ശൂറ കൗൺസിൽ തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം
text_fieldsദോഹ: ഖത്തറിൻെറയും ഗൾഫ് രാജ്യങ്ങളുടെ ചരിത്രത്തിലെ വഴിത്തിരിവായി മാറുന്ന ശൂറ കൗൺസിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനി പുറത്തിറക്കി. തെരഞ്ഞെടുപ്പിനുള്ള 30 ഇലക്ടറൽ ജില്ലകൾ അമീർ പ്രഖ്യാപിച്ചു. ഈ വർഷം ഒക്ടോബറിലാണ് ജനാധിപത്യ രീതിയിലെ ശൂറ കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ ജില്ലയിൽനിന്നും ഒരു പ്രതിനിധിയെ വീതം തെരഞ്ഞെടുക്കുന്നതാവും വോട്ടെടുപ്പ് ക്രമം. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടെയും കൗൺസിൽ മേധാവികളുടെയും സംബന്ധമായ നിയമങ്ങളും വ്യവസ്ഥകളും പുറത്തിറക്കി. പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, അംഗങ്ങൾ എന്നിവരുടെ വേതനങ്ങൾ, ശൂറ കൗൺസിൽ അംഗങ്ങളുടെ ചുമതലകൾ, അവരെ ബാധിക്കുന്ന നിയമങ്ങൾ, വിട്ടുനിൽകേണ്ട കാര്യങ്ങൾ തുടങ്ങിയവയും ഉത്തരവിലുണ്ട്. അമിരി ദിവാൻ പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തിലാണ് കാര്യങ്ങളെല്ലാം വ്യക്തമാക്കുന്നത്.
കൗൺസിലിൻെറ അധ്യക്ഷനാവുന്ന ചെയർമാന് രണ്ട് ലക്ഷം റിയാലാണ് പ്രതിമാസ വേതനം. വൈസ് പ്രസിഡൻറിന് 1.5 ലക്ഷം റിയാലും, അംഗങ്ങൾക്ക് ഒരു ലക്ഷം റിയാൽ വീതവുമാണ് വേതനം. മത്സരിക്കുന്നവർക്ക് വേണ്ട മാനദണ്ഡങ്ങളും കഴിഞ്ഞ ദിവസം പുറത്തിറക്കി. ഖത്തർ പൗരൻ ആയിരിക്കണം, നാമനിർദേശം സമർപ്പിക്കുന്നതിനു മുേമ്പ 30 വയസ്സ് തികത്തിരിക്കണം, അറബിക് വായിക്കാനും, എഴുതാനും അറിഞ്ഞിരിക്കണം, മത്സരിക്കാൻ ആഗ്രഹിക്കുന്ന ഇലക്ടറൽ ജില്ലയിൽതന്നെയുള്ള രജിസ്ട്രേഷനുള്ള ആളായിരിക്കണം, സത്യസന്ധതയും, നല്ല വ്യക്തിത്വവുമുള്ളയാളായിരിക്കണം, ഏതെങ്കിലും കുറ്റകൃത്യങ്ങളിലോ മറ്റുകേസുകളിലോ പങ്കാളിയായിരിക്കരുത് എന്നിങ്ങനെയാണ് നാമനിർദേശം നൽകാനുള്ള യോഗ്യതകൾ.
മന്ത്രിസഭ അംഗങ്ങൾ, നീതിന്യായ സമിതി അംഗങ്ങൾ, സൈനിക ഉദ്യോഗസ്ഥർ, സെൻട്രൽ മുൻസിപ്പാലിറ്റി അംഗങ്ങൾ തുടങ്ങിയവർക്ക് നേരിട്ട് നാമനിർദേശം സമർപ്പിക്കാൻ കഴിയില്ല. എന്നാൽ, സ്ഥാനാർഥി നിർണയ കമ്മിറ്റിക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാം.
കഴിഞ്ഞ വർഷം നവംബർ മൂന്നിന് ശൂറ കൗൺസിലിെൻറ 49ാം സെഷനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് ശൂറ കൗൺസിലിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അമീറിെൻറ പ്രഖ്യാപനം വന്നത് മുതൽ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം ആരംഭിച്ചിട്ടുണ്ട്.
