കളിക്കൂടാരം റെഡി; സമർപ്പണം 30ന്
text_fieldsദോഹ: ഒക്ടോബർ 22നു നടന്ന പ്രൗഢഗംഭീരമായ ചടങ്ങുകളോടെ കായിക ലോകത്തിന് സമർപ്പിക്കപ്പെട്ട അൽ തുമാമ സ്റ്റേഡിയത്തിനു പിന്നാലെ ബെയ്തും കളിയാരാധകരിലേക്ക്. 2022 ഫിഫ ലോകകപ്പിനായി ഖത്തർ ഒരുക്കിയ 'മരുഭൂമിയിലെ ടെൻറ്' നവംബർ 30ന് കിക്കോഫ് കുറിക്കുന്ന ഫിഫ അറബ് കപ്പ് ചാമ്പ്യൻഷിപ്പോടെ ഫുട്ബാൾ പ്രേമികൾക്ക് സ്വന്തമാവും. മിനുക്ക് പണികളെല്ലാം പൂർത്തിയാക്കി അൽബെയ്ത് ഉദ്ഘാടന സജ്ജമായതായി സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു.അറബ് കപ്പിലെ ഉദ്ഘാടന മത്സരത്തോടെയാവും ദോഹയിൽനിന്നും 46 കി.മീ അകലെയുള്ള അൽ ബെയ്ത് ആരാധകർക്ക് സമർപ്പിക്കുന്നത്. 30ന് ഖത്തറും ബഹ്റൈനും തമ്മിലെ ഉദ്ഘാടന മത്സരത്തിനാണ് അൽ ബെയ്ത് വേദിയാവുന്നത്. ഉച്ചക്ക് ഒന്നിനാണ് കളിയാരാധകർ കാത്തിരിക്കുന്ന മത്സരം.ലോകകപ്പിനായൊരുക്കിയ വേദികളിൽ വലുപ്പത്തിൽ രണ്ടാമെതന്ന സ്ഥാനം കൂടി അൽ ബെയ്തിനുണ്ട്. 60,000 കാണികൾക്കാണ് ഇവിടെ ഇരിപ്പിട സൗകര്യമുള്ളത്. അൽ തുമാമ സ്റ്റേഡിയത്തിനു മുേമ്പതന്നെ നിർമാണം പൂർത്തിയാക്കിയെങ്കിലും മരുഭൂമിയിലെ ഈ കൂടാരം ഉദ്ഘാടനം ചെയ്യപ്പെട്ടിരുന്നില്ല. ഖലീഫ സ്റ്റേഡിയം, അൽ ജനൂബ്, എജുക്കേഷൻ സിറ്റി, അഹമ്മദ് ബിൻ അലി, അൽ തുമാമ എന്നിവക്കു പിന്നാലെ ഉദ്ഘാടനം ചെയ്യപ്പെടുന്ന ആറാമത്തെ ലോകകപ്പ് വേദിയാണ് അൽ കോറിലെ ഈ സ്റ്റേഡിയം.ഡിസംബർ 18നു നടക്കുന്ന ഫൈനൽ ഉൾപ്പെടെ ഫിഫ അറബ് കപ്പിലെ അഞ്ചു മത്സരങ്ങൾക്ക് അൽ ബെയ്ത് വേദിയാവും. 2022 ലോകകപ്പിൽ സെമി ഫൈനൽ ഉൾപ്പെെട ഒമ്പതു മത്സരങ്ങൾക്കും വേദിയാവുന്നുണ്ട്. നാടോടികളായ അറബ് സംഘങ്ങൾ മരുഭൂമികളിൽ രാപ്പാർക്കാൻ ഒരുക്കുന്ന 'ബൈത് അൽ ഷാർ' ൽനിന്നാണ് അൽ ബെയ്തിെൻറ ആശയവും പിറക്കുന്നത്. ദൂരക്കാഴ്ചയിൽ മരുഭൂമിയിൽ വലിച്ചുകെട്ടിയ ടെൻറ് പോലെ തോന്നിപ്പിക്കുന്ന സ്റ്റേഡിയം അകത്തും പുറത്തും അതേ നിർമാണ കൗതുകം നിലനിർത്തുന്നു. ലോകകപ്പാനന്തരം സ്റ്റേഡിയ ശേഷി 32,000ത്തിലേക്ക് കുറക്കും. സ്റ്റേഡിയത്തിെൻറ മുകൾ നില പഞ്ചനക്ഷത്ര ഹോട്ടൽ ഉൾപ്പെടെ സൗകര്യങ്ങളാക്കി മാറ്റാനാണ് പദ്ധതി.
സ്റ്റേഡിയത്തോടനുബന്ധിച്ച് നാലു ലക്ഷം ചതുരശ്ര മീറ്റർ വിശാലതയിൽ പാർക്കും പൂന്തോട്ടവും ഒരുക്കിയാണ് ഈ വേദി കായിക പ്രേമികളെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.