കടൽ കൊട്ടാരമെത്തി; ക്രൂസ് സീസണിന് തുടക്കം
text_fieldsദോഹ: തണുപ്പുകാലമെത്തിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്ന ക്രൂസ് കപ്പൽ സീസണിന് ദോഹ ഓൾഡ് തുറമുഖത്ത് തുടക്കമായി. പുതിയ സീസണിന് തുടക്കം കുറിച്ച് ആഡംബര കപ്പലായ റിസോർട്ട് വേൾഡ് വൺ ആണ് കഴിഞ്ഞ ദിവസം നങ്കൂരമിട്ടത്.
ആദ്യ കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി തുറമുഖത്തേക്ക് ആനയിച്ചു. 95ഓളം ക്രൂസ് കപ്പലുകൾ പ്രതീക്ഷിക്കുന്ന സീസണിൽ നാല് കന്നി യാത്രാക്കപ്പലുകളും ദോഹയിലെത്തും. നവംബർ മുതൽ 2025 ഏപ്രിൽ വരെ നീളുന്ന ഈ സീസണിൽ 4.30 ലക്ഷം എന്ന റെക്കോഡ് വിനോദ സഞ്ചാരികളെയാണ് ഖത്തർ പ്രതീക്ഷിക്കുന്നത്.
മെയിൻ ഷിഫ് ഫോർ, എം.എസ്.സി യുറിബിയ, എയ്ഡപ്രിമ, കോസ്റ്റ സ്മെറാൾഡ, നോർവീജിയൻ സ്കൈ, സെലസ്റ്റ്യൽ ജേണി തുടങ്ങിയ ലോകത്തിലെ തന്നെ പ്രീമിയർ ആഡംബര കപ്പലുകൾ ഇത്തവണ തീരത്തെത്തുമെന്ന് ഖത്തർ ടൂറിസം അറിയിച്ചു.
മുൻ ക്രൂസ് സീസണുകളേക്കാൾ ഇത്തവണ യാത്രക്കാരുണ്ടാവുമെന്നാണ് കണക്കുകൂട്ടൽ. 2023-24 സീസണിൽ 73 ക്രൂസ് കപ്പലുകളാണ് ദോഹ തീരത്തെത്തിയത്. 3.47 ലക്ഷം യാത്രക്കാർ സന്ദർശകരായി. എം.എസ്.സി വെർചുസ, സീബൗൺ എൻകോർ, എയ്ഡപ്രിമ, അർടാനിയ, മെയിൻ ഷിഫ് ടു തുടങ്ങിയ ആഡംബര കപ്പലുകൾ കഴിഞ്ഞ സീസണിൽ വന്നിരുന്നു.
ഖത്തറിന്റെ വിനോദ സഞ്ചാരപദ്ധതികളിൽ സുപ്രധാനമായ ഒന്നായി ക്രൂസ് ടൂറിസം മാറുകയാണെന്ന് ഖത്തർ ടൂറിസം ചെയർമാൻ സഅദ് ബിൻ അലി അൽ ഖർജി പറഞ്ഞു. 2030 ദേശീയ ടൂറിസം പദ്ധതി പ്രകാരം ക്രൂസ് മേഖലക്കും നിർണായക സാന്നിധ്യമുണ്ട്. ഈ വർഷം ക്രൂസ് കപ്പലുകളുടെ വരവ് 30 ശതമാനമായി ഉയരുകയാണ്.
രാജ്യത്തിന്റെ മൊത്തം വിനോദസഞ്ചാരികളുടെ വരവ് 24.5 ശതമാനവും വർധിക്കുന്നു. മേഖലയിലെ പ്രധാന ടൂറിസം കേന്ദ്രമായി ഖത്തർ മാറുന്നുവെന്നതിന്റെ പ്രതിഫലനം കൂടിയാണ് ഇവിടെ പ്രകടമാവുന്നത്. പുതിയ പങ്കാളിത്തത്തിലൂടെ വലിയ കമ്പനികളുടെ കപ്പലുകളും തീരമണയും -അദ്ദേഹം വിശദീകരിച്ചു.
പുതിയ സീസണിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന കപ്പലുകളെ വരവേൽക്കാൻ ദോഹ ഓൾഡ് പോർട്ട് സജ്ജമായതായി മവാനി ഖത്തർ സി.ഇ.ഒ ക്യാപ്റ്റൻ അബ്ദുല്ല മുഹമ്മദ് അൽ ഖാൻജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.