പുതിയ വിസകൾക്ക് അപേക്ഷിക്കാം ആശ്വാസ നടപടിയുമായി രാജ്യം
text_fieldsദോഹ: കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന പുതിയ വിസ അപേക്ഷകൾ സ്വീകരിക്കൽ നടപടികൾ തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം പുനരാംരംഭിക്കുമെന്ന് അറിയിച്ചതോടെ വിദേശ തൊഴിലാളികൾക്ക് പ്രതീക്ഷ. ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യക്കാർക്ക് അതത് രാജ്യങ്ങളിലെ ഖത്തർ വിസ സെൻററുകൾ (ക്യു.വി.സി) പ്രവർത്തനം പുനരാരംഭിക്കാതെ പുതിയ വിസയിലുള്ള വരവ് സാധ്യമല്ല. എന്നാൽ, ഈ കേന്ദ്രങ്ങളുടെ പ്രവർത്തനവും വൈകാതെ തുടങ്ങുമെന്നാണ് പ്രതീക്ഷ.
കോവിഡ് പ്രതിസന്ധിയുടെ ആദ്യഘട്ടത്തിൽ തന്നെ ഖത്തർ പുതിയ വിസകൾ നൽകുന്നതും സന്ദർശനവിസകളടക്കമുള്ളവയും നിർത്തിവെച്ചിരുന്നു. തൊഴിൽ സാമൂഹികകാര്യ മന്ത്രാലയത്തിലും വെബ്സൈറ്റിലും ഇതിനുള്ള സൗകര്യം നിർത്തലാക്കുകയായിരുന്നു. എന്നാൽ, നവംബർ 15 മുതൽ പുതിയ വിസ അപേക്ഷകൾ സ്വീകരിക്കുന്നത് തുടങ്ങുമെന്ന് അറിയിച്ചതോടെ മന്ത്രാലയത്തിെൻറ വെബ്ൈസറ്റിലുള്ള ഈ സൗകര്യമടക്കം വീണ്ടും സജ്ജമാകും.
നിലവിൽ രാജ്യത്ത് വിവിധ മേഖലകളിൽ തൊഴിലാളികളുടെ വൻ ക്ഷാമമാണുള്ളത്. നിർമാണ മേഖലയിലടക്കം തൊഴിലാളികളുടെ ആവശ്യമുണ്ട്. കോവിഡിന് ശേഷം കഫ്റ്റീരിയ അടക്കമുള്ള കടകൾ, വിവിധ സ്ഥാപനങ്ങളിൽ ൈഡ്രവർ തുടങ്ങിയ വിഭാഗം തൊഴിലാളികളുടെ വൻ ആവശ്യമുണ്ട്. എൻജിനീയറിങ് അടക്കമുള്ള പ്രഫഷനൽ മേഖലയിലും ജോലിക്കാരെ ആവശ്യമുണ്ട്. കോവിഡ് പ്രതിസന്ധിയിൽ ആയിരക്കണക്കിന് ഇന്ത്യക്കാരടക്കമുള്ളവരാണ് നാട്ടിലേക്ക് തിരിച്ചുപോയത്. ഇതിനാൽ നിലവിൽ ഖത്തറിലുള്ള തൊഴിലന്വേഷകർക്ക് നിരവധി അവസരങ്ങളുണ്ട്. എന്നാൽ, വിസകൾ അനുവദിക്കുന്നത് നിർത്തിയതോടെ പുതിയ ആളുകൾക്ക് വരാൻ കഴിയാത്തത് തൊഴിൽവിപണിയിൽ വൻതോതിൽ ആൾക്ഷാമം സൃഷ്ടിച്ചിട്ടുണ്ട്.
ഇത്തരത്തിൽ പ്രയാസം അനുഭവിക്കുന കമ്പനികൾക്ക് പുതിയ തീരുമാനപ്രകാരം പുതിയ വിസകൾക്ക് അപേക്ഷിക്കാനാകും. ഭാവിപദ്ധതികൾ മുന്നിൽക്കണ്ട് ആവശ്യത്തിന് വിസകൾക്കായി കമ്പനികൾക്ക് അപേക്ഷിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. റിക്രൂട്ടിങ് മാൻപവർ ഏജൻസികളും സ്ഥാപനങ്ങളും ഇതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. എന്നാൽ, എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും ഓരോ അേപക്ഷയിലും തീരുമാനമെടുക്കുക. തൊഴിലാളികൾക്ക് മെച്ചെപ്പട്ട താമസസൗകര്യം ഒരുക്കാൻ കഴിയുന്ന കമ്പനികളാണോ അപേക്ഷകർ എന്നതടക്കമുള്ള കാര്യങ്ങളിൽ സൂക്ഷ്മപരിശോധന നടത്തിയിട്ടായിരിക്കും വിസകൾ അനുവദിക്കുക. ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യക്കാരുടെ ഖത്തറിലേക്കുള്ള പുതിയ വിസ നടപടികൾ പൂർണമായും നിലവിൽ അതത് രാജ്യങ്ങളിലെ ക്യു.വി.സികൾ വഴിയാണ് ചെയ്യുന്നത്. കൊച്ചിയിലടക്കം ഇത്തരം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കോവിഡ് തുടങ്ങിയതോടെ ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നില്ല. ഇവ പ്രവർത്തനം പുനരാംരംഭിച്ചാൽ മാത്രമേ ഇത്യക്കാർക്കടക്കം പുതിയ വിസയിൽ എത്താൻ കഴിയൂ. കമ്പനികൾക്ക് പുതിയ വിസകൾ കിട്ടിയാലും വിസകൾ അതത് രാജ്യക്കാരുടെ പേരിലും പാസ്പോർട്ടിലും രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികൾ ക്യു.വി.സികൾ വഴിേയ സാധ്യമാകൂ.
