കോവിഡിനെതിരെ പടനയിച്ച് ക്യൂബൻ ബ്രിഗേഡ് മടങ്ങി
text_fieldsദോഹ: ഖത്തറിെൻറ കോവിഡ് പോരാട്ടങ്ങളിൽ സജീവമായ പങ്കാളിത്തം വഹിച്ച് ക്യൂബൻ മെഡിക്കൽ ബ്രിഗേഡ് നാട്ടിലേക്കു മടങ്ങി. ലോകം കോവിഡ് മഹാമാരിയുടെ കെടുതികളിൽ പകച്ചുനിന്ന 2020 ഏപ്രിലിലായിരുന്നു വിവിധ ലോകരാജ്യങ്ങളിലേക്ക് ക്യൂബയിൽനിന്ന് വിദഗ്ധരായ മെഡിക്കൽ സംഘം യാത്രയായത്. അതിൽ ഒരു സംഘം ദോഹയിലും വിമാനമിറങ്ങി. കേട്ടുകേൾവിയില്ലാത്ത മഹാമാരിക്കു മുന്നിൽ എല്ലാവരും പകച്ചുനിന്നപ്പോൾ, പരിചയസമ്പന്നരെപ്പോലെ ക്യൂബൻ ബ്രിഗേഡ് പണിതുടങ്ങി. അന്നു മുതൽ, കഴിഞ്ഞ 16 മാസമായി ഇവർ ഖത്തറിെൻറ കോവിഡ് പോരാട്ടങ്ങളിലും മുന്നണിപോരാളികളായുണ്ടായിരുന്നു. 52 ഡോക്ടർമാരും 292 നഴ്സുമാരും ഉൾപ്പെടെ 346 പേരുടെ വലിയ സംഘം നിർണായക ഘട്ടത്തിൽ രാജ്യത്തിന് കരുത്തായി. ദുഖാനിലെ ക്യൂബൻ ഹോസ്പിറ്റൽ കോവിഡ് സ്പെഷൽ സെൻററാക്കി മാറ്റി രാവും പകലും പണിയെടുത്തു. ഒരു ഘട്ടത്തിൽ മഹാമാരിയെ എങ്ങനെ നേരിടണമെന്ന് ലോകം പഠിച്ചെടുത്തത് ക്യൂബ 20 രാജ്യങ്ങളിലേക്ക് അയച്ച ഈ മെഡിക്കൽ സംഘത്തിൽനിന്നായിരുന്നു.
തിങ്കളാഴ്ചയാണ് ഖത്തറിനോട് യാത്രപറഞ്ഞ ഇവിടെ നിന്നുള്ള ടീം നാട്ടിലേക്കു മടങ്ങിയത്. ദേശീയ പതാകയും പിടിച്ച് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ച്, ഖത്തറിലെ ക്യൂബൻ എംബസിയാണ് മടക്കയാത്ര അറിയിച്ചത്.
1868ലെ പത്തുവർഷ യുദ്ധത്തിലെ ധീരനായ സൈനികനായിരുന്ന െഹൻറി റീവിെൻറ പേരിലായിരുന്നു മഹാമാരിക്കാലത്ത് ക്യൂബ തങ്ങളുടെ 'മെഡിക്കൽ ബ്രിഗേഡിനെ' തയാറാക്കിയത്. 'ദി ഹെൻറി റീവ് ബ്രിഗേഡ്' എന്ന പേരിൽ 2020 മാർച്ചോടെ 20 രാജ്യങ്ങളിലേക്ക് ഡോക്ടർമാരും നഴ്സുമാരുമടങ്ങിയ മെഡിക്കൽ സംഘത്തെ അയച്ചു. കോവിഡിൽ ചകിതരായ ഇറ്റലിയിലേക്കായിരുന്നു ആദ്യ സംഘമെത്തിയത്. പിന്നെ ലോകത്തിെൻറ വിവിധ കോണുകളിൽനിന്നുള്ള ആവശ്യമനുസരിച്ച് 2020 മാർച്ചിൽ മാത്രം 1500ഓളം മെഡിക്കൽ പ്രഫഷനലുകൾ കോവിഡിനെതിരെ കളത്തിലിറങ്ങി. ഇതിനകം 30,000ത്തോളം ആരോഗ്യപ്രവർത്തകർ വിവിധ ഭാഗങ്ങളിൽ കോവിഡിനെതിരെ പ്രവർത്തിച്ചിട്ടുണ്ട്.
2012 ദുഖാനിൽ ഹമദിന് കീഴിൽ സ്ഥാപിച്ച ക്യൂബൻ ഹോസ്പിറ്റലിലായിരുന്നു ഖത്തറിൽ ഇവരുെട സേവനം ലഭിച്ചത്.
വർഷങ്ങളായി തങ്ങളുടെ സംഘം ജോലിചെയ്യുന്ന ആശുപത്രിയിലേക്ക് കൂടുതൽ വിദഗ്ധരുടെ സേവനം എത്തിക്കുകയേ കോവിഡ് കാലത്ത് വേണ്ടിവന്നുള്ളൂ. 1.54 ലക്ഷം രോഗികളെ ഇവർ ചികിത്സിച്ചു. 3411 പേരുടെയെങ്കിലും ജീവൻ രക്ഷിക്കാനും കഴിഞ്ഞു.
ദുഖാനു പുറമെ, അൽവക്റ, ഹസൻ മുബൈറിക്, റാസ് ലഫാൻ, മിസയീദ്, ഇൻഡസ്ട്രിയൽ ഏരിയയിലെ ഫീൽഡ് ആശുപത്രി, ക്വാറൻറീൻ സെൻറർ എന്നിവിടങ്ങളിലും ഇവർ ജോലി ചെയ്തിരുന്നു.
'ഭാഷയും സംസ്കാരവും ആദ്യ ഘട്ടത്തിൽ പ്രയാസമായിരുന്നു. എന്നാൽ, എളുപ്പത്തിൽ കാര്യങ്ങൾ ഗ്രഹിക്കാനായി.
സേവനകാലം മികച്ച അനുഭവവും നല്ല ഓർമകളുമാണ് സമ്മാനിച്ചത്. അധികൃതരിൽനിന്ന് മികച്ച പിന്തുണയും സഹകരണവുമായിരുന്നു ലഭിച്ചത്' -സംഘാംഗംകൂടിയായ ടോറസ് മെഡിന പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.