പ്രതിഭകളുടെ കലാലോകം
text_fieldsമല്ലിക ബാബു
കേരളത്തിലെ സീരിയൽ-നാടക വേദികളിൽ അഭിനയിച്ച് അരങ്ങുകളിൽനിന്ന് അരങ്ങുകളിലേക്കുള്ള യാത്രക്കിടയിൽ എവിടെയോ ഒന്ന് ഗതിമാറിയതാണ് മല്ലിക ബാബു എന്ന അഭിനേത്രി. അങ്ങനെ, അവർ എത്തിച്ചേർന്നയിടമാണ് ഖത്തറിന്റെ പ്രവാസലോകം. പക്ഷേ, എട്ടാം ക്ലാസിലെ പഠനത്തിനിടയിൽ തിരഞ്ഞെടുത്ത അഭിനയം പ്രവാസത്തിലെ ജീവിതത്തിരക്കിനിടയിലും അവർ കൈവിട്ടില്ല. പ്രേംനസീറിനെപോലെയുള്ള അനശ്വര നടന്മാർക്കൊപ്പം അഭിനയ ജീവിതം, പി.ജെ ആന്റണിയും രാജൻ പി. ദേവും തിലകനും ഉൾപ്പെടെ മഹാന്മാരുടെ നാടകങ്ങളിൽ വേഷം, വിവിധ തലമുറകളിൽ അഭിനയ മേഖലകളിലെത്തിയ ഒട്ടേറെ പ്രതിഭകൾക്കൊപ്പമുള്ള ടി.വി സീരിയൽ, നാടകപ്രവർത്തനങ്ങൾ. 2002ൽ സംസ്ഥാന സർക്കാറിന്റെ ഏറ്റവും മികച്ച നാടക നടിക്കുള്ള പുരസ്കാരം അങ്ങനെ പടർന്നുപന്തലിച്ച അഭിനയജീവിതത്തിനിടയിലാണ് പ്രവാസത്തിലേക്കുള്ള ഗതിമാറ്റം.
ആറുവർഷം മുമ്പ് തൊഴിൽ തേടിയായിരുന്നു ഖത്തറിലേക്കുള്ള വരവ്. ടൈലറിങ് മേഖലയിലെ ജോലിയുമായി പ്രാരബ്ധങ്ങളെ മല്ലിട്ടു തോൽപിക്കുന്നതിനിടയിൽ ഇവിടെ വിവിധ കൂട്ടായ്മകളുടെ വേദികളുമായി സഹകരിച്ച് നാടകപ്രവർത്തനം സജീവമായി നിലനിർത്തുന്നു. സംസ്കൃതി, കൾചറൽ ഫോറം, നാടകസൗഹൃദം ദോഹ, ക്യു മലയാളം തുടങ്ങിയ കൂട്ടായ്മകളുമായി നാടകവേദികളിൽ നിറ സാന്നിധ്യമാണ് ഈ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിനി. ഭർത്താവ് ബാബുവും മകൾ മഞ്ജുവും നാട്ടിലാണ്. കുടുംബസമേതം പകർന്നുകിട്ടിയ അഭിനയം എന്ന പുണ്യംതന്നെ ഈ കലാകാരിയെയും മലയാളത്തിലെ പ്രമുഖരായ താരങ്ങൾക്കൊപ്പം വേദി പങ്കിടാനും അവസരം നൽകിയത്. ഭർതൃമാതാവ് കല്യാണിക്കുട്ടിയമ്മയും മധ്യകേരളത്തിലെ പ്രധാന നാടക കലാകാരികളിൽ ഒരാളായിരുന്നു.
രാജൻ പി. ദേവ് സംവിധാനംചെയ്ത ചേർത്തല ആരതിയുടെ നാടകങ്ങൾ, കൊച്ചിൻ അനശ്വരയിൽ സിനിമ നടൻ റിസ ബാവക്കൊപ്പം, പിറവം രസ്ന, ചേർത്തല സരിഗ, തപസ്യ, ആലപ്പുഴ മലയാള കലാഭവൻ, കൊച്ചിൻ നാടകവേദി, തിയറ്റേഴ്സ്, സനാതന, നടൻ തിലകന്റെ അങ്കമാലി ഭരതക്ഷേത്ര അങ്ങനെ മലയാള നാടകവേദിയുടെ സുവർണ നാളുകളിൽ മധ്യകേരളത്തിൽ പ്രമുഖ തിയറ്റർ ഗ്രൂപ്പുകളുടെയെല്ലാം തിരക്കുള്ള അഭിനേത്രിയായി കലാജീവിതം.
