ഖത്തറിന്റെ സാംസ്കാരിക വൈവിധ്യത്തിലേക്ക് ക്ഷണിച്ച് ‘ദ ബ്രിഡ്ജ്’
text_fieldsദോഹ: പാതിയിൽ വെനീഷ്യൻ കാർണിവൽ മാസ്കും, മറുപാതിയിൽ ഖത്തരി വനിതകളുടെ പരമ്പരാഗത മുഖാവരണമായ ബതൂലും. ഒരൊറ്റ ഇൻസ്റ്റലേഷനിൽ രണ്ട് വേറിട്ട സംസ്കാരങ്ങളെ പകർത്തിക്കൊണ്ട് ശ്രദ്ധേയമായൊരു പ്രദർശനത്തിനാണ് ഇറ്റലിയിലെ വെനീസിൽ ഖത്തർ മീഡിയാ സിറ്റി നേതൃത്വത്തിൽ തുടക്കംകുറിച്ചത്. ‘ഗ്ലോബൽ സ്റ്റോറീസ്, ലോക്കൽ ലെൻസ്’ എന്ന പ്രമേയത്തിൽ ഇരു രാജ്യങ്ങളുടെയും പാരമ്പര്യവും പൈതൃകവും ഒന്നിപ്പിക്കുന്ന അപൂർവമായൊരു വേദി.
ഖത്തറിന്റെ മാധ്യമ, സിനിമ, കലാ സാംസ്കാരിക ലോകം പങ്കുവെക്കുന്ന വേദിയായി മാറിയ വെനീസിലെ പ്രദർശനത്തിലാണ് ഖത്തരി കലാകാരി ഫത്മ അൽ ഷെബാനിയും ഇറ്റാലിയൻ കലാകാരനായ നികോളോ ഗലാസോയും ചേർന്ന് സൃഷ്ടിച്ച മാസ്ക് ആർട്ട് ഇൻസ്റ്റലേഷനായ ‘ദ ബ്രിഡ്ജ്’ പ്രകാശനം ചെയ്തതത്.
ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ചാണ് ക്യൂ.എം.സി പരിപാടി സംഘടിപ്പിച്ചത്. പരമ്പരാഗത വെനീഷ്യൻ കാർണിവൽ മുഖാവരണത്തിൽനിന്നും ഖത്തരി ബതൂലയിൽനിന്നും പ്രചോദനമുൾക്കൊണ്ടുകൊണ്ട് നിർമിച്ചതാണ് ‘ദ ബ്രിഡ്ജ്’ ഇൻസ്റ്റലേഷൻ.
സംസ്കാരങ്ങളെ ബന്ധിപ്പിക്കുന്നതിന് സർഗാത്മകതക്ക് പ്രസക്തിയുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച എം.സി.ക്യു ചെയർമാൻ ശൈഖ് ഡോ. അബ്ദുല്ല ബിൻ അലി ആൽഥാനി ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള സർഗ പ്രതിഭകൾ, സംരംഭകർ, എഴുത്തുകാർ, കലാകാരന്മാർ ഉൾപ്പെടെയുള്ളവർക്ക് മുന്നിൽ അവസരങ്ങൾ തുറന്നു നൽകുകയെന്ന ലക്ഷ്യവുമായാണ് മീഡിയാ സിറ്റിയും ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും ഇറ്റലിയിൽ പ്രത്യേക പരിപാടി ഒരുക്കിയത്.
അറബ് ലോകത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് മിഡിലീസ്റ്റിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ താൽപര്യമുള്ള അന്താരാഷ്ട്ര മാധ്യമ കമ്പനികൾക്കും പ്രഫഷനലുകൾക്കും ഇതൊരു അവസരമാണെന്ന് ശൈഖ് ഡോ. അബ്ദുല്ല ബിൻ അലി ആൽഥാനി പറഞ്ഞു. ഖത്തറിനെ ഒരു ലക്ഷ്യസ്ഥാനമായി പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അന്തർദേശീയ പങ്കാളിത്തവും സംസ്കാരങ്ങളെ ഒരുമിപ്പിക്കുന്ന സമ്പ്രദായവും രൂപപ്പെടുത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് -ശൈഖ് ഡോ. ആൽഥാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.