ആഘോഷ വേദിയാകാനൊരുങ്ങി കോർണിഷ്
text_fieldsദോഹ: ലോകകപ്പിലേക്ക് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ ദോഹ കോർണിഷിലെ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കോർണിഷിനൊപ്പം ലോകകപ്പിനോടനുബന്ധിച്ച് മത്സരങ്ങളുടെ തത്സമയ പ്രദർശനങ്ങളും കലാപരിപാടികളും സംഗീതക്കച്ചേരികളും നടക്കുന്ന സൂഖ് വാഖിഫ്, അൽ ബിദ്ദ പാർക്ക് എന്നിവിടങ്ങളിലെ ഒരുക്കങ്ങളും തകൃതിയാണ്. തത്സമയ മത്സരങ്ങൾ പ്രദർശിപ്പിക്കുന്ന വലിയ ടെലിവിഷൻ സ്ക്രീനുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ മൂന്നിടങ്ങളിലും വിപുലമായ നവീകരണപ്രവർത്തനങ്ങളാണ് നടക്കുന്നത്. കോർണിഷിൽ സ്ഥിതി ചെയ്യുന്ന മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് (മിയ) പാർക്കുൾപ്പെടെയുള്ള സ്ഥലങ്ങളിൽ ശിൽപങ്ങളും ഫ്ലാഗ് പ്ലാസയും സ്ഥാപിച്ചു.
ലോകകപ്പ് സമയത്ത് ഷെറാട്ടൻ ഗ്രാൻഡ് ദോഹ മുതൽ മിയ പാർക്ക് വരെ നീളുന്ന ആറ് കിലോമീറ്റർ കോർണിഷ് റോഡ് പൂർണമായും കാർണിവൽ അന്തരീക്ഷത്തിലായിരിക്കും. റോവിങ് പ്രകടനങ്ങൾ, കലാ സാംസ്കാരിക പരിപാടികൾ, ഭക്ഷ്യ-പാനീയ കൗണ്ടറുകൾ, റീട്ടെയിൽ ഔട്ട്ലറ്റുകൾ എന്നിവ ഇവിടെയുണ്ടാകും. കോർണിഷ് റോഡിൽ നവംബർ ഒന്ന് മുതൽ ഗതാഗത വിലക്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. ലോകകപ്പ് കഴിയുന്നത് വരെ കാൽനടക്കാർക്ക് മാത്രമായിരിക്കും പ്രവേശനം.
ലോകകപ്പ് സമയത്ത് പ്രതിദിനം 120,000ത്തിലധികം ആരാധകർ കോർണിഷിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 10 മുതൽ കലാ, സാംസ്കാരിക, സംഗീത പരിപാടികൾ ആരംഭിക്കും. സന്ദർശകർക്ക് ഖത്തറിന്റെ പരമ്പരാഗത ബോട്ടുകളിൽ ചുറ്റിക്കറങ്ങാനും ദോഹ നഗരത്തെ അടുത്തറിഞ്ഞ് നടന്ന് കാണാനുമുള്ള സൗകര്യവുമുണ്ടായിരിക്കും. സൂഖ് വാഖിഫ്, കോർണിഷ്, വെസ്റ്റ് ബേ, അൽ ബിദ്ദ പാർക്ക് മെേട്രാ സ്റ്റേഷനുകൾ ഉപയോഗിച്ച് കോർണിഷ്, സൂഖ് വാഖിഫ് എന്നിവിടങ്ങളിലെത്തിച്ചേരാനും കഴിയും.
ഏറ്റവും വലിയ ഫാൻ സോണിനായി അൽ ബിദ്ദ പാർക്കും തയാറെടുക്കുകയാണ്. അന്തർദേശീയ തലത്തിൽ പ്രമുഖരായ കലാകാരന്മാരും ഖത്തരി കലാകാരന്മാരും അണിനിരക്കുന്ന കലാ, സാംസ്കാരിക പരിപാടികൾക്കും തനത് പ്രാദേശിക, അന്തർദേശീയ ഭക്ഷ്യ വിഭവങ്ങൾ രുചിച്ചറിയാനുള്ള വിശാലമായ ഫുഡ്കോർട്ടിനും അൽ ബിദ്ദ പാർക്ക് വേദിയാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫുട്ബാൾ ഇതിഹാസങ്ങൾ പങ്കെടുക്കുന്ന പരിപാടികളും അൽ ബിദ്ദ പാർക്കിൽ നടക്കും. അൽ ബിദ്ദ പാർക്കിലെ ഫാൻ സോൺ നവംബർ 20ന് ആരാധകർക്കായി തുറന്നുകൊടുക്കും. പ്രതിദിനം 40,000 സന്ദർശകരെ വരെ സ്വീകരിക്കാനുള്ള ശേഷിയും ഇതിനുണ്ട്.