കേരളത്തിലങ്ങോളമിങ്ങോളമായി 1500ലേറെ നാടകങ്ങളിൽ വേഷം. 40 വർഷം നീണ്ട നാടകസപര്യക്കൊടുവിൽ പ്രവാസത്തിലിപ്പോൾ മല്ലികക്ക് ഒരു അവധിക്കാലം കൂടിയാണ്. സാമ്പത്തിക ബാധ്യതകൾ തീർത്ത്, കുടുംബത്തെ സുരക്ഷിതമാക്കാനുള്ള ഒരു ചെറിയ ഇടവേളമാത്രം.
സ്വപ്ന നമ്പൂതിരി
ആലുവ സ്വദേശിനിയായ സ്വപ്ന നമ്പൂതിരിയുടെ ചിന്തകളിൽ പാഴ്വസ്തുക്കളായി ഒന്നുമില്ലെന്ന് പറയാം. വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റു വസ്തുക്കളുമെല്ലാം സ്വപ്നയുടെ കരസ്പർശമേൽക്കുന്നതോടെ ജീവൽതുടിപ്പുള്ള ശിൽപങ്ങളും ചിത്രങ്ങളുമായി മാറും. പരിസ്ഥിതിയെ നോവിക്കുന്ന മാലിന്യങ്ങളെല്ലാം ശേഖരിച്ച് കൗതുകമുണർത്തുന്ന ശിൽപങ്ങളും രൂപങ്ങളുമെല്ലാം സൃഷ്ടിക്കപ്പെടുമ്പോൾ സ്വപ്നയെന്ന മലയാളി കലാകാരിക്ക് കടൽകടന്നും ആരാധകർ ഏറുകയാണ്.
ബാംഗ്ലൂർ ഇൻഫോസിസിലെ സോഫ്റ്റ്വെയർ എൻജിനീയർ എന്ന ജോലിയിൽനിന്ന് രാജിവെച്ച് ഖത്തറിൽ പ്രവാസജീവിതം തിരഞ്ഞെടുത്തശേഷമായിരുന്നു സ്വപ്ന കുഞ്ഞുനാളിലേ കൂടെ കൊണ്ടുനടന്ന കലയെ സജീവമാക്കിയത്. പെയിന്റിങ്ങിന്റെയും വരകളുടെയും ലോകത്തുനിന്നും കലയെ കൂടുതൽ ദിശാബോധത്തോടെ അവതരിപ്പിച്ച് പുതിയ ലോകത്തേക്കുള്ള ചുവടുമാറ്റമായിരുന്നു അത്. അങ്ങനെ, സമുദ്രത്തെയും സമുദ്രാന്തർ ജീവജാലങ്ങളുമെല്ലാം കലയിലെ വിഷയമായി. അവക്ക് ആഘാതമാവുന്ന പ്ലാസ്റ്റിക്കുകൾതന്നെ കലയിലെ മാധ്യമവുമായി മാറി. ശേഷം, കതാറയും മിശൈരിബും എം സെവനും കടന്ന പ്രദർശനങ്ങളും അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ തുടങ്ങിയ വിവിധ ലോകരാജ്യങ്ങളിൽനിന്നുള്ള സ്വീകാര്യതയുമെല്ലാം ഈ മലയാളിയെ ഖത്തറിലെ മുൻനിര കലാപ്രതിഭകളിൽ ഒരാളാക്കി മാറ്റി.
