അഫ്ഗാൻ സർക്കാറും താലിബാനും: സുപ്രധാന ചർച്ച തിങ്കളാഴ്ച
text_fieldsദോഹ: 19 വർഷമായി തുടരുന്ന അഫ്ഗാൻ യുദ്ധം അവസാനിപ്പിച്ച് രാജ്യത്ത് സമാധാനം സ്ഥാപിക്കാനായുള്ള ചരിത്രപ്രധാനമായ ചർച്ചകൾ ദോഹയിൽ തുടങ്ങി. അഫ്ഗാൻ സർക്കാറും താലിബാനും തമ്മിൽ ഖത്തറിെൻറ മധ്യസ്ഥതയിൽ ഒരുമേശക്കുചുറ്റുമിരിക്കുന്ന സുപ്രധാന സെഷൻ തിങ്കളാഴ്ചയാണ് നടക്കുക. ശനിയാഴ്ച നടന്ന ഉദ്ഘാടന സെഷനിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, അഫ്ഗാൻ ദേശീയ അനുരഞ്ജന ഉന്നതസമിതി ചെയർപേഴ്സൺ അബ്ദുല്ല അബ്ദുല്ല, താലിബാൻ ഉപനേതാവ് മുല്ലാ അബ്ദുൽ ഗനി ബറാദർ എന്നിവരാണ് പങ്കെടുത്തത്.
ഇരുകക്ഷികളും തമ്മിൽ ഉടമ്പടിയിൽ എത്തിയാൽ അഫ്ഗാനിൽ ശാശ്വതസമാധാനം കൈവരുമെന്ന് അബ്ദുല്ല അബ്ദുല്ല പറഞ്ഞു.
അഫ്ഗാൻ ഇസ്ലാമിൻെൻറ അടിസ്ഥാനത്തിലുള്ള സ്വതന്ത്രവും വികസനവുമുള്ള രാജ്യമാവുകയാണ് തങ്ങളുെട നിലപാടെന്നും അതാണ് എല്ലാ പൗരൻമാരും ആഗ്രഹിക്കുന്നതെന്നും ബറാദർ പറഞ്ഞു. ഏതെങ്കിലും പക്ഷം വിജയിക്കുകയോ കീഴടക്കുകയോ ചെയ്യുക എന്നതല്ല ചർച്ചയുടെ സ്വഭാവമെന്നും ശാശ്വതസമാധാനം പുലരുകയാണ് ലക്ഷ്യമെന്നും ഖത്തർ വിദേശകാര്യമന്ത്രി പറഞ്ഞു.
അഫ്ഗാനിലെ പ്രശ്നങ്ങൾക്ക് സൈനികമായ പരിഹാരം സാധ്യമല്ലെന്നാണ് ചരിത്രം നമ്മെ പഠിപ്പിച്ചത്. പെട്ടെന്നും ശാശ്വതമായതുമായി വെടിനിർത്തൽ ഉടൻ നിലവിൽ വരണം. ഇതിന് അഫ്ഗാനിലെ എല്ലാ ഗ്രൂപ്പുകളമായും പാർട്ടികളുമായി ചർച്ചകൾ നടത്തേണ്ടതുണ്ട്. ഇതിന് ശേഷം അന്തിമമായ കരാർ സാധ്യമാവും. ആരെങ്കിലും വിജയിക്കുകയോ പരാജയപ്പെടുകയോ എന്നത് അടിസ്ഥാനപ്പെടുത്തിയുള്ള കരാർ ആയിരിക്കില്ല അത്.
ദീർഘകാലമായി നടക്കുന്ന ചർച്ചകളിലൂടെ സമാധാനഉടമ്പടി സാധ്യമാവണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. എല്ലാ കക്ഷികളും ഈ അവസരം ഉപയോഗപ്പെടുത്തണം. നിങ്ങളുടെ രാഷ്ട്രീയസംവിധാനങ്ങളുടെ ഭാവി തീർച്ചയായും നിങ്ങൾ തന്നെയാണ് തീരുമാനിക്കേണ്ടത്. എല്ലാ അഫ്ഗാനികളുെടയും അവകാശം സംരക്ഷിക്കുന്ന, സാമൂഹിക ഉന്നമനമുള്ള, സ്ത്രീകളുടെ സാന്നിധ്യം പൊതുഇടങ്ങളിൽ സാധ്യമാക്കുന്നതാവണം അന്തിമപരിഹാരനടപടികളെന്നും അദ്ദേഹം പറഞ്ഞു.
അഫ്ഗാൻ സമാധാനത്തിനായി നേരത്തേ നിരവധി ചർച്ചകൾ ദോഹയിൽ നടന്നിരുന്നു. യു.എസും താലിബാനും തമ്മിൽ നടന്ന ചർച്ചകളുെട ഫലമായി കഴിഞ്ഞ ഫെബ്രുവരിയിൽ സമാധാനകരാർ ഉണ്ടാക്കിയിരുന്നു. എന്നാൽ അമേരിക്കയുടെ പാവസർക്കാറാണ് അഫ്ഗൻ ഭരിക്കുന്നതെന്നും ഇതിനാൽ സർക്കാറുമായി ചർച്ചക്കില്ലെന്നുമായിരുന്നു താലിബാൻ നിലപാട്. ഇതാദ്യമായാണ് താലിബാനും അഫ്ഗാൻ സർക്കാറും തമ്മിൽ ചർച്ചകൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.