ക്യാമ്പിങ് കേന്ദ്രങ്ങളിൽ പരിശോധന ശക്തം
text_fieldsശൈത്യകാല ക്യാമ്പിങ് മേഖലകളിൽ പരിസ്ഥിതി മന്ത്രാലയം നേതൃത്വത്തിൽ പരിശോധന നടത്തുന്നു
ദോഹ: ശൈത്യകാല കാമ്പിങ് സീസൺ സമാപനത്തോട് അടുക്കവെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അനധികൃത ക്യാമ്പിങ് കാബിനുകൾ നീക്കം ചെയ്യാൻ നടപടി ആരംഭിച്ച് ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കാത്ത കാബിനുകൾക്കും ക്യാമ്പിങ് സംഘത്തിനുമെതിരെ നടപടി സ്വീകരിക്കുക, ലൈസൻസോ, അനുമതിയോ ഇല്ലാതെ പ്രവർത്തിക്കുന്നവരെ നീക്കം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് പരിശോധന വ്യാപിപ്പിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.
നിയമലംഘനം നടത്തിയതായി കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുകയും കാബിനുകൾ നീക്കം ചെയ്യുകയും ചെയ്യും. പരിസ്ഥിതിയെ ഹാനികരമായി ബാധിക്കുന്ന പ്രവർത്തനങ്ങളിൽനിന്നും ക്യാമ്പ് താമസക്കാരെ അകറ്റുകയും, പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ബോധവത്കരണം നടത്തുകയും ഈ പരിശോധന യത്നത്തിന്റെ ലക്ഷ്യമാണ്. നവംബർ ആദ്യ വാരത്തിൽ ആരംഭിച്ച ശൈത്യകാല കാമ്പിങ് ഏപ്രിൽ 30 വരെ തുടരും. സീസൺ അവസാനിക്കുന്നത് വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനയും തുടരുമെന്ന് അധികൃതർ അറിയിച്ചു.
താമസക്കാരും, സ്വദേശികളും ഉൾപ്പെടെ പൊതുജനങ്ങൾ ശൈത്യകാല ക്യാമ്പിങ് സീസൺ സംബന്ധിച്ച് അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം നിയമബാധ്യത എന്നതിനൊപ്പം, വരും തലമുറക്കായി പ്രകൃതിവിഭവങ്ങൾ കാത്ത് സൂക്ഷിക്കുകയെന്ന ദേശീയവും ധാർമികവുമായ ഉത്തരവാദിത്തം കൂടിയാണെന്ന് വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.