അടുത്തിടെയാണ് മൊറോക്കോ പ്രഥമ വനിതക്ക് സമ്മാനിക്കാനായി പ്ലാസ്റ്റിക്കിൽ തീർത്ത ഒരു ശിൽപത്തിന് ഓർഡർ ലഭിക്കുന്നത്. ഒരാഴ്ച മുമ്പ് നടന്ന സീറോ വേസ്റ്റ് കോൺഫറൻസിൽ മന്ത്രിമാർക്ക് നൽകിയ സമ്മാനവും സ്വപ്നയുടെ ആർട്ട് വർക്കുകളായിരുന്നു. ഓൺലൈൻ ഗാലറിയാണ് സ്വപ്നയുടെ കലാലോകം വിദേശ രാജ്യങ്ങളിലെ ആവശ്യക്കാരിലേക്ക് എത്തുന്നത്. അതുവഴി വിൽപനയും സജീവമാക്കി സോഫ്റ്റ്വെയർ എൻജിനീയറിൽ നിന്നും ആർട്ടിസ്റ്റായി മാറിയ ആലുവക്കാരി സ്വന്തമായൊരു പ്രഫഷനും കെട്ടിപ്പടുത്തു. ആയിരത്തിലേറെ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് മിശൈരിബ് എം. സെവനിൽ ഇൻസ്റ്റലേഷൻ ഖത്തറിലെ കാഴ്ചക്കാർക്കിടയിലും ഏറെ ശ്രദ്ധേയമായിരുന്നു. ഖത്തർ ധനകാര്യ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥനായ മനോജ് നീലകണ്ഠനാണ് ഭർത്താവ്. ശ്രദ്ധ, മാനവ് എന്നിവർ മക്കളാണ്.
ഷീലാ ടോമി
പ്രവാസലോകത്തു നിന്നും മലയാള സാഹിത്യത്തിന് ലഭിച്ച ശ്രദ്ധേയ എഴുത്തുകാരിയാണ് ഷീലാ ടോമി എന്ന നോവലിസ്റ്റ്. വല്ലി എന്ന ഏറെ വായിക്കപ്പെട്ട നോവലിലൂടെ കടലിനക്കരെയും ഇക്കരെയുമായി ഒരുപിടി വായനക്കാരെ സൃഷ്ടിച്ച എഴുത്തുകാരി. ഏറ്റവും ഒടുവിൽ മലയാള സാഹിത്യലോകത്തെ ശ്രദ്ധേയ പുരസ്കാരങ്ങളിൽ ഒന്നായ ചെറുകാട് അവാർഡ് 'വല്ലി'യെ തേടിയെത്തിയത് അർഹതക്കുള്ള അംഗീകാരമായി മാറി. അതിപ്രഗല്ഭരായ വൈശാഖനും ടി.വി കൊച്ചുബാവയും സാറാ ജോസഫും യു.കെ. കുമാരനും ഉൾപ്പെടെയുള്ള സാഹിത്യകുലപതികൾക്ക് ലഭിച്ച പുരസ്കാരത്തിന്റെ ഏറ്റവും ഒടുവിലത്തെ അവകാശിയായിരുന്നു വയനാട് മാനന്തവാടി സ്വദേശിനിയായ ഷീലാ ടോമി. 2003 മുതൽ ഇവർ ഖത്തറിലുണ്ട്. ഖത്തർ പി.എച്ച്.സി.സിയിൽ ഭരണനിർവഹണ വിഭാഗത്തിൽ ജീവനക്കാരിയായിരുന്നു. ഇപ്പോൾ എഴുത്തിന്റെ ലോകത്ത് സജീവം. ഭർത്താവ് ടോമി ലാസർ ഖത്തറിലെ ജെൻസൺ ആൻഡ് ഹ്യൂഗ്സിൽ എൻജിനീയറാണ്. മക്കൾ: മിലൻ, മാനസി, ജോൺ. 2012ൽ പുറത്തിറങ്ങിയ 'മെൽക്വിയാഡിന്റെ പ്രളയ പുസ്തകം' എന്ന കഥാസമാഹാരമാണ് ആദ്യ കൃതി. അബൂദബി അരങ്ങ് ചെറുകഥാ പുരസ്കാരം, ദോഹ സംസ്കൃതി പുരസ്കാരം, പുഴ ഡോട്കോം പുരസ്കാരം എന്നിവ നേടിയിരുന്നു. ഡി.സി ബുക്സ് 2019ൽ പ്രസിദ്ധീകരിച്ച വല്ലി ബെസ്റ്റ് സെല്ലറുകളിൽ ഒന്നുമായിരുന്നു. ഫലസ്തീൻ വിഷയം പ്രമേയമാവുന്ന പുതിയൊരു നോവലിന്റെ പണിപ്പുരയിലാണ് ഖത്തറിന്റെ പ്രവാസി മലയാളി സാമൂഹിക മണ്ഡലങ്ങളിലും നിറസാന്നിധ്യമായ ഈ എഴുത്തുകാരി. നല്ലൊരു മോട്ടിവേഷൻ സ്പീക്കർ എന്ന നിലയിലും പ്രവാസികൾക്കിടയിൽ സുപരിചിതയാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.