പ്രവാസികളെ മറന്ന ബജറ്റ്
text_fieldsദോഹ: പതിവു തെറ്റാതെ പ്രവാസികളെ തീർത്തും നിരാശപ്പെടുത്തി വീണ്ടുമൊരു കേന്ദ്ര ബജറ്റ്. മൂന്നാം മോദി സർക്കാറിന്റെ പ്രഥമ ബജറ്റ് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചപ്പോൾ, പ്രവാസികൾക്ക് കഞ്ഞി കുമ്പിളിൽതന്നെ. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളെ പൂർണമായും അവഗണിക്കുന്നതായി ബജറ്റ്. പ്രവാസികൾ തങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ബജറ്റിൽ വലിയ പ്രതീക്ഷകളോ മറ്റോ നൽകിയിരുന്നില്ലെങ്കിലും ആശ്വാസമായ ഒരു പ്രഖ്യാപനവും ഉണ്ടായില്ല.
തൊഴിൽ നഷ്ടപ്പെട്ട് നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ്, യാത്രാ ക്ലേശം പരിഹരിക്കൽ, വിമാന കമ്പനികളുടെ ചൂഷണം തടയൽ എന്നിവയെല്ലാം വർഷങ്ങളായി പ്രവാസി സംഘടനകളുടെ ആവശ്യങ്ങളാണ്. എന്നാൽ, ഇവയോട് പൂർണമായും മുഖം തിരിച്ച കേന്ദ്രസർക്കാർ ഇവയുമായി ബന്ധപ്പെട്ട യാതൊരു കാര്യവും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടില്ല.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ പ്രവാസി സമൂഹത്തിന്റെ പങ്ക് വളരെ വലുതാണ്. കഴിഞ്ഞവർഷം പത്ത് ലക്ഷം കോടി രൂപയോളമാണ് പ്രവാസികളിലൂടെ ഇന്ത്യയിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ, ഇത്രയും വിദേശനാണ്യം രാജ്യത്ത് എത്തിക്കുന്ന പ്രവാസികളുടെ ക്ഷേമം കേന്ദ്രസർക്കാർ പരിഗണിച്ചതേയില്ല.
നാല് കോടിയോളം വരുന്ന പ്രവാസി സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളെ നേരിടാനുള്ള ഒരു നിർദേശവും ബജറ്റിലില്ല. സ്വദേശിവത്കരണം ഗൾഫ് മേഖലയിൽ വലിയ തൊഴിൽ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ ഈ വിഷയത്തിലും ആശ്വാസകരമായ പരാമർശങ്ങളില്ല.
വിമാന ടിക്കറ്റ് നിരക്ക് വർധന നിയന്ത്രിക്കുക, മടങ്ങിയെത്തുന്ന പ്രവാസികൾക്ക് സംരംഭം തുടങ്ങാനുള്ള ധനസഹായം, സൗജന്യ ചികിത്സ പദ്ധതി, പ്രവാസികളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം, മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള സൗകര്യം തുടങ്ങി പ്രവാസി സമൂഹം കാലങ്ങളായി ആവശ്യപ്പെടുന്ന വിഷയങ്ങളിലൊന്നും പുതിയ പദ്ധതികളോ ധനസഹായ വർധനയോ പ്രഖ്യാപിക്കാതെ ഉപരിപ്ലവകരമായ രീതിയിലാണ് ബജറ്റ് ധനമന്ത്രി പൂർത്തിയാക്കിയത്.
നിർമിത ബുദ്ധി (എ.ഐ) ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകളിൽ ലോകത്ത് വലിയ ജോലി സാധ്യതകൾ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും അത്തരം കോഴ്സുകളിൽ ശ്രദ്ധയൂന്നുന്ന പദ്ധതികളെക്കുറിച്ചും ഇത്തവണയും ബജറ്റിൽ പരാമർശമില്ല.
തൊഴിൽ തട്ടിപ്പിന് ഇരയായി ആയിരക്കണക്കിന് പ്രവാസികളാണ് വിവിധ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്നത്. ഇവരെ സംരക്ഷിക്കാനും പുനരധിവാസത്തിനും പ്രത്യേക പദ്ധതികൾ ഇത്തവണയും പ്രഖ്യാപിച്ചിട്ടില്ല. സ്വർണത്തിന്റെ ഇറക്കുമതി തീരുവ ആറു ശതമാനമായി കുറച്ചതാണ് ഈ മേഖലയിലെ പ്രധാന നേട്ടമായി വിലയിരുത്തുന്നത്. എന്നാൽ, അത് സാധാരണക്കാരായ പ്രവാസികൾക്ക് എത്രമാത്രം സഹായകമാവുമെന്ന് വ്യക്തമല്ല.
കോവിഡിന് ശേഷം വിദേശ രാജ്യങ്ങളിൽ പ്രവാസികളുടെ മരണനിരക്ക് വർധിച്ചിട്ടുണ്ടെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നുണ്ടെങ്കിലും ഇതേക്കുറിച്ച് പഠിക്കാനോ പ്രശ്നങ്ങൾക്ക് പരിഹാരം തേടാനോ കേന്ദ്ര സർക്കാർ ഇനിയും തയാറായിട്ടില്ല.
വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി നോർക്ക റൂട്ട്സ് ആരംഭിച്ചിട്ടുണ്ടെങ്കിലും ഫണ്ട് നീക്കിയിരിപ്പില്ലാത്തതിനാൽ പദ്ധതി അവതാളത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.