പ്രത്യേക സമിതിയുടെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടപടികൾ നടത്തുന്നതും ഏകോപിപ്പിക്കുന്നതും.
അമീറിൻെറ നിദേശത്തെ തുടർന്നായിരുന്നു സമിതി രൂപവത്കരിച്ചത്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയാണ് സമിതി അധ്യക്ഷൻ. മന്ത്രിമാരും ഉന്നത വ്യക്തികളും വിദഗ്ധരും സമിതിയിൽ അംഗങ്ങളായിരിക്കും. അതിനു പുറമെ, പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം പ്രത്യേക മേൽനോട്ട സമിതിയും രൂപീകരിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിലെ തെരഞ്ഞെടുപ്പ് വിഭാഗം മേധാവി മേജർ ജനറൽ മാജിദ് ഇബ്രാഹിം അൽ ഖുലൈഫിയാണ് മേൽനോട്ട സമിതി അധ്യക്ഷൻ.
30 ഇലക്ടറൽ ജില്ലകൾ
ഫരീജ് അൽ കുലൈഫത്, ഫരീജ് അൽ ഹത്മി, ഫരീജ് അൽ സലാത, അൽ മിർഖബ്, ഓൾഡ് അൽഗനിം, മിശൈരിബ്, അൽ ജസ്റ, അൽ ബിദ്ദ, ബർഹത് അൽ ജഫയ്രി, ദോഹ അൽ ജദീദ, റൗദത് അൽ ഖൈൽ, അൽ റുമൈല, ഫരീജ് അൽ നജദ, സൗത്ത് അൽ വക്റ, നോർത്ത് അൽ വക്റ, സയ്ലിയ, ഓൾഡ് റയ്യാൻ, അൽ കറയ്തിയ, അൽ ദായൻ, അൽകോർ ദഖീറ, അൽ മഷ്റബ്, അൽ ഗരിയ, അൽ റുവൈസ്, അബ ദലൗഫ്, അൽ ജുമൈൽ, അൽ കുവാരിയ, അൽ നസ്റനിയ, ദുകാൻ, അൽ കർസാ-ഉമ്മത് സാവി, റൗദത് റാഷിദ്.
ആഗസ്റ്റ് ഒന്നു മുതൽ വോട്ടുറപ്പിക്കാം
ദോഹ: ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഖത്തർ പൗരന്മാർക്ക് വോട്ടർ പട്ടികയിൽ ആഗസ്റ്റ് ഒന്നു മുതൽ പേരു ചേർക്കാമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസിസ് ആൽഥാനി. രാജ്യത്തിെൻറ ചരിത്ര ദൗത്യത്തിൽ ഓരോ പൗരനും പങ്കാളിയാവണം. ഖത്തർ പൗരന്മാർ പൊതുകാര്യങ്ങളിൽ പങ്കാളികളാകുകയും രാജ്യത്തിെൻറ ഭാവിയും സമൃദ്ധിയും ഉറപ്പുവരുത്തുന്നതിനുള്ള പുതിയ ഘട്ടത്തിലേക്കുള്ള തുടക്കവുമാണിത് -പ്രധാനമന്ത്രി സന്ദേശത്തിൽ പറഞ്ഞു.
വോട്ടർ 18 തികഞ്ഞ ഖത്തർ പൗരനായിരിക്കണം. പിതാമഹൻ ഖത്തറിൽ ജനിച്ചതുവഴി പൗരത്വത്തിന് യോഗ്യനായ ആളുമായിരിക്കണം. രാജ്യത്തിെൻറ ജനാധിപത്യ വ്യവസ്ഥയിൽ പുതിയ ചരിത്രം കുറിച്ചുകൊണ്ടാണ് ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിലൂടെ പുതിയ സമിതി അധികാരത്തിലേറുേമ്പാൾ നയരൂപവത്കരണങ്ങളിലും ബജറ്റുകളിലും കൂടുതൽ നിയന്ത്രണങ്ങളുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.