പൗരാണിക ഗ്രാമം 'അൽ മഫ്ജർ' പുനരുജ്ജീവിപ്പിക്കുന്നു
text_fieldsദോഹ: ഖത്തറിലെ പൗരാണിക ഗ്രാമമായ 'അൽ മഫ്ജർ' ഖത്തർ മ്യൂസിയംസ് പുനരുജ്ജീവിപ്പിക്കുന്നു. രാജ്യത്തിെൻറ വടക്കേ അറ്റത്ത് ആരുമെത്തിപ്പെടാത്ത ബീച്ചിനോടു ചേർന്നുകിടക്കുന്ന ആൾത്താമസമില്ലാത്ത പൗരാണിക ഗ്രാമമാണിത്. ഇത് വിനോദസഞ്ചാരകേന്ദ്രമാക്കാനും ഖത്തർ മ്യൂസിയംസിന് പദ്ധതിയുണ്ട്.
പൗരാണിക ഗ്രാമം വീണ്ടും ആവിഷ്കരിക്കുന്നതോടൊപ്പം ഒരു സാംസ്കാരിക, പൈതൃക, പരിസ്ഥിതിസൗഹൃദ പരിപാടികളും ഓപൺ എയർ മ്യൂസിയവും മറ്റു ആകർഷക സൗകര്യങ്ങളും ഇവിടെ നിർമിക്കുമെന്ന് ഖത്തർ മ്യൂസിയം നേരത്തേ വ്യക്തമാക്കിയിരുന്നു. സ്വകാര്യമേഖലയുടെ സഹകരണത്തോടെയാണിത്. പൗരാണിക ഖത്തരി ഗ്രാമങ്ങളുടെ പുനരാവിഷ്കരണ പദ്ധതികളുടെ ഭാഗമായാണ് ഒറ്റപ്പെട്ട ഗ്രാമത്തെ പൈതൃക ഗ്രാമമായി രൂപാന്തരപ്പെടുത്തുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ഖത്തറിലെ പ്രമുഖ എൻജിനീയറിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനികളിലൊന്നായ സീഷോർ ഗ്രൂപ്പുമായി ഖത്തർ മ്യൂസിയംസ് കരാർ ഒപ്പുവെച്ചിരുന്നു.
ആയിരക്കണക്കിന് വർഷം പഴക്കമുള്ള പൗരാണിക താമസ കേന്ദ്രങ്ങളും വാച്ച് ടവറുകളും നഗരങ്ങളുമടക്കം നിരവധി കേന്ദ്രങ്ങളാണ് ഖത്തർ പുനരുജ്ജീവിപ്പിച്ച് സംരക്ഷിച്ച് നിലനിർത്തിയിരിക്കുന്നത്.
അൽ സുബാറ ആർക്കിയോളജിക്കൽ സൈറ്റാണ് ഖത്തറിലെ പ്രമുഖ പൈതൃകകേന്ദ്രങ്ങളിലൊന്ന്. 18ഉം 19ഉം നൂറ്റാണ്ടുകളിലെ ഗൾഫ് മെർച്ചൻറ് ടൗണുകളിലൊന്നായിരുന്നു അൽ സുബാറ. 2013ൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട് ഖത്തറിലെ ഏറ്റവും വലിയ പൈതൃകകേന്ദ്രം. അതിപുരാതനമായ നഗര ചുറ്റുമതിൽക്കെട്ടുകളും കവാടങ്ങളും കൊട്ടാരങ്ങൾ, വീടുകൾ, ചന്തകൾ, വ്യവസായിക കേന്ദ്രങ്ങൾ, പള്ളികൾ എന്നിവയെല്ലാം ഇവിടത്തെ ആകർഷണങ്ങളാണ്. ൈഫ്രഹ ആൻഡ് റുവൈദ പൗരാണിക താമസകേന്ദ്രങ്ങൾ, ബർസാൻ ഗ്രാമം, അൽഖോർ ടവർ, അൽ റകയാത് കോട്ട, റാസ് ബ്റൂക്, അൽ ജസ്സാസിയ എന്നിവയെല്ലാം ഖത്തറിലെ പൈതൃക കേന്ദ്രങ്ങളിൽ പ്രധാനപ്പെട്ടവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.