കപ്പ് യാത്ര തുടങ്ങി
text_fieldsദോഹ: സൂപ്പർതാരങ്ങളുടെ സ്വപ്നമായ സ്വർണക്കപ്പ് ആരാധകരെ തേടി യാത്ര തുടങ്ങി. ലോകകപ്പ് കൗണ്ട്ഡൗൺ 200 ദിവസം തികഞ്ഞതിന്‍റെ ഭാഗമായി വ്യാഴാഴ്ച രാവിലെയോടെയാണ് ഖത്തറിൽ ചാമ്പ്യൻ ട്രോഫിയുടെ പര്യടനം തുടങ്ങിയത്.
ആറു ദിവസങ്ങളിലായി ഖത്തറിന്‍റെ വിവിധ ഭാഗങ്ങളിൽ പൊതുജനങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായാണ് പ്രദർശനം നടത്തുന്നത്. അതു കഴിഞ്ഞ്, കിരീടം നവംബർ 21ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിലേക്ക് തിരികെയെത്തിക്കുന്നതിനായി ഖത്തറിൽ നിന്ന് ഫിഫ ആസ്ഥാനത്തേക്ക് മടക്കും.
നവംബർ 21 വരെ ലോകകപ്പ് കിരീടം ആഗോള പര്യടനത്തിലായിരിക്കും. രാജ്യത്തെ മുതിർന്ന പൗരന്മാരെ വിളിച്ചുചേർത്ത് ലളിതമായ ചടങ്ങുകളോടെയാണ് വ്യാഴാഴ്ച രാവിലെ പര്യടനത്തിന് തുടക്കംകുറിച്ചത്. മുതിർന്നവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഇഹ്സാൻ എംപവർമെന്‍റ് ആൻഡ് കെയർ സെന്‍ററിലെത്തിയ ലോകകപ്പ് കിരീടം അവർക്ക് കാണാനും ചിത്രമെടുക്കാനുമായി ഒരു മണിക്കൂർ നേരം പ്രദർശിപ്പിച്ചു.
ഫുട്ബാൾ വിശേഷങ്ങൾ പങ്കുവെച്ചും ഖത്തറിലെ ലോകകപ്പ് വിജയത്തിനായി ആശംസ നേർന്നുമാണ് അവർ തങ്ങളുടെ മണ്ണിലെ ഏറ്റവും വലിയ മേളക്ക് വരവേൽപ്പൊരുക്കിയത്. തുടർന്ന് ലുസൈലിലെ ഷാഫല്ലയിലും രാത്രിയോടെ ആസ്പയർ പാർക്ക്, മിശൈരിബ് ഹൗസ് എന്നിവിടങ്ങളിലും സന്ദർശകർക്കായി പ്രദർശനത്തിനു വെച്ചു.
വെള്ളിയാഴ്ച വൈകീട്ട് ആറു മുതൽ ഒമ്പതു വരെ ഇൻഡസ്ട്രിയൽ ഏരിയ ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലും തുടർന്ന് 12 വരെ മിശൈരിബ് ഹൗസിലും പ്രദർശനം വെക്കും. ശനിയാഴ്ച ഒളിമ്പിക് സ്പോർട്സ് മ്യൂസിയം, ലുസൈൽ മറീന, മിശൈരിബ്, ഞായറാഴ്ച ദോഹ ഫെസ്റ്റിവൽ സിറ്റി, വെൻഡോം പാലസ്, സൂഖ് വാഖിഫ്, തിങ്കളാഴ്ച ഖത്തർ ഫൗണ്ടേഷൻ സ്റ്റുഡന്‍റ് സെന്‍റർ, ഖത്തർ യൂനിവേഴ്സിറ്റി, മിശൈരിബ് എന്നിവിടങ്ങളിലും ട്രോഫിയെത്തും. പത്താം തീയതി കതാറയിലെ ചടങ്ങുകളോടെ ഖത്തറിലെ പ്രദർശനം അവസാനിപ്പിച്ച് ട്രോഫി സൂറിച്ചിലേക്ക് യാത്രയാവും. വിവിധ സ്ഥലങ്ങളിൽ മുഖ്യാതിഥികളായി ഫുട്ബാൾ താരങ്ങളും വിശിഷ്ട വ്യക്തിത്വങ്ങളും പ്രദർശന ചടങ്ങുകളിൽ സന്നിഹിതരായിരിക്കും. കൂടാതെ, ആരാധകർക്കായി വിവിധ പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മത്സരത്തിൽ വിജയിക്കുന്നവരിൽ തെരഞ്ഞടുക്കപ്പെടുന്നവർക്ക് നവംബർ 21ലെ ഖത്തർ- എക്വഡോർ ഉദ്ഘാടന മത്സരത്തിന്‍റെ ടിക്കറ്റ് സമ്മാനമായി നൽകുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.