31ാമത് രാജ്യാന്തര ദോഹ പുസ്തകോത്സവത്തിന് ഇന്നുതുടക്കം
text_fieldsദോഹ: അക്ഷരപ്രേമികൾക്ക് മുമ്പാകെ വായനയുടെ വസന്തകാലം വിരിയിച്ച് 31ാമത് ദോഹ രാജ്യാന്തര പുസ്തക മേളക്ക് വ്യാഴാഴ്ച തുടക്കം. ജനുവരി 22 വരെ നീണ്ടുനിൽക്കുന്ന രാജ്യാന്തര പുസ്തകോത്സവത്തിന് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററാണ് വേദി. 'അറിവാണ് വെളിച്ചം' എന്ന തലക്കെട്ടിൽ ഖത്തർ കൾചറൽ ആൻഡ് ഹെറിറ്റേജ് ഇവൻറ്സ് സെൻററുമായി സഹകരിച്ച് സാംസ്കാരിക മന്ത്രാലയമാണ് പുസ്തക മേളയുടെ സംഘാടകർ. കോവിഡ് കാരണം കഴിഞ്ഞ സീസൺ മുടങ്ങിയെങ്കിലും ഇക്കുറി 31ാം എഡിഷനെത്തുമ്പോഴും രാജ്യവും ലോകവും കോവിഡിന് നടുവിലാണ്. എന്നാൽ, അക്ഷര ഉത്സവത്തിന് അവധിയില്ലാതെതന്നെ 37 രാജ്യങ്ങളുടെയും 430 പ്രസാധകരുടെയും 90 ഏജൻസികളുടെയും പങ്കാളിത്തത്തോടെ മേള നടക്കും.
കോവിഡ് നിയന്ത്രണങ്ങളോടെയാണ് ഇക്കുറി പുസ്തകോത്സവം നടക്കുന്നത്. ആകെ ശേഷിയുടെ 30 ശതമാനം പേർക്ക് മാത്രമാണ് ഒരേസമയം പ്രദർശനസ്ഥലത്തേക്ക് പ്രവേശനം ലഭ്യമാവുക. ദോഹ ബുക്ഫെയർ വെബ്സൈറ്റ് വഴി മുൻകൂർ രജിസ്റ്റർ ചെയ്തവർക്ക് മാത്രമാണ് പ്രവേശനം. രണ്ട് ഡോസ് വാക്സിൻ സവീകരിച്ചവരും രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടവരുമായിരിക്കണമെന്ന നിർദേശവുമുണ്ട്. രാവിലെ ഒമ്പതുമുതൽ രാത്രി 10 വരെയാണ് പ്രവേശനം. വെള്ളിയാഴ്ചകളിൽ വൈകീട്ട് മൂന്നു മുതൽ രാത്രി 10 വരെയായിരിക്കും പ്രവേശനം. ലോകത്തിന്റെ വിവിധ ഭാഷകളിലായി വൈവിധ്യമാർന്ന വിഷയങ്ങളിൽ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പുസ്തകങ്ങൾ പ്രദർശനത്തിനെത്തും. ഖത്തർ-അമേരിക്ക സാംസ്കാരിക വർഷം 2021ന്റെ ഭാഗമായി ഇത്തവണ അമേരിക്കയാണ് പുസ്തകമേളയിലെ അതിഥി രാജ്യം. അമേരിക്കയുടെ സംസ്കാരത്തിന്റെയും ബൗദ്ധിക ഉൽപന്നങ്ങളുടെയും നേർക്കാഴ്ചയും മേളയിലുണ്ടാകും.
രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തിനൊപ്പം, വൈവിധ്യമാർന്ന ശിൽപശാലകളും സാംസ്കാരിക പരിപാടികളും മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്. ദാർ അൽ ഥഖാഫ പ്രിൻറിങ് പ്രസ്, ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റി പ്രസ്, കതാറ പബ്ലിഷിങ് ഹൗസ്, ഖത്തർ യൂനിവേഴ്സിറ്റി പ്രസ്, റോസ പബ്ലിഷിങ് ഹൗസ്, സക്രീത് പബ്ലിഷിങ് ഹൗസ്, ദാർ അൽ വതാദ് ഫോർ പബ്ലിഷിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ, ദാർ അൽ ശർഖ് പ്രിൻറിങ്, നജ്ബ ഹൗസ് ഫോർ പബ്ലിഷിങ്, നവാ പബ്ലിഷിങ് ഹൗസ് തുടങ്ങി ഖത്തറിലെ പ്രമുഖ പ്രസാധകരുടെയെല്ലാം സാന്നിധ്യം മേളയെ സമ്പന്നമാക്കും. ഫലസ്തീൻ, സിറിയ, ജപ്പാൻ, ദക്ഷിണ കൊറിയ, കിർഗിസ്താൻ, ഇന്തോനേഷ്യ, റഷ്യ, ഇറ്റലി, ഫ്രാൻസ് എന്നീ എംബസികളും അസർബൈജാൻ സാംസ്കാരിക മന്ത്രാലയവും മേളയിൽ പങ്കെടുക്കും.
പ്രവേശനത്തിന് രജിസ്ട്രേഷൻ
ദോഹ: കോവിഡ് സാഹചര്യത്തിൽ തിരക്ക് കുറക്കുന്നതിനായി നേരത്തെ രജിസ്റ്റർ ചെയ്തവർക്കു മാത്രമായിരിക്കും പുസ്തക മേളയിലേക്ക് പ്രവേശനം. ദോഹ പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ ലിങ്ക് വഴി https://31.dohabookfair.qa/en/visitors/visitors-registration/ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നവർക്ക് ഇ-മെയിൽ വഴി രജിസ്ട്രേഷൻ കോഡ് ലഭിക്കും. നിങ്ങൾ രജിസ്റ്റർ ചെയ്ത ദിനത്തിലേക്ക് മാത്രമേ ഈ കോഡ് ആക്ടിവ് ആവുകയുള്ളൂ. മറ്റൊരു ദിവസമാണ് നിങ്ങൾ സന്ദർശനം നടത്തുന്നതെങ്കിൽ വീണ്ടും രജിസ്ട്രേഷൻ നടത്തണം. ഹാളിൽ നിശ്ചിത എണ്ണം ആളുകൾ കയറിക്കഴിഞ്ഞാൽ പിന്നെ പുതിയ സന്ദർശകരെ അനുവദിക്കുന്നതല്ല. രജിസ്റ്റർ ചെയ്യുന്ന സമയത്തുതന്നെ സ്റ്റാളുകൾ സന്ദർശിക്കാൻ ശ്രദ്ധിക്കുക. പന്ത്രണ്ടു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല.
മലയാള സാന്നിധ്യമായി ഐ.പി.എച്ച്
ദോഹ: വ്യാഴാഴ്ച ആരംഭിക്കുന്ന ദോഹ രാജ്യാന്തര പുസ്തകോത്സവത്തിൽ മലയാളി വായനക്കാർക്ക് വിപുലമായ പുസ്തക ശേഖരമൊരുക്കി ഇസ്ലാമിക് പബ്ലിഷിങ് ഹൗസിന്റെ പുസ്തകശാല. ദോഹ എക്സിബിഷൻ ആന്ഡ് കൺവെൻഷൻ സെന്ററിൽ ആരംഭിക്കുന്ന മേളയുടെ എച്ച് വൺ -25 സ്റ്റാളിലാണ് ഐ.പി.എച്ച് കേന്ദ്രം. ഏറെ ചർച്ചചെയ്യപ്പെട്ട റമീസ് മുഹമ്മദിന്റെ 'സുൽത്താൻ വാരിയംകുന്നൻ', 'ഫാറൂഖ് ശാന്തപുരം, സുകൃതങ്ങളുടെ പാഠപുസ്തകം', ഇസ്ഹാഖ് അലി മൗലവി ധീഷണയുടെ നക്ഷത്രത്തിളക്കം തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനം ഐ.പി.എച്ച് സ്റ്റാളിൽ നടക്കും. ഇവക്കൊപ്പം ഐ.പി.എച്ചിന്റെ പുസ്തകങ്ങൾ 50 ശതമാനം വിലക്കിഴിവിലും മേളയിൽ ലഭ്യമാവും. നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ പുസ്തകോത്സവത്തിനു പ്രവേശനാനുമതി ലഭിക്കൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.