വാദപ്രതിവാദം തുടരുന്നു, പ്രവാസിക്ഷേമത്തിൽ ആർക്കുമില്ല എതിരഭിപ്രായം
text_fieldsദോഹ: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസമായ ഞായറാഴ്ച കേരളത്തിൽ അവധി ദിനമായിരുന്നു. എന്നാൽ, പ്രവാസലോകത്ത് പ്രവൃത്തിദിവസമായിരുന്നു. നാട്ടിലെ രാവിലെ ആറുമണിക്കാണ് വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചത്. അതായത് ഖത്തറിലെ പുലർച്ച 3.30. റമദാൻ ആയതിനാൽ അത്താഴത്തിനും നമസ്കാരത്തിനുമായി എഴുന്നേറ്റ മിക്കവരും പിന്നെ ഉറങ്ങിയതേയില്ല. എല്ലാവരും ഫലപ്രഖ്യാപനത്തിലേക്ക് കണ്ണും കാതും കൂർപ്പിച്ചുനിൽക്കുകയായിരുന്നു.
കനത്ത ഇടത് തരംഗം ഉള്ളതിനാൽ ഫലത്തിെൻറ ഏതാണ്ട് രൂപം മണിക്കൂറുകൾക്കുള്ളിൽ അറിഞ്ഞപ്പോൾതന്നെ ഇടതുപക്ഷ അനുകൂലികളിൽ ആഹ്ലാദച്ചിരിവിടർന്നു. യു.ഡി.എഫ് പ്രവർത്തകരിൽ എന്തെന്നില്ലാത്ത നിരാശയും. ഇത്രയധികം സീറ്റുകൾ എൽ.ഡി.എഫ് തൂത്തുവാരുമെന്ന് അവർ നിനച്ചതേ ഇല്ല. നൂറുകണക്കിന് ലീഗ് പ്രവർത്തകരാണ് ഖത്തറിലുള്ളത്. കെ.എം.സി.സിയുടെ കീഴിൽ ഓൺലൈനിലും മറ്റുമായി നേരത്തേ തെരഞ്ഞെടുപ്പ് യോഗങ്ങളും മറ്റും നടത്തിയിരുന്നു. കുറ്റ്യാടിയിലെ സിറ്റിങ് എം.എൽ.എയായ പാറക്കൽ അബ്ദുല്ലയുടെ തോൽവി കനത്ത ആഘാതമായി. പാറക്കലിന് ഖത്തറിൽ നിരവധി ബിസിനസ് സംരംഭങ്ങളുണ്ട്. അദ്ദേഹം ഇടക്കിടെ ഖത്തറിൽ എത്താറുമുണ്ട്. എന്നാൽ, കെ.പി. കുഞ്ഞമ്മദ് കുട്ടിയെന്ന ഇടത് ജനകീയന് മുന്നിൽ പാറക്കലിന് അടിപതറുകയായിരുന്നു. പല പ്രവാസികളും ജോലിസ്ഥലത്ത് മൊബൈലിലൂെടയായിരുന്നു ഫലങ്ങൾ അപ്പപ്പോൾ കണ്ടിരുന്നത്.
ചാനൽ ലൈവായിരുന്നു ആശ്രയം. തവനൂരും പാലക്കാടും തൃശൂരും നേമത്തും തൃത്താലയിലും ലീഡുകൾ മാറിമറിഞ്ഞപ്പോൾ പ്രവാസിറൂമുകളിൽ ചർച്ചകൾ മുറുകി.തവനൂരിൽ ഫിറോസ് കുന്നുംപറമ്പിലിെൻറ വിധിയെന്താകുമെന്ന് അവർ ഏെറ ആകാംക്ഷയോടെ വീക്ഷിച്ചിരുന്നു. ഫിറോസിെൻറ കാരുണ്യപ്രവർത്തനങ്ങൾക്ക് സമൂഹമാധ്യമങ്ങളിലൂടെ സാമ്പത്തികസഹായം നൽകുന്നതിൽ വലിയ പങ്കും പ്രവാസികളായിരുന്നു. അദ്ദേഹത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് കനത്ത തിരിച്ചടിയും പ്രവാസികൾ നൽകുമായിരുന്നു. ഏതായാലും അവസാനം പൊരിഞ്ഞ പോരാട്ടത്തിനൊടുവിൽ ഡോ. കെ.ടി. ജലീലിനോട് ഫിേറാസ് േതാൽക്കുകയായിരുന്നു.
എന്നാൽ ബി.ജെ.പിയിൽ നിന്ന് നേമം തിരിച്ചുപിടിച്ചതും ഒറ്റമണ്ഡലത്തിൽ പോലും ജനം നിലംതൊടീക്കാത്തതും ആശ്വാസകരമാണെന്നാണ് വിലയിരുത്തൽ.തോൽവിയും വിജയവും സംബന്ധിച്ച് പ്രവാസികൾ സമൂഹമാധ്യമങ്ങളിലടക്കം പൊരിഞ്ഞപോരിലാണ് ഇപ്പോഴും. എന്നാൽ, പുതിയ സർക്കാർ പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കണമെന്ന കാര്യത്തിൽ ആർക്കുമില്ല എതിരഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.