്റിലും മഴയിലും കോവിഡ് താൽക്കാലിക കേന്ദ്രം തകർന്നു; ആളപായമില്ല
text_fieldsദോഹ: ഖത്തറിൽ വ്യാഴാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കോവിഡ് ചികിൽസക്കായി പണിത താൽകാലിക കേന്ദ്രം തകർന്നു. ആളപായമില്ലെന്ന് പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. മണിക്കൂറിൽ 72 കിലോമീറ്റർ വേഗതയിൽ അടിച്ച ശക്തമായ കാറ്റിൽ ഹസം മിബൈരീഖ് ജനറൽ ആശുപത്രിക്ക് അനുബന്ധമായി നിർമിച്ച രണ്ട് താൽകാലിക ടെൻറുകളാണ് തകർന്നത്. കോവിഡ് 19 രോഗികൾക്കായി അധികമായി പണിതവയാണിവ.
ആശുപത്രി കെട്ടിടത്തിനോ മറ്റോ ഒരു തകരാറും സംഭവിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. ടെൻറിലുണ്ടായിരുന്ന എല്ലാ രോഗികളെയും റാസ് ലഫാനിലെ കോവിഡ് 19 ആശുപത്രിയിലേക്ക് മാറ്റി. ഇവർക്കാർക്കും പരിക്കില്ല. എന്നാൽ രോഗികളെ മാറ്റുന്നതിനിടയിലും അവർക്ക് സുരക്ഷയൊരുക്കുന്നതിനിടയിലും 23 ജീവനക്കാർക്ക് പരിക്കേറ്റിറ്റുണ്ട്. പരിക്ക് സാരമുള്ളതല്ല, ഇവർ ചികിൽസയിലാണ്. ഹമദ് മെഡിക്കൽ കോർപറേഷൻെറ ഇൻസിഡൻറ് കമാൻറ് കമ്മിറ്റി നടപടികൾക്ക് നേതൃത്വം നൽകി.
സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തുമെന്ന് ഹമദ്മെഡിക്കൽ കോർപറേഷൻ അറിയിച്ചു. സംഭവം കോവിഡ് ചികിൽസയുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കില്ല. ഹമദിന് നിരവധി അധിക ആശുപത്രി ബെഡുകൾ ഉണ്ടെന്നും അധികൃതർ അറിയിച്ചു. രോഗികളെ പരിക്കേൽക്കാതെ മാറ്റിയ ഹസംമിബൈരീഖ് ജനറൽ ആശുപത്രി ജീവനക്കാരെ ആശുപത്രി എക്സിക്യുട്ടീവ് ഡയറക്ടർ ഹുസെൻ ഇസ്ഹാഖ് അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.