കോർണിഷിൽ നാല് പുതിയ അണ്ടർപാസുകൾ
ദോഹ: കോർണിഷ് വാട്ടർഫ്രണ്ടിലേക്ക് പ്രവേശിക്കാനുള്ള എളുപ്പത്തിനും കാൽനടക്കാരുടെ സഞ്ചാരം വർധിപ്പിക്കുന്നതിനുമായി കോർണിഷ് സ്ട്രീറ്റിൽ നാല് പുതിയ അണ്ടർ പാസുകൾ. പൊതുജനങ്ങളുടെ സൗകര്യത്തിനും കടൽത്തീരത്തേക്കുള്ള പ്രവേശനം സുഗമമാക്കുന്നതിനുമായി കാൽനടക്കാർക്ക് റോഡ് മുറിച്ച് കടക്കാതെ തന്നെ തീരത്തെത്താനായി നാല് പുതിയ അണ്ടർപാസുകളാണ് നിർമിച്ചിരിക്കുന്നതെന്ന് റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവത്കരണ മേൽനോട്ട സമിതി േപ്രാജക്ട് ഡിസൈൻ മാനേജർ എൻജി. ജാസിം സാലിം പറഞ്ഞു.
മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് ടണലിനു പുറമേ അൽ ദഫ്ന, കോർണിഷ് സ്റ്റേഷൻ, വെസ്റ്റ്ബേ സ്റ്റേഷൻ എന്നിവടങ്ങളിലെ തുരങ്കപാതകൾ ഇതിലുൾപ്പെടുമെന്നും ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. പരിസരപ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതിന് അണ്ടർപാസുകളെ ബന്ധിപ്പിക്കുകയും ഇതിലൂടെ ലക്ഷ്യമിടുന്നു. കാൽനടക്കാർക്കും സൈക്ലിങ്ങിനുമായുള്ള പ്രത്യേക വഴികളും സ്ഥാപിച്ചിട്ടുണ്ട്. സന്ദർശകർക്ക് സൂഖ് വാഖിഫിലേക്ക് എത്തുന്നതിനും മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് സന്ദർശിക്കുന്നതിനും ഇത് സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. പഴയ ദോഹയെ പുതിയ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയിട്ടുണ്ടെന്നും പറഞ്ഞു.
നിറഞ്ഞാടി നോറ ഫതേഹി.. ഹിറ്റായി 'ലൈറ്റ് ദ സ്കൈ'
ലോകകപ്പ് ഗാനത്തിൽ തിളങ്ങി മലയാളത്തിലും ബോളിവുഡിലും സജീവമായ നോറ ഫതേഹി
ദോഹ: മലയാളസിനിമകളിലൂടെ ആരാധകർക്ക് പരിചിതമാണ് നോറ ഫതേഹി എന്ന ചലച്ചിത്ര താരം. ഹിന്ദി, തെലുങ്ക്, തമിഴ് സിനിമകളിലൂടെ നടിയും നർത്തകിയും ഗായികയുമായി ബോളിവുഡിൽ നിറഞ്ഞാടുന്ന നോറ ഇപ്പോൾ ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരുടെ മനസ്സുകളിലേക്കാണ് ഒരു ഫ്രീകിക്ക് ഷോട്ടുപോലെ പാഞ്ഞുകയറിയത്. കഴിഞ്ഞദിവസം പുറത്തിറങ്ങിയ ലോകകപ്പിന്റെ നാലാമത്തെ ഔദ്യോഗികഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായിമാറുമ്പോൾ ലോകമെങ്ങും നോറ ഫതേഹി ആരാധകരെ സൃഷ്ടിക്കുന്നു.