എന്നാൽ, ക്യു.വി.സികൾ ഇല്ലാത്ത കെനിയ, യുഗാണ്ട രാജ്യങ്ങളിൽനിന്നടക്കമുള്ള തൊഴിലാളികളുടെ പുതിയ വിസകളിലുള്ള വരവ് ഖത്തറിൽ നേരത്തേ തന്നെ തുടങ്ങിയിട്ടുമുണ്ട്. പുതിയ വിസക്കാർക്ക് ദേശീയ ദുരന്തനിവാരണ സുപ്രീം കമ്മിറ്റിയുടെ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചേ രാജ്യത്തേക്ക് വരാൻ കഴിയൂ. നിലവിൽ തൊഴിലാളികൾക്ക് രണ്ടാഴ്ച ക്വാറൻറീനാണ് ഖത്തറിൽ വേണ്ടത്.
ഖത്തർ വിസ സെൻററുകൾ, പ്രവർത്തനം
പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റെസിഡൻറ്സ് പെര്‍മിറ്റ് (ആര്‍.പി) അഥവാ വിസയുടെ നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ഖത്തര്‍ വിസ കേന്ദ്രങ്ങളുടെ (ക്യു.വി.സി) ലക്ഷ്യം. തൊഴില്‍ വിസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെക്കല്‍ എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ അതത് രാജ്യങ്ങളിൽ തന്നെ ഇതിലൂടെ പൂര്‍ത്തീകരിക്കാനാകും. വിസ കേന്ദ്രങ്ങള്‍ മുഖേന പ്രവാസികളുടെ വിസ സംബന്ധമായ വിരലടയാളം, ആരോഗ്യ പരിശോധന ഉള്‍പ്പടെയുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിക്കാനാകും. നിലവില്‍ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെയും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും വിസ സംബന്ധമായ നടപടികളാണ് ഈ കേന്ദ്രങ്ങൾ മുഖേന പൂര്‍ത്തിയാക്കുന്നത്.
കൊച്ചി ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം നാഷനല്‍ പേള്‍ സ്റ്റാര്‍ ബില്ഡിങ്ങിെൻറ താഴത്തെ നിലയിലാണ് (ഡോര്‍ നമ്പര്‍ 384111ഡി) കേരളത്തിലെ കേന്ദ്രമുള്ളത്. മലയാളത്തില്‍ തൊഴില്‍ കരാര്‍ വായിച്ചുമനസ്സിലാക്കാനും ഇവിടെ സൗകര്യമുണ്ട്. ഇടനിലക്കാരുടെ ചൂഷണവും വിസ തട്ടിപ്പുകളും പൂര്‍ണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഉള്‍പ്പെടെ എട്ട് വിദേശ രാജ്യങ്ങളിലായി 20 വിസ സെൻററുകള്‍ തുറക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. ഇതില്‍ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളും പ്രവർത്തനം തുടങ്ങിയിരുന്നു. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലക്നോ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റു ക്യു.വി.സികള്‍. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താന്‍, നേപ്പാള്‍ എന്നിവിടങ്ങളിലും ഇതിനകം ഖത്തര്‍ വിസ സെൻററുകള്‍ തുറന്നിട്ടുണ്ട്.
നേരത്തേ മെഡിക്കൽ അടക്കമുള്ള നടപടികൾ ഖത്തറിലെത്തിയാലാണ് ചെയ്യേണ്ടിയിരുന്നത്. ക്യു.വി.സികൾ വന്നതോടെ എല്ലാ വിസ നടപടികളും അവക്ക് കീഴിലായി. കോവിഡ് വന്നതോടെ ഇൗ കേന്ദ്രങ്ങളും അടച്ചിരുന്നു. ഖത്തർ തൊഴിൽ മന്ത്രാലയത്തിെൻറ അനുമതി കിട്ടി ഈ കേന്ദ്രങ്ങൾ തുറക്കുന്നതോടെ പുതിയ വിസയിലുള്ള ഇന്ത്യക്കാരുെട വരവും സാധ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.