എ.എഫ്.സി അവാർഡുകൾ തിരികെയെത്തുന്നു; ദോഹ വേദിയാവും
text_fieldsദോഹ: കോവിഡ് തീർത്ത ഇടവേളക്കുശേഷം തിരികെയെത്തുന്ന ഏഷ്യൻ ഫുട്ബാൾ പുരസ്കാരവിതരണത്തിന് ആതിഥേയരാകാൻ ഒരുങ്ങി ഖത്തർ. ഒക്ടോബർ 31ന് ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലാണ് വൻകരയുടെ ഏറ്റവും മികച്ച ഫുട്ബാൾ താരങ്ങൾക്കുള്ള പുരസ്കാര പ്രഖ്യാപനം. എ.എഫ്.സിയുടെ ഗ്ലോബൽ പാർട്ട്ണറായ നിയോം ക്യു.എൻ.സി.സിയിലെ ഐക്കണിക് അൽ മയാസ തിയറ്ററിൽ നടക്കുന്ന എ.എഫ്.സി അവാർഡിന്റെ 27ാമത് പതിപ്പിൽ ഏറ്റവും പുതിയ പ്ലെയർ ഓഫ് ദി ഇയർ, എ.എഫ്.സി വുമൺസ് പ്ലെയർ ഓഫ് ദി ഇയർ എന്നിവരെ പ്രഖ്യാപിക്കും.
പുരുഷ വിഭാഗത്തിൽ ഖത്തറിന്റെ അൽ മുഈസ് അലി, ആസ്ട്രേലിയയുടെ മാത്യു ലെക്കി, സൗദി അറേബ്യയുടെ സാലിം അൽ ദൗസരി എന്നിവരും വനിത വിഭാഗത്തിൽ ആസ്ട്രേലിയയുടെ സാമന്ത കെർ, ചൈനയുടെ ഷാങ് ലിൻയാൻ, ജപ്പാന്റെ സാകി കുമാഗെ എന്നിവരുമാണ് അന്തിമ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ഖത്തർ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന എ.എഫ്.സി വാർഷിക അവാർഡ് രാത്രി എട്ടിന് ആരംഭിക്കും. ഏഷ്യൻ ഫുട്ബാൾ ആരാധകർക്ക് എ.എഫ്.സിയുടെ ഡിജിറ്റൽ ചാനലുകളിൽ തിളങ്ങുന്ന ഗാലയിൽനിന്നുള്ള മുഴുവൻ ദൃശ്യങ്ങളും എക്സ്ക്ലൂസിവായി കാണാൻ സാധിക്കും. 2019നുശേഷം ആദ്യമായാണ് എ.എഫ്.സി വാർഷിക അവാർഡുകൾക്ക് വീണ്ടും വേദിയാകുന്നത്. എ.എഫ്.സി കലണ്ടറിലെ ഏറ്റവും ശ്രദ്ധേയ പരിപാടികളിലൊന്നായ വാർഷിക അവാർഡ്ദാന ചടങ്ങിൽ ആകെ 18 അംഗീകാരങ്ങളാണ് പ്രഖ്യാപിക്കപ്പെടുക. മികച്ച താരങ്ങൾക്കു പുറമേ, ഏഷ്യയിൽനിന്നുള്ള മികച്ച അന്താരാഷ്ട്ര പുരുഷ താരം, വനിത താരം, എ.എഫ്.സി ഫുട്സാൽ പ്ലെയർ ഓഫ് ദി ഇയർ, മികച്ച പരിശീലകൻ, പരിശീലക, മികച്ച പുരുഷ-വനിത യുവതാരങ്ങൾ, പ്ലാറ്റിനം, ഡയമണ്ട്, ഗോൾഡ്, റൂബി വിഭാഗങ്ങളിലെ മികച്ച അസോസിയേഷൻ അംഗരാജ്യം, മികച്ച റീജനൽ അസോസിയേഷൻ, ഗ്രാസ്റൂട്ട്സ് ഫുട്ബാളിനുള്ള എ.എഫ്.സി പ്രസിഡന്റ് അംഗീകാരം, മികച്ച റഫറിമാർക്കുള്ള പ്രത്യേക അവാർഡ് എന്നിവ ഇതിലുൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.