അറബ് ലോകത്തെ പ്രമുഖ ഗായികമാർക്കൊപ്പം നോറയുമെത്തുന്നത്. 'ലൈറ്റ് ദ സ്കൈ' എന്ന വരികളോടെ പുറത്തിറങ്ങിയ ഗാനത്തിൽ കനേഡിയൻ മൊറോക്കോ വംശജയായ നോറ ഫതേഹിക്കൊപ്പം എമിറാത്തി ഗായിക ബൽകീസ്, ഇറാഖി സൂപ്പർ സ്റ്റാർ റഹ്മ റിയാദ്, മൊറോക്കോയിൽനിന്നുള്ള ലോകപ്രശസ്ത ഗായിക മനാൽ എന്നിവരാണുള്ളത്. പുറത്തിറങ്ങി ഒരുദിവസം കൊണ്ടുമാത്രം യൂ ട്യൂബിലെ കാഴ്ചക്കാരുടെ എണ്ണം 12 ലക്ഷം പിന്നിട്ടു.
ഖത്തർ ലോകകപ്പിന്റെ പ്രചാരണത്തിനായി പുറത്തിറങ്ങിയ ഔദ്യോഗികഗാന പരമ്പരയിലെ നാലാമത്തേതാണ് ലോകപ്രശസ്ത സംഗീത സംഘമായ റെഡ് വണിനു കീഴിൽ പുറത്തിറക്കിയ 'ലൈറ്റ് ദ സ്കൈ'. അൽ തുമാമ സ്റ്റേഡിയത്തിന്റെ ആകാശക്കാഴ്ചയിലൂടെ തുടങ്ങിയ ഗാനദൃശ്യങ്ങളിൽ ലോകകപ്പ് നിയന്ത്രിക്കുന്ന വനിത റഫറിമാരും ഫൈനൽ വേദിയായ ലുസൈൽ സ്റ്റേഡിയവുമെല്ലാം എത്തുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിലെ 'ഹയാ ഹയാ...' ആണ് ആദ്യ ഔദ്യോഗികഗാനമായി പുറത്തിറങ്ങിയത്. 'അർഹാബോ..', 'ദി വേൾഡ് ഇസ് യൂവർസ് ടു ടേക്ക്' എന്നീ ഗാനങ്ങളും പുറത്തിറങ്ങി.
മൊറോക്കൻ കുടുംബാംഗമായി കാനഡയിൽ പിറന്ന നോറ ഫതേഹി പക്ഷേ, തന്റെ കരിയർ പടുത്തുയർത്തിയത് ഇന്ത്യയിലായിരുന്നു. 2014ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ 'റോർ: ടൈഗേഴ്സ് ഓഫ് ദി സുന്ദർബൻസി'ലൂടെ അരങ്ങേറ്റം കുറിച്ച നോറ, അടുത്തവർഷം പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഡബ്ൾ ബാരലിലൂടെ'യാണ് മലയാളികൾക്ക് പരിചിതയാവുന്നത്. നൃത്തരംഗത്തിലൂടെയായിരുന്നു മലയാളത്തിലെ അരങ്ങേറ്റം. കായംകുളം കൊച്ചുണ്ണിയിലും അതിഥിതാരമായെത്തി. എന്നാൽ, ഹിന്ദി, തെലുങ്ക്, തമിഴ് ഉൾപ്പെടെ ഇന്ത്യൻ സിനിമാലോകത്ത് ശ്രദ്ധേയമാവുന്നതിനിടെയാണ് ലോകകപ്പ് പ്രചാരണഗാനത്തിലുമെത്തുന്നത്. ഇതോടെ, ലോകകപ്പ് വേദിയിൽ അരങ്ങേറാൻ കൂടിയുള്ള അവസരമാണ് നോറ ഫതേഹിക്ക് ലഭിച്ചത്. വിഖ്യാതഗായികമാരായ ജെന്നിഫർ ലോപസ്, ഷാക്കിറ എന്നിവർക്കൊപ്പം ഇന്ത്യൻ സാന്നിധ്യമായി നോറയും ലോകകപ്പിന്റെ വേദിയിൽ ആടിത്തിമിർക്കാനെത്തും.
ലോകകപ്പ് ഔദ്യോഗിക ഗാനങ്ങളിലൊന്നായ 'ലൈറ്റ് ദി സ്കൈ' പോസ്റ്